കമല്‍റാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ചുമതലയില്‍ നിന്ന് നീക്കി
keralanews
കമല്‍റാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ചുമതലയില്‍ നിന്ന് നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 25th October 2018, 1:06 pm

കോഴിക്കോട്: കമല്‍റാം സജീവിനെ മാതൃഭൂമി ആഴ്ചപ്പതിപ്പ് ചുമതലയില്‍ നിന്ന് നീക്കി. സുഭാഷ് ചന്ദ്രനാണ് പുതിയ ചുമതല. എസ് ഹരീഷിന്റെ മീശ നോവലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന് പിന്നാലെയാണ് കമല്‍ റാം സജീവിനെ ആഴ്ചപ്പതിപ്പിന്റെ ചുമതലയില്‍ നിന്നു നീക്കിയത്.

സംഘപരിവാര്‍ ശക്തികളുടേയും എന്‍.എസ്.എസിന്റെയും സമ്മര്‍ദ്ദമാണ് നടപടിക്ക് പിന്നില്‍. ശബരിമല വിഷയത്തില്‍ ആഴ്ചപ്പതിപ്പ് സംഘപരിവാര്‍ വിരുദ്ധ കാമ്പയിന്‍ നടത്തും എന്ന ഭയവും ഇത്തരമൊരു നീക്കത്തിന് പിന്നിലുണ്ടെന്നാണ് അറിയുന്നത്.

മാതൃഭൂമിയുടെ എഡിറ്റോറിയല്‍ സമീപനത്തില്‍ നിന്ന് വ്യത്യസ്തമായി സംഘപരിവാര്‍ രാഷ്ട്രീയത്തിന് എതിരെ നിലപാട് എടുത്തതിന്റെ പേരില്‍ ഏറെ ശ്രദ്ധേയനായിരുന്ന പത്രാധിപരായിരുന്നു കമല്‍റാം സജീവ്.

മീശ വിവാദത്തില്‍ നോവലിസ്റ്റ് എസ്. ഹരീഷിനെ പിന്തുണച്ചും മീശയെ ന്യായീകരിച്ചും കമല്‍റാം സജീവ് രംഗതെത്തിയിരുന്നു. സാഹിത്യം ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായിരിക്കുന്നെന്നും കേരളത്തിന്റെ സാംസ്‌ക്കാരിക ചരിത്രത്തിലെ ഇരുണ്ട ദിനം എന്നായിരുന്നു മീശ പിന്‍വലിച്ച ദിവസം കമല്‍റാം സജീവ് ട്വിറ്ററില്‍ കുറിച്ചത്.

കഴിഞ്ഞ 15 വര്‍ഷമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനെ നയിക്കുന്നത് കമല്‍റാം സജീവാണ്. ന്യൂസ് ഡസ്‌ക്കിലെ കാവി രാഷ്ട്രീയത്തെ കുറിച്ചുള്ള കമല്‍ റാം സജീവിന്റെ പുസ്തകം വലിയ ചര്‍ച്ചയായിരുന്നു.

സംഘപരിവാറിനെതിരായ കമല്‍റാം സജീവിന്റെ നിലപാടുകള്‍ തന്നെയാണ് അദ്ദേഹത്തിന്റെ പുറത്താക്കലിലേക്ക് നയിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. സംഘപരിവാര്‍ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മാതൃഭൂമി മാനെജ്മെന്റിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാതൃഭൂമി ആഴ്ചപതിപ്പിനെ കെട്ടിലും മട്ടിലും മാറ്റിയത് കമല്‍റാമിന്റെ നേതൃത്വത്തിലുള്ള പത്രാധിപ സമിതിയാണ്. മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച മീശ എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ എഴുത്തുകാരന്‍ എസ് ഹരീഷിനെതിരെ രംഗത്ത് വന്നത്.

കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.

മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവലാണ് സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിക്കുന്നതെന്നും അഞ്ച് വര്‍ഷത്തെ പരിശ്രമമാണ് നോവലെന്നും രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്തില്ലെന്നും എസ്. ഹരീഷ് പ്രതികരിച്ചിരുന്നു.