| Friday, 20th July 2018, 3:23 pm

എസ്. ഹരീഷിനെതിരെ സംഘപരിവാര്‍ ആക്രമണം; ദുരൂഹമായ മൗനം പാലിച്ച് മാതൃഭൂമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിലെ മീശ എന്ന നോവലിനെ മുന്‍നിര്‍ത്തി എസ്.ഹരീഷിനെ സംഘപരിവാര്‍ ആക്രമിക്കുമ്പോഴും മൗനം പാലിച്ച് മാതൃഭൂമി. ഹരീഷിനും കുടുംബത്തിനും നേരെ ഭീഷണി മുഴക്കുകയും ഹരീഷിനെ സോഷ്യല്‍ മീഡിയില്‍ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ സംഘടിതമായി ആക്രമിക്കുകയും ചെയ്യുമ്പോഴും എന്ത് കൊണ്ടാണ് മാതൃഭൂമി മൗനം പാലിക്കുന്നതെന്നാണ് ആക്ഷേപം.

കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്നത്. എന്നാല്‍ മാതൃഭൂമിയുടെ ചാനലിലൊ പത്രത്തിലോ പ്രസിദ്ധീകരണങ്ങളില്‍ ഒന്നില്‍ പോലും ഇതു സംബന്ധിച്ച ഒരു വാര്‍ത്ത പോലും നല്‍കാന്‍ ഇതുവരെ തയാറായിട്ടില്ല.

അതേ സമയം മറ്റ് പത്ര-ടി.വി – ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മിക്കവരും മാതൃഭൂമിക്കും എസ്.ഹരീഷിനും എതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എഴുത്തുകാരും സാംസ്‌കാരിക നായകരും ഈ തീവ്ര ഹൈന്ദവ വാദ ആക്രമണത്തെ അപലപിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലും മാതൃഭൂമി പുലര്‍ത്തുന്ന മൗനമാണ് ദുരൂഹമാകുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുടെ മാപ്പ് ആവശ്യപ്പെടുന്ന സംഘപരിവാര്‍ അനുകൂല സംഘടനകളുടെ സമ്മര്‍ദ്ദത്തിന് മാനേജ്‌മെന്റ് വഴിപ്പെടുകയാണെന്നും സംശയമുണ്ട്. പുറത്തു നിന്നുള്ള സംഘപരിവാര്‍ ആക്രമണത്തെ മാതൃഭൂമി ജീവനക്കാരിലെ ഒരു വിഭാഗം തുണയ്ക്കുന്നുവെന്നും ആരോപണമുണ്ട്.


ALSO READ:‘മീശ’യെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ഷഭാരത തെറിവിളികള്‍


“മീശ” എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാണ് എഴുത്തുകാരനെതിരെയുള്ള ആരോപണം. എസ്.ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമാണ് പ്രതിഷേധക്കാരുടെ തെറിവിളി.

സംഘപരിവാര്‍ ആക്രമണം നേരിടുന്ന എഴുത്തുകാരന്‍ എസ്.ഹരീഷിനെ സോഷ്യല്‍ മീഡിയില്‍ പിന്തുണയ്ക്കുന്നവര്‍ക്കെതിരെയും സംഘടിത തെറിവിളിയാണ് നടക്കുന്നത്. കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് സ്ത്രീകള്‍ക്കെതിരെ ഉള്‍പ്പെടെ സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്നത്. മൈ.. പൂ.. തേ.. വെ.. എന്നിങ്ങനെയുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന പദങ്ങളാണ് ഈ തെറിവിളികളില്‍ ഉപയോഗിക്കുന്നത്.

വെര്‍ബല്‍ റേപ്പും നടത്തുന്നു. ഹിന്ദു സ്ത്രീകളെ അപമാനിച്ച എഴുത്തുകാരനെ പിന്തുണയ്ക്കുന്നവരെ ചെരിപ്പൂരി അടിക്കുമെന്നാണ് ഭീഷണി. ലൈംഗികത്തൊഴില്‍ ചെയ്യുന്ന സ്ത്രീകളാണ് ഹരീഷിനെ പിന്തുണയ്ക്കുന്നവരെന്നാണ് പരിഹാസത്തോടെ എഴുതിയിടുന്നത്.

സ്ത്രീയുടെ ലൈംഗികാവയവത്തെ ചേര്‍ത്തുള്ള തെറികളാണ് സ്ത്രീകളെ അപമാനിച്ചതില്‍ പ്രതിഷേധിക്കുന്നവര്‍ ഉപയോഗിക്കുന്നതെന്ന് എഴുത്തുകാരിയും അധ്യാപികയുമായ എസ്. ശാരദക്കുട്ടി ചൂണ്ടിക്കാണിക്കുന്നു.

“വിവേകമോ വകതിരിവോ ഉള്ള കൂട്ടമല്ല ഇവര്‍. രാമായണമോ മഹാഭാരതമോ വായിച്ചിട്ടില്ല ഇവര്‍. ഹിന്ദു ഫിലോസഫിയോ മതം എന്താണ് പറയുന്നതെന്നോ ഇവര്‍ക്കറിയില്ല. ഇത്തിരി വട്ടമുള്ള ലൈംഗികാവയവമാണ് ഇവര്‍ക്ക് സ്ത്രീ. ഇവരോട് എങ്ങനെയാണ് സ്ത്രീപക്ഷം പറയുക. വാത്മീകിയുടെ കാലത്തും രാമായണത്തിന്റെ കാലത്തും മാത്രമല്ല ഇപ്പോഴും ആണുങ്ങള്‍ സ്ത്രീയുടