മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. താരപുത്രന്മാര്‍ സിനിമ രംഗം കൈയ്യടിക്കവെച്ചിരിക്കുന്നതിനിടയ്ക്ക് യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ വന്ന് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്.
സിനിമയിലഭിനയിക്കുന്നതിന് മുമ്പേ ടൊവിനോയ്‌ക്കൊപ്പം ഒരേ റൂമില്‍ താമസിച്ച സുഹൃത്തായിരുന്നു സംവിധായകനും അവതാരകനുമായ മാത്തുകുട്ടി.
തങ്ങളുടെ കൂട്ടത്തില്‍ സിനിമ സ്റ്റാറാകും എന്ന ഉറപ്പുണ്ടായിരുന്ന ഒരു വ്യക്തി ടൊവിനോ ആയിരുന്നു എന്നും അത്രക്കും ആഗ്രഹവും അതിനുള്ള അധ്വാനവും ടൊവിനോ ചെയ്തിട്ടുണ്ടെന്നും പറയുകയാണ് മാത്തുക്കുട്ടി. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോയ്ക്ക് ഒപ്പമുള്ള പഴയ കാല ഓര്‍മകള്‍ മാത്തുക്കുട്ടി പങ്കുവെച്ചത്.
‘ടൊവിനോയും ഞാനും ഒരു മുറിയില്‍ ഒന്നിച്ച് താമസിച്ചിരുന്നവരാണ്. ആഗ്രഹത്തിന്റെ സന്തതി ആയിരുന്നു അവന്‍. ഞങ്ങളുടെ കൂട്ടത്തില്‍ സിനിമയില്‍ സ്റ്ററാവും എന്ന് ഉറപ്പുണ്ടായിരുന്ന ഒരാള്‍ അവനായിരുന്നു. അതുപോലെ അതിനു വേണ്ടി ആഗ്രഹിക്കുകയും അതിനു വേണ്ടി വര്‍ക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്,’ മാത്തുക്കുട്ടി പറഞ്ഞു.
‘അന്ന് ടൊവിനോയ്ക്ക് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. അവന് എവിടെയെങ്കിലും പോവണമെങ്കില്‍ രാവിലെ ഞാനും ഞങ്ങളുടെ ഒരു സുഹൃത്ത് ലാലുവും കൂടി ആ ബുള്ളറ്റ് തള്ളണമായിരുന്നു. ആ വണ്ടിക്ക് ബാറ്ററി ഇല്ലായിരുന്നു. കാശ് വേണമെങ്കില്‍ ചേട്ടനോട് ചോദിക്കണം. അതുകൊണ്ട് അവന്‍ ആ വണ്ടി ബാറ്ററിയില്ലാതെ കുറെ നാള്‍ ഓടിച്ചിട്ടുണ്ട്.
അന്ന് ആ കൂട്ടത്തില്‍ എനിക്ക് മാത്രമാണ് ജോലിയുള്ളത്. എന്റെ ബുള്ളറ്റിന് ഞാന്‍ മിലിട്ടറി ഗ്രീന്‍ പെയിന്റടിച്ചു. അത് കണ്ടിട്ട് അവനും സ്വന്തം വണ്ടിക്ക് ആ പെയിന്റ് അടിക്കണമെന്ന് തോന്നി.
എന്നോട് അന്വേഷിച്ചപ്പോള്‍ 5000 രൂപ ഉണ്ടെങ്കില്‍ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. ‘5000 വലിയ തുകയാണ് മാത്തു’ എന്ന് പറഞ്ഞ് അവന്‍ അത് വേണ്ടെന്ന് വെച്ചു. ഇന്നവന് എത്ര വണ്ടിയുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. പക്ഷേ ആ ബുള്ളറ്റ് പുത്തന്‍ ബാറ്ററി വെച്ച് ഇപ്പോഴും അവന്‍ ഓടിക്കുന്നുണ്ട്,’ മാത്തുക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ടൊവിനോയുടേതായി അവസാനം പുറത്തിറങ്ങിയ മിന്നല്‍ മുരളി വമ്പന്‍ വിജയമാണ് നേടിയത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ടൊവിനോയുടെ ചിത്രം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: mathukkutty about his memorries with tovino thomas