|

അദ്ദേഹം ഒരിക്കലും ഫുട്‌ബോളില്‍ നിന്ന് വിരമിക്കരുത്, അമ്പതിലും കളി തുടരണം; ഇതിഹാസത്തെ അര്‍ജന്റൈന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി 50ാം വയസിലും കളിയില്‍ തുടരണമെന്ന് യുവന്റസിന്റെ അര്‍ജന്റൈന്‍ താരം മത്തിയാസ് സോലെ. മെസി വിരമിക്കുന്നത് കാണാന്‍ തനിക്ക് ആഗ്രഹമില്ലെന്നും പ്രായമായാലും താരം കളി തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് മത്തിയാസ് സോലെ പറഞ്ഞത്. ടി.എന്‍.ടി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സോലെ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘മെസി ഒരിക്കലും വിരമിക്കരുത്. 50 വയസായാലും അദ്ദേഹം കളി തുടരണം. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് മെസി. അദ്ദേഹത്തിന്റെ നേട്ടങ്ങളില്‍ ഒരുപാട് സന്തോഷം തോന്നുന്നു,’ സോലെ പറഞ്ഞു.

ഈ സീസണിന്റെ അവസാനത്തോടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ മെസി അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ഇടവേളയെടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.

1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.

ജൂലൈ 16ന് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ അവതരിപ്പിക്കാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.

Content Highlights: Matia Sole about Lionel Messi