മാത്തൂര്‍ പഞ്ചായത്ത് മാതൃക; കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ സാര്‍, മാഡം വിളി ഒഴിവാക്കണമെന്ന് കെ. സുധാകരന്‍
Kerala News
മാത്തൂര്‍ പഞ്ചായത്ത് മാതൃക; കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ സാര്‍, മാഡം വിളി ഒഴിവാക്കണമെന്ന് കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th September 2021, 3:09 pm

തിരുവനന്തപുരം: ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സാര്‍, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിയ മാത്തൂര്‍ ഗ്രാമപഞ്ചായത്തിനെ മാതൃകയാക്കി കോണ്‍ഗ്രസ്. യു.ഡി.എഫ് ഭരിക്കുന്ന മുഴുവന്‍ പഞ്ചായത്തുകളിലും സാര്‍, മാഡം വിളി ഒഴിവാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞു.

സംസ്ഥാനത്ത് മുഴുവനായി ഈ മാറ്റം വരുത്തണമെന്നും ഇതിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലകളിലെ ഡി.സി.സി പ്രസിഡന്റുമാര്‍ക്ക് ഇതിന് നേതൃത്വം നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പൂര്‍ണ്ണ അര്‍ത്ഥത്തില്‍ അധികാര വികേന്ദ്രീകരണം സാധ്യമാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും സുധാകരന്‍ പറഞ്ഞു. കാലോചിതമായ ഇടപെടലുകളിലൂടെ ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള കെ.പി.സി.സിയുടെ ശ്രമങ്ങള്‍ക്ക് മാത്തൂര്‍ പഞ്ചായത്ത് ഒരു തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യവും പൗരാവകാശവും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പാടെ വിസ്മരിക്കുകയും പൊലീസ് അനുദിനം സാധാരണ പൗരന്റെ അന്തസിനെ ചോദ്യം ചെയ്യുകയും ചെയ്യുന്ന ഇക്കാലത്ത് രാജ്യത്തിനാകെ മാതൃകയാണ് മാത്തൂര്‍ പഞ്ചായത്തിന്റെ പുതിയ ചുവടുവെയ്പ്പെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊലീസിലും സര്‍,മാഡം വിളി ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഏകാധിപത്യസ്വഭാവമുള്ള സര്‍ക്കാരുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ്, 73-ാം ഭരണഘടനാ ഭേദഗതിയിലൂടെ കൊണ്ടുവന്നത് കോണ്‍ഗ്രസ്സാണ്. ആധുനിക ജനാധിപത്യ സങ്കല്‍്പങ്ങള്‍ക്കനുസരിച്ച് ഗ്രാമസ്വരാജിനെ വീണ്ടും പുനര്‍വിഭാവനം ചെയ്യാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണ്. അതിനായി നിയമനിര്‍മ്മാണം അടക്കമുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും ജനാധിപത്യത്തെ വീണ്ടെടുക്കുവാനും സംരക്ഷിക്കുവാനുമുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ മുന്നില്‍ തന്നെ കോണ്‍ഗ്രസുണ്ടാവുമെന്നും സുധാകരന്‍ പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ജനപ്രതിനിധികളും ജനസേവകരാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ശേഷിപ്പുകളായ സര്‍, മാഡം അഭിസംബോധന ജനാധിപത്യ വിരുദ്ധമാണ്. അതിനാലാണ് യു.ഡി.എഫ് ഭരിക്കുന്ന മാത്തൂര്‍ ഗ്രാമപഞ്ചായത്ത് വിപ്ലവകരമായ ഈ തിരുമാനം നടപ്പിലാക്കിയത്.

ഇതിന് നേതൃത്വം കൊടുത്ത പഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരന്‍, വൈസ് പ്രസിഡന്റ് പി.ആര്‍. പ്രസാദ്, ഭരണസമിതി അംഗങ്ങള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവരെയും ഇതിനായി നിരന്തരം ക്യാമ്പയിന്‍ നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്തയേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും കെ. സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരേയും ഭരണസമിതി അംഗങ്ങളെയും സര്‍, മാഡം എന്ന് വിളിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ഭരണസമിതി ഉത്തരവിറക്കിയത്.

ഗ്രാമ പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്കുള്ള കത്തിടപാടുകളില്‍ സര്‍, മാഡം എന്നീ അഭിസംബോധനകളും അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു എന്നീ പദങ്ങള്‍ ഒഴിവാക്കുന്നതിനും തീരുമാനിച്ചതായി മാത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രവിത മുരളീധരന്‍ അറിയിച്ചിരുന്നു.

പഞ്ചായത്ത് ഭരണസമിതി ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിക്കിയത്. ഇത്തരം അഭ്യര്‍ത്ഥനകള്‍ വിലക്കി ബോര്‍ഡ് പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ശേഷിപ്പുകളാണ് ഇത്തരം വാക്കുകള്‍ എന്നതിനാലാണ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

വൈസ് പ്രസിഡന്റ് പി.ആര്‍. പ്രസാദ് മുന്നോട്ടു വെച്ച ആശയം പ്രമേയമാക്കാമെന്ന് തീരുമാനിച്ചത് പ്രസിഡന്റ് പ്രവിത മുരളീധരനാണ്. 8 കോണ്‍ഗ്രസ് അംഗങ്ങളും 7 സി.പി.ഐ.എം അംഗങ്ങളും ഒരു ബി.ജെ.പി അംഗവും ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Mathur panchayat model; Congress-ruled panchayat, sir madom salutatuion will avoid says
K Sudhakaran