ദൈവം ചെയ്ത ഗൂഢാലോചനയുടെ ഭാഗമായാണ് കല്ലുവിനെ എനിക്ക് കിട്ടിയത്: മാത്തു
Entertainment news
ദൈവം ചെയ്ത ഗൂഢാലോചനയുടെ ഭാഗമായാണ് കല്ലുവിനെ എനിക്ക് കിട്ടിയത്: മാത്തു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th December 2021, 4:38 pm

മലയാളികള്‍ക്ക് പ്രിയപ്പെട്ട കോമ്പോയാണ് കല്ലുവും മാത്തുവും എന്നറിയപ്പെടുന്ന രാജ് കലേഷും ആര്‍.ജെ. മാത്തുക്കുട്ടിയും. മഴവില്‍ മനോരമയിലെ ഉടന്‍ പണം എന്ന പരിപാടിയിലൂടെ ഒന്നിച്ച ഇരുവരും ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷക മനസില്‍ ഇടംപിടിച്ചത്. കുഞ്ഞെല്‍ദോ എന്ന സിനിമയിലൂടെ മാത്തുക്കുട്ടി ഇപ്പോള്‍ സംവിധായകനുമായിരിക്കുകയാണ്.

പലരും കല്ലുവുമായി പണ്ടു മുതല്‍ പരിചയമുണ്ടോയെന്ന് ചോദിക്കാറുണ്ടെന്നും എന്നാല്‍ തങ്ങള്‍ കൂട്ടുകാരായിട്ട് അഞ്ച് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ എന്നും പറയുകയാണ് മാത്തുക്കുട്ടി. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മാത്തുക്കുട്ടി കല്ലുവുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞത്.

‘എന്നോട് കുറേപേര്‍ ചോദിക്കാറുണ്ട് ഞാനും കല്ലുവും പണ്ടു മുതല്‍ക്കേ പരിചയമുണ്ടോ ഏട്ടനും അനിയനുമാണോ എന്നൊക്കെ. സത്യത്തില്‍ ഉടന്‍ പണത്തിന്റെ മേക്കപ്പ് റൂമിലിരുന്ന് കൈകൊടുത്ത് പരിചയപ്പെട്ട ആള്‍ക്കാരാണ് ഞങ്ങള്‍. അഞ്ച് വര്‍ഷം ആകുന്നെയുളളു ഞങ്ങള്‍ തമ്മില്‍ കൂട്ടുകാരായിട്ട്. പക്ഷെ കണ്ടുമുട്ടി അഞ്ചു ദിവസത്തിനുള്ളില്‍ പരസ്പരം ചോദിച്ചിട്ടുണ്ട് നിങ്ങളെവിടെയായിരുന്നു ഇത്രയും കാലമെന്ന്,’ മാത്തുക്കുട്ടി പറഞ്ഞു.

‘കലേഷേട്ടന്‍ ഒരു വണ്ടര്‍ഫുള്‍ ഹ്യൂമന്‍ ബീയിങ് ആണ്. പുള്ളീടെ കൂടെ നില്‍ക്കുന്നത് കൊണ്ട് കുറേ കാര്യങ്ങള്‍ വളരെ ഈസി ആണ്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ആ സ്‌പേസ് അങ്ങോട്ടമിങ്ങോട്ടും നന്നായി കിട്ടി. ഞാന്‍ പറയുന്നതൊന്നും പുള്ളിയെ ഹനിക്കുന്നതാവാറില്ല. തിരിച്ചും അങ്ങിനെ തന്നെയാണ്.

ദൈവം ചെയ്ത ഗൂഢാലോചനയുടെ ഭാഗമായാണ് കല്ലുവിനെ എനിക്ക് കിട്ടിയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എനിക്ക് യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമായിരുന്നു, പുള്ളിയെ കണ്ടുമുട്ടിയതിനു ശേഷമാണു ഞാന്‍ പതിനാറ് രാജ്യങ്ങള്‍ കാണുന്നത്,’ മാത്തു കൂട്ടിച്ചേര്‍ത്തു.

ആസിഫ് അലി നായകാനായെത്തുന്ന കുഞ്ഞെല്‍ദോ എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനാണ് ക്രിയേറ്റീവ് ഡയറക്ടര്‍. പഠിക്കുന്ന കാലം മുതല്‍ മെച്ച്വര്‍ഡ് ആയ സ്റ്റേജ് വരെ നീളുന്ന നായകനെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. മാത്തുക്കുട്ടി തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചത്.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം. സംവിധായകന്റെ സുഹൃത്തിന്റെ ജീവിതത്തില്‍ നടന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: mathukutty about kallu