കണ്ണൂര്‍: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിയെ അറസ്റ്റ് ചെയ്തു. മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണത്തില്‍ അഴിമതി നടത്തിയെന്ന കേസില്‍ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ് ശേഷമാണ് മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതേ കേസില്‍ മറ്റ് രണ്ടുപേരുടെയും അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ അറസ്റ്റിലായ മൂന്ന് പേരെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്. മട്ടന്നൂര്‍ ടൗണ്‍ ജുമാ മസ്ജിദിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുണ്ടായെന്ന പരാതിയിലാണ് ഇവര്‍ക്കെതിരെ മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്.
മഹല്ല് ജുമാ മസ്ജിദ് നിര്‍മാണത്തിലും ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണത്തിലും ഷോപ്പുകള്‍ വാടകക്ക് നല്‍കുമ്പോള്‍ വാങ്ങിയ ഡെപ്പോസിറ്റിലും അഴിമതി നടത്തിയെന്നാണ് ആരോപണം.
2011 മുതല്‍ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവര്‍ക്ക് എതിരെയാണ് പരാതി. അഴിമതി നടത്താന്‍ വേണ്ടിയാണ് വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നിര്‍മാണം നടത്തിയെന്നും അഞ്ച് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും പരാതിയില്‍ പറയുന്നു. കണക്കില്‍ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതിലും വെട്ടിപ്പ് നടന്നുവെന്ന് ആരോപണമുണ്ട്.