| Wednesday, 30th August 2023, 12:10 pm

'പ്ലാസ്റ്റിക്ക് കൂരയ്ക്ക് കീഴില്‍ ഞങ്ങളുടെ കുട്ടികള്‍ തണുത്തുവിറയ്ക്കുകയാണ്, അള്ളാഹു ഞങ്ങള്‍ക്ക് മരണം തരണേ എന്നാണ് പ്രാര്‍ത്ഥന'

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഥുര: മഥുരയിലെ ശ്രീകൃഷ്ണജന്മഭൂമിക്ക് സമീപമുള്ള മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ നയീ ബസ്തിയിലെ 137 വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. അനധികൃത കുടിയേറ്റമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആഗസ്റ്റ് 9നും 14നുമിടയ്ക്കാണ് 500ഓളം പേരെ ഭവനരഹിതരാക്കിക്കൊണ്ട് റെയില്‍വേ അധികൃതരും പൊലീസും ഭരണകൂടവും ചേര്‍ന്ന് വീടുകള്‍ തകര്‍ത്തത്.

ആഗസ്റ്റ് 16ന് ഇടിച്ചുനിരത്തല്‍ നടപടി മരവിപ്പിച്ച സുപ്രീംകോടതി 10 ദിവസത്തേക്ക് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ആഗസ്റ്റ് 28ന് ഇടിച്ചുനിരത്തലിനെതിരെയുള്ള ഹരജി തള്ളിയ സുപ്രീംകോടതി, ഹരജിക്കാരോട് സിവില്‍ കോടതിയെ സമീപിക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇനി 70-80 വീടുകള്‍ മാത്രമാണ് നയീ ബസ്തിയില്‍ ശേഷിക്കുന്നതെന്ന് ഹരജിക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

രാമജന്മഭൂമിക്ക് സമീപമുള്ള പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റങ്ങള്‍ ഒഴിപ്പിക്കുവാനും മഥുരയ്ക്കും വൃന്ദാവനുമിടയിലുള്ള 12 കി.മി റെയില്‍വേ പാത വികസിപ്പിക്കാനുമാണ് നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്.

എന്നാല്‍ കൃഷ്ണജന്മഭൂമിയില്‍ താമസിക്കുന്നത് മുസ്‌ലിങ്ങള്‍ ആയതുകൊണ്ട് തങ്ങളെ മനപ്പൂര്‍വം ദ്രോഹിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ മാത്രമാണ് ബുള്‍ഡോസര്‍ നടപടിയെന്നാണ് പരാതിക്കാരനായ യാക്കൂബ് ഷാ നല്‍കിയ ഹരജിയില്‍ വ്യക്തമാകുന്നത്.

സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇടിച്ചുനിരത്തുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് അറിവുകളൊന്നുമില്ലായിരുന്നുവെന്ന് 55കാരിയായ നാഗിന ‘ദി വയറി’നോട് പറഞ്ഞു.

‘വൃന്ദാവനിലേക്കുള്ള റെയില്‍വേ പാതയ്ക്ക് 30 അടിയോളം ഭൂമി വിട്ടുകൊടുക്കണമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ അവര്‍ പെട്ടെന്ന് വന്ന് ഞങ്ങളോട് പറഞ്ഞതില്‍ കൂടുതല്‍ സ്ഥലം പൊളിച്ചുമാറ്റി. എന്റെ മകളുടെ വിവാഹത്തിനായി കരുതിവെച്ചതെല്ലാം 40 വര്‍ഷം പഴക്കമുള്ള എന്റെ വീടിനടിയിലായിപ്പോയി,’ നാഗിന കണ്ണീരോടെ പറയുന്നു.

താത്കാലികമായി പണിത തന്റെ വീട് തകര്‍ത്തതില്‍ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടുമുള്ള എതിര്‍പ്പ് അറിയിക്കുകയാണ് ട്രാന്‍ജന്‍ഡര്‍ വ്യക്തിയായ സീമ. ‘ഞാന്‍ ഭിക്ഷ യാചിച്ചാണ് ജീവിക്കുന്നത്. മറ്റുള്ളവര്‍ക്ക് നല്ലത് വരാന്‍ ആശീര്‍വദിക്കുന്നതിലൂടെയാണ് ഞാന്‍ അന്നം കഴിക്കുന്നത്. എന്നാല്‍ ഇന്ന് ഞാന്‍ മോദിയെ ശപിക്കുകയാണ്. പക്ഷികള്‍ക്ക് പോലും അവയുടെ കൂട് തകര്‍ന്നാല്‍ വിഷമം തോന്നും. ഞങ്ങള്‍ മനുഷ്യരല്ലേ, ഞങ്ങളിത് എങ്ങനെ സഹിക്കും?’ സീമ ചോദിക്കുന്നു.

