മമതയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ ഇടപെട്ട് ബി.ജെ.പി; മനുഷ്യത്വത്തിന്റെ വിഷയമാണ് അന്വേഷണം വേണമെന്ന് ബി.ജെ.പി എം.പി 
national news
മമതയ്‌ക്കെതിരെ നടന്ന ആക്രമണത്തില്‍ ഇടപെട്ട് ബി.ജെ.പി; മനുഷ്യത്വത്തിന്റെ വിഷയമാണ് അന്വേഷണം വേണമെന്ന് ബി.ജെ.പി എം.പി 
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th March 2021, 5:18 pm

കൊല്‍ക്കത്ത:  പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക്  നേരെ നടന്ന ആക്രമണത്തില്‍ ഇടപെട്ട് ബി.ജെ.പി. സംഭവത്തില്‍ വിശദാമായ അന്വേഷണം നടത്തണമെന്ന് ബി.ജെ.പി എം.പി ലോകേത് ചാറ്റര്‍ജി ആവശ്യപ്പെട്ടു.

മമതയ്ക്ക് നേരെ നടന്ന ആക്രമണത്തിന്റെ അന്വേഷണത്തില്‍ ഒരുതരത്തിലും രാഷ്ട്രീയം കളിക്കില്ലെന്നും ചാറ്റര്‍ജി പറഞ്ഞു.

‘ഇസഡ് + സുരക്ഷയുടെ നിരീക്ഷണത്തിലാണ് സംഭവം നടന്നത്? ഞങ്ങള്‍ ഉന്നതതല അന്വേഷണം അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങള്‍ ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കില്ല; ഇത് മനുഷ്യത്വത്തിന്റെ കാര്യമാണ്,’ ചാറ്റര്‍ജി പറഞ്ഞു.

മാര്‍ച്ച് പത്തിന് നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്. അതേസമയം ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നാല്-അഞ്ചുപേര്‍ തന്നെ കാറിനുള്ളിലേക്ക് തള്ളിയെന്നാണ് മമത മാധ്യമങ്ങളോട് പ്രതികരിച്ചത്.

ബിറൂലിയ ബസാറിലെ നാട്ടുകാരോട് സംസാരിച്ച ശേഷം കാറിലേക്ക് കയറുകയായിരുന്ന തന്നെ കുറച്ച് പേര്‍ വന്ന് തള്ളി. കാറിന്റെ വാതില്‍ കാലിന് വന്നിടിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

മമത ബാനര്‍ജിയുടെ കാലിനേറ്റ പരിക്കുകള്‍ ഗുരുതരമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. കാലിനും തോളെല്ലിനും സാരമായി പരിക്കേറ്റതായി എസ്.എസ്.കെ.എം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

‘ഇടതുകാലിന്റെ കണങ്കാലിനാണ് ഗുരുതര പരിക്ക്. വലതു തോളെല്ലിനും കഴുത്തിലും കൈപ്പത്തിയിലും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് നെഞ്ച് വേദനയുണ്ടായെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടെന്നും മമത പറഞ്ഞിരുന്നു. അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് മന്ത്രിയെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്’, എസ്.എസ്.കെ.എം ആശുപത്രിയിലെ ഡോക്ടര്‍ എം. ബന്ധ്യോപദ്ധ്യായ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: ‘Matter of humanity’: BJP urges probe over ‘attack’ on Mamata Banerjee