| Tuesday, 4th January 2022, 12:22 am

കുഞ്ഞെല്‍ദോയുടെ സ്‌ക്രിപ്രറ്റ് കൊടുത്തിട്ട് രണ്ട് വര്‍ഷം വിനീതേട്ടന്‍ വായിക്കാതിരുന്നു: മാത്തുക്കുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുഞ്ഞെല്‍ദോയുടെ സ്‌ക്രിപ്റ്റ് രണ്ട് വര്‍ഷം വിനീത് ശ്രീനിവാസന്‍ വായിക്കാതെ വെച്ചുവെന്ന് സംവിധായകന്‍ മാത്തുക്കുട്ടി. കുഞ്ഞിരാമായണം സെറ്റില്‍ വെച്ചാണ് കുഞ്ഞെല്‍ദോയുടെ സ്‌ക്രിപ്റ്റ് വിനീതേട്ടന് കൊടുത്തത്. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ കണ്ടപ്പോഴും ആ സ്‌ക്രിപ്റ്റ് വായിച്ചിരുന്നില്ലെന്നും മാത്തുക്കുട്ടി പറഞ്ഞു.

ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മാത്തുക്കുട്ടി വിനീത് ശ്രീനിവാസനില്‍ നിന്നുണ്ടായ അനുഭവം പറഞ്ഞത്.

‘കുഞ്ഞിരാമായണത്തിന്റെ സെറ്റില്‍ ചെന്നാണ് ഞാന്‍ കുഞ്ഞെല്‍ദോയുടെ സ്‌ക്രിപ്റ്റ് വിനീതേട്ടന് കൊടുക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം പിന്നെ ആനന്ദം സിനിമ ഇറങ്ങിയപ്പോള്‍ ഞാന്‍ ആ ടീമിന്റെ ഇന്റര്‍വ്യൂ എടുക്കാന്‍ ചെന്നു. അപ്പോള്‍ വിനീതേട്ടന്‍ നേരെ എന്റയടുത്തേക്കാണ് നടന്നുവന്നത്. രണ്ടു വര്‍ഷമായി പുള്ളി എന്റെ സ്‌ക്രിപ്റ്റ് വായിച്ചിട്ടില്ല.

ഞാന്‍ പുള്ളിയെ നോക്കിച്ചിരിച്ചു. കുഞ്ഞെല്‍ദോയുടെ സ്‌ക്രിപ്റ്റ് കൊടുത്തതൊക്കെ എന്റെ മനസിലുണ്ട്. പക്ഷേ ഞാനെഴുതിയത് ശരിയാണോയെന്ന് അറിയില്ലായിരുന്നു,’ മാത്തുക്കുട്ടി പറഞ്ഞു.

‘നിനക്കെന്നെ നോക്കി എങ്ങനെ ചിരിക്കാന്‍ കഴിയുന്നുവെന്നാണ് വിനീതേട്ടന്‍ ചോദിച്ചത്. വേറെയാര്‍ക്കെങ്കിലും സ്‌ക്രിപ്റ്റ് കൊടുക്കാന്‍ പ്രൊഡ്യൂസേഴ്‌സ് പറഞ്ഞിരുന്നു. പക്ഷേ വിനീതേട്ടന്‍ പറഞ്ഞിട്ടാണ് ഇത് എഴുതിയത്. അപ്പോള്‍ പുള്ളി എന്താണോ പറയുന്നത് അത് കേട്ടിട്ട് മുന്നോട്ട് പോകാമെന്നാണ് വിചാരിച്ചത്.

നിനക്ക് പ്രാന്താണോ മാത്തുക്കുട്ടി ഒരു സിനിമക്ക് വേണ്ടി ഒരാളെ രണ്ട് വര്‍ഷം കാത്തിരിക്കാനെന്നാണ് വിനീതേട്ടന്റെ ഭാര്യ ദിവ്യ ചേച്ചി ഇതറിഞ്ഞിട്ട് എന്നോട് ചോദിച്ചത്,’ മാത്തുക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ 24നാണ് കുഞ്ഞെല്‍ദോ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഗോപികാ ഉദയനാണ് ചിത്രത്തിലെ നായിക. സിദ്ദീഖ്, രൂപേഷ് പീതാംബരന്‍, രേഖ, അര്‍ജുന്‍ ഗോപാല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. സുവിന്‍. കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് കുഞ്ഞെല്‍ദോ നിര്‍മിച്ചിരിക്കുന്നത്. ക്യാമറ സ്വരൂപ് ഫിലിപ്പ്, എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: mathukutty says that vineeth sreenivasan didn’t read the script of kunjeldo

We use cookies to give you the best possible experience. Learn more