| Thursday, 3rd October 2019, 8:08 am

'ഗാന്ധിജിയെ സ്വന്തമാക്കാനുള്ള ശ്രമമാണ് ഇതെന്ന് ഒരുവിഭാഗം ആരോപിക്കുന്നു'; ആര്‍.എസ്.എസ് തലവന്റെ ഗാന്ധി അനുസ്മരണത്തില്‍ 'വിശദീകരണ'വുമായി മാതൃഭൂമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ ലേഖനം പ്രസിദ്ധീകരിച്ചതില്‍ മാതൃഭൂമിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതില്‍ എവിടെയും തൊടാതെയുള്ള ‘വിശദീകരണ’വുമായാണു മാതൃഭൂമി പത്രം ഇന്നു പുറത്തിറങ്ങിയത്. ഗാന്ധിവധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ പ്രതികരണങ്ങളും പത്രം ഇന്നു നല്‍കിയിട്ടുണ്ട്.

ഒന്നാംപേജില്‍ ഗാന്ധിയുടെ കാരിക്കേച്ചറിനൊപ്പം നല്‍കിയ കുറിപ്പിന്റെ തലക്കെട്ട് ‘ഗാന്ധിജിയും ആര്‍.എസ്.എസും’ എന്നാണ്. ഉള്ളടക്കം ഇങ്ങനെ-

‘മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എഴുതിയ ലേഖനം തിരികൊളുത്തിയത് വന്‍വിവാദത്തിന്. ഗാന്ധിജിയെ സ്വന്തമാക്കാനുള്ള ശ്രമമാണ് ഇതെന്ന് ഒരുവിഭാഗം ആരോപിക്കുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയെ അനുകൂലിക്കുന്നവര്‍ ഗാന്ധിജിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണമെന്നു പറയുന്നതു വൈരുധ്യമാണെന്നും അവര്‍ പറയുന്നു.’

ഇതില്‍ എവിടെയും തങ്ങള്‍ ആ ലേഖനം കൊടുക്കാനുണ്ടായ സാഹചര്യമോ അതില്‍ സ്വീകരിച്ചിരിക്കുന്ന നിലപാടോ വ്യക്തമാക്കാന്‍ മാതൃഭൂമി തയ്യാറായിട്ടില്ല.

എഡിറ്റോറിയല്‍ പേജിലാകട്ടെ, മുഖ്യമന്ത്രിയെക്കൂടാതെ, സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ ലേഖനങ്ങളും അവര്‍ നല്‍കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എഡിറ്റോറിയല്‍ പേജില്‍ ആദ്യ പേജിന്റെ തുടര്‍ച്ചയായി രണ്ടുവരി നല്‍കിയിട്ടുണ്ട്. ‘മഹാത്മാഗാന്ധിയുടെ ജീവിതവീക്ഷണം സ്വായത്തമാക്കണം’ എന്ന തലക്കെട്ടില്‍ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എഴുതിയ ലേഖനം ഭിന്നാഭിപ്രായങ്ങള്‍ക്കു വഴിതുറക്കുകയാണ്.

രാഷ്ട്രപിതാവിനെ സ്വന്തമാക്കാനുള്ള സംഘപരിവാറിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ഈ എഴുത്തെന്നു വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.’- എന്നായിരുന്നു അത്.

We use cookies to give you the best possible experience. Learn more