വ്യാജവാര്‍ത്തകളാണ് ലോകത്തെ ഏറ്റവും വലിയ ഭീഷണിയെന്ന് മാതൃഭൂമി എം.ഡി. എം.വി. ശ്രേയാംസ്‌കുമാര്‍
Kerala News
വ്യാജവാര്‍ത്തകളാണ് ലോകത്തെ ഏറ്റവും വലിയ ഭീഷണിയെന്ന് മാതൃഭൂമി എം.ഡി. എം.വി. ശ്രേയാംസ്‌കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th March 2022, 2:34 pm

ന്യൂദല്‍ഹി; വര്‍ത്തമാന കാലത്ത് ലോകം നേരിടുന്ന എറ്റവും വലിയ പ്രതിസന്ധികളിലൊന്ന് വ്യാജ വാര്‍ത്തകളാണെന്ന് മാതൃഭൂമി മാനേജിംഗ് എഡിറ്ററും ലോക്താന്ത്രിക് ജനതാദള്‍ നേതാവുമായ എം.വി. ശ്രേയാംസ്‌കുമാര്‍.

പൂനെ എം.ഐ.ടി വേള്‍ഡ് പീസ് യൂണിവേഴ്സിറ്റിലെ സ്‌കൂള്‍ ഗവണ്‍മെന്റ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തിലാണ് എം.വി ശ്രേയാംസ്‌കുമാറിന്റെ പ്രതികരണം.

പരമ്പരാഗത മാധ്യമങ്ങളൈ വിശ്വസിക്കരുത് എന്ന തരത്തിലുള്ള പ്രചരണം ലോകമെമ്പാടും നടക്കുന്നുണ്ട്. സത്യത്തെ തമസ്‌കരിക്കുന്നതിന്റെ ഭാഗമാണിത്. മാധ്യമരംഗം ആകെ മാറിയിരിക്കുന്നു. വാര്‍ത്തകളും വിവരങ്ങളും കോര്‍പറേറ്റുകളുടെ മാത്രം കയ്യില്‍ നില്‍ക്കുന്നതല്ല. ഡിജിറ്റല്‍ മാധ്യമങ്ങളുടെയും സാമൂഹ്യ മാധ്യമങ്ങളുടെയും കടന്നുവരവോടെ എല്ലാവരും മാധ്യമ ലോകത്തിന്റെ ഭാഗമായി. സാമൂഹ്യ മാധ്യമങ്ങളെ വിശ്വസിക്കുന്നുണ്ടെങ്കിലും വലിയ പ്രശ്നം വ്യാജ വാര്‍ത്തകളാണ്. സത്യം പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോഴേക്കും വ്യാജ വാര്‍ത്തകള്‍ ലോകം കീഴടക്കിയിട്ടുണ്ടാകുമെന്നും എം.വി. ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

പഠനങ്ങള്‍ സൂചിപ്പിക്കുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ കൂടുതലായുമുള്ളത് വ്യാജ വാര്‍ത്തകളാണ് എന്നതാണ്. ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ സത്യം ജയിക്കേണ്ടതുണ്ട്. സത്യവും ജനാധിപത്യവും ഒന്നിക്കണം. ജനാധിപത്യത്തില്‍ പൗരന്റെ അവകശമാണ് അധികാരത്തോട് സത്യം വിളിച്ചുപറയുക എന്നത്. അത് എല്ലാ പൗരന്‍മാരുടെയും ഉത്തരവാദിത്തമാണെന്നും എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു.

രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരികയാണെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. സമ്പത്തിന്റെ ഭൂരിഭാഗവും ചിലരുടെ കൈകളിലേക്ക് മാത്രം ചുരുങ്ങുകയാണെന്നും അദ്ദേഹം വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തില്‍ കൂട്ടിച്ചേര്‍ത്തു.