| Monday, 8th April 2019, 10:49 pm

യു.ഡി.എഫ് 14 സീറ്റ് നേടുമെന്ന് മാതൃഭൂമി-ന്യൂസ് നീല്‍സണ്‍ സര്‍വേ; തിരുവനന്തപുരത്ത് കുമ്മനം ജയിക്കുമെന്നും പ്രവചനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് 14 സീറ്റ് നേടുമെന്നും എല്‍.ഡി.എഫ് അഞ്ച് സീറ്റുകള്‍ മാത്രമാണു നേടുകയെന്നും മാതൃഭൂമി-നീല്‍സണ്‍ സര്‍വേ. തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്റെ വിജയവും സര്‍വേ പ്രവചിക്കുന്നു.

40 ശതമാനം വോട്ട് നേടി വ്യക്തമായ ഭൂരിപക്ഷത്തിലാണു കുമ്മനത്തിന്റെ വിജയമെന്ന് സര്‍വേ പറയുന്നു. തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ 33 ശതമാനം വോട്ട് നേടുമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകരന്‍ 23 ശതമാനം വോട്ട് നേടുമെന്നും സര്‍വേ പറയുന്നു.

പത്തനംതിട്ടയിലും പാലക്കാടും എന്‍.ഡി.എ രണ്ടാംസ്ഥാനത്തെത്തുമെന്നും സര്‍വേ പറയുന്നു. കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ യു.ഡി.എഫ് അട്ടിമറിജയം നേടുമെന്നു പറയുന്ന സര്‍വേയില്‍ കേരളത്തില്‍ യു.ഡി.എഫ് 14 സീറ്റുകള്‍ നേടുമെന്നു പ്രവചിക്കുന്നു. അഞ്ച് സീറ്റുകള്‍ എല്‍.ഡി.എഫും എന്‍.ഡി.എ ഒരു സീറ്റും നേടുമെന്ന് സര്‍വേ കണ്ടെത്തി.

അതേസമയം പത്തനംതിട്ടയില്‍ ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നും ഒരു ശതമാനം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി ജയിക്കുമെന്നും എന്‍.ഡി.എ സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍ രണ്ടാംസ്ഥാനത്തെത്തുമെന്നും സര്‍വേയില്‍ കണ്ടെത്തി. ആന്റോ ആന്റണി 32 ശതമാനവും സുരേന്ദ്രന്‍ 31 ശതമാനവും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് 29 ശതമാനവും വോട്ട് നേടുമെന്നും സര്‍വേയില്‍ പറയുന്നു.

വടകരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍ ജയിക്കുമെന്നു പറയുന്ന സര്‍വേയില്‍, കോഴിക്കോട് യു.ഡി.എഫിനു നഷ്ടപ്പെടുമെന്നാണു പ്രവചിക്കുന്നത്. കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളിക്യാമറാ വിവാദം വരുന്നതിനു മുമ്പു നടത്തിയ സര്‍വേയാണിതെന്നു മാതൃഭൂമി ന്യൂസ് പറയുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായെത്തുന്നതിനു മുമ്പു നടത്തിയ സര്‍വേയില്‍ 42 ശതമാനം വോട്ടുനേടി യു.ഡി.എഫ് തന്നെ വിജയിക്കുമെന്നാണു പറയുന്നത്. എല്‍.ഡി.എഫ് 34 ശതമാനം വോട്ടാണ് ഇവിടെ നേടുകയെന്ന് സര്‍വേ അവകാശപ്പെടുന്നു.

പാലക്കാട്, ആറ്റിങ്ങല്‍, ആലത്തൂര്‍ മണ്ഡലങ്ങള്‍ എല്‍.ഡി.എഫ് നിലനിര്‍ത്തുമെന്നാണ് സര്‍വേ പറയുന്നത്. എന്നാല്‍ ഇടുക്കിയും ചാലക്കുടിയും തൃശ്ശൂരും എല്‍.ഡി.എഫിനു നഷ്ടപ്പെടുമെന്നും പറയുന്നു. ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് ജയിക്കുമെന്നു പ്രവചിക്കുമ്പോള്‍ ചാലക്കുടിയില്‍ സിറ്റിങ് എം.പി ഇന്നസെന്റ് പരാജയപ്പെടുകയും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ വിജയിക്കുമെന്നും പറയുന്നു. തൃശ്ശൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന്‍ വിജയിക്കുമെന്ന് സര്‍വേ പറയുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി നടന്‍ സുരേഷ് ഗോപി വരുന്നതിനു മുമ്പു നടന്ന സര്‍വേയാണിത്. എന്‍.ഡി.എയ്ക്കു മണ്ഡലത്തില്‍ 15 ശതമാനം വോട്ടാണു പ്രവചിക്കുന്നത്.

കോട്ടയം, കൊല്ലം, മാവേലിക്കര, എറണാകുളം, ആലപ്പുഴ, മലപ്പുറം, പൊന്നാനി മണ്ഡലങ്ങള്‍ യു.ഡി.എഫ് നിലനിര്‍ത്തുമെന്നാണ് സര്‍വേ പറയുന്നത്.

പ്രവചനം ഇങ്ങനെ (ഒറ്റനോട്ടത്തില്‍)

ആകെ സീറ്റുനില

യു.ഡി.എഫ്- 14
എല്‍.ഡി.എഫ്- 5
എന്‍.ഡി.എ- 1

എല്‍.ഡി.എഫ് ജയിക്കുന്നത്

കൊല്ലം- എന്‍.കെ പ്രേമചന്ദ്രന്‍
മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്
ആലപ്പുഴ- ഷാനിമോള്‍ ഉസ്മാന്‍
പത്തനംതിട്ട- ആന്റോ ആന്റണി
കോട്ടയം- തോമസ് ചാഴിക്കാടന്‍
ഇടുക്കി- ഡീന്‍ കുര്യാക്കോസ്
എറണാകുളം- ഹൈബി ഈഡന്‍
തൃശ്ശൂര്‍- ടി.എന്‍ പ്രതാപന്‍
ചാലക്കുടി- ബെന്നി ബെഹനാന്‍
മലപ്പുറം- പി.കെ കുഞ്ഞാലിക്കുട്ടി
പൊന്നാനി- ഇ.ടി മുഹമ്മദ് ബഷീര്‍
വയനാട്- രാഹുല്‍ ഗാന്ധി
കണ്ണൂര്‍- കെ. സുധാകരന്‍
കാസര്‍കോട്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍

എല്‍.ഡി.എഫ് വിജയിക്കുന്നത്

വടകര- പി. ജയരാജന്‍
കോഴിക്കോട്- എ. പ്രദീപ്കുമാര്‍
പാലക്കാട്- എം.ബി രാജേഷ്
ആലത്തൂര്‍- പി.കെ ബിജു
ആറ്റിങ്ങല്‍- എ. സമ്പത്ത്

എന്‍.ഡി.എ ജയിക്കുന്നത്

തിരുവനന്തപുരം- കുമ്മനം രാജശേഖരന്‍

We use cookies to give you the best possible experience. Learn more