‘മോദിയും യോഗിയും ഹേമമാലിനിയുമാണ് മുസ്‌ലിങ്ങളെ വീടില്ലാത്തവരാക്കിയത്. കഴിഞ്ഞ ആഴ്ച മഴ പെയ്തു, ഇപ്പോള്‍ താമസിക്കുന്ന പ്ലാസ്റ്റിക്ക് കൂരയ്ക്ക് കീഴില്‍ ഞങ്ങളുടെ കുട്ടികള്‍ തണുത്തുവിറയ്ക്കുകയാണ്. അള്ളാഹു ഞങ്ങള്‍ക്ക് മരണം തരണേ എന്നാണ് ആഗ്രഹം. എനിക്ക് പോകാന്‍ ഒരു ഇടമില്ല.’

‘സര്‍ക്കാരുകള്‍ വരികയും പോവുകയും ചെയ്തു. മായാവതി പോലും വന്നിരുന്നു. അവര്‍ പോലും ആരെയും പ്രത്യേക ലക്ഷ്യമിട്ട് ഉപദ്രവിച്ചിരുന്നില്ല. ഇവിടെ ഹിന്ദു-മുസ്‌ലിം പ്രശ്‌നങ്ങളൊന്നുമില്ല. എന്നിട്ടും പരിഭ്രാന്തി സൃഷ്ടിക്കാന്‍ ബി.ജെ.പി ഇങ്ങനെയുള്ള വിഷയങ്ങള്‍ ഉണ്ടാക്കുന്നു.’ സീമ പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തിന്റെ തലേദിവസം തങ്ങളുടെ വീടുകള്‍ ഇടിച്ചുനിരത്തുകയായിരുന്നു എന്ന് പറയുകയാണ് രണ്ട് കുട്ടികളുടെ അച്ഛനായ സാബിര്‍. ‘നിങ്ങള്‍ വിഡിയോയില്‍ കണ്ടിട്ടുണ്ടാകും, ജെ.സി.ബികള്‍ ഉപയോഗിച്ച് ഞങ്ങളുടെ വീടുകള്‍ എങ്ങനെയാണ് തകര്‍ത്തതെന്ന്. ആഗസ്റ്റ് 14ന് ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍, ഞങ്ങളുടെ ബാക്കി വരുന്ന വീടുകളും തകര്‍ക്കുകയായിരുന്നു,’ സാബിര്‍ പറയുന്നു.

സഹവര്‍ത്തിത്തത്തോടെ സമാധാനപരമായി നിലനില്‍ക്കുന്ന ശ്രീകൃഷ്ണജന്മഭൂമിയും ഷാഹി ഈദ് ഗാഹ് മസ്ജിദും ബാബരി മസ്ജിദിന് സമാനമാക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.

മുമ്പ് മാംസ വില്‍പ്പന പോലുള്ള മുസ്‌ലിങ്ങളുടെ പരമ്പരാഗത തൊഴിലുകളെയാണ് ലക്ഷ്യമിട്ടിരുന്നതെങ്കില്‍ ഇന്ന് അവരുടെ ആരാധനാ കേന്ദ്രമായ ഈദ് ഗാഹ് മസ്ജിദിനും വീടുകള്‍ക്കുമെതിരെയാണ് ആക്രമണം നടക്കുന്നത്. മഥുരയില്‍ മുസ്‌ലിം സമുദായമായി ജീവിക്കാന്‍ പ്രയാസപ്പെടുകയാണെന്ന് പറയുകയാണ് നയീ ബസ്തിയിലെ നിവാസികള്‍.

ഫോട്ടോ ക്രഡിറ്റ്: ദി വയര്‍

Content Highlight: Mathura’s Muslims Struggle as the State Crushes Their Homes

We use cookies to give you the best possible experience. Learn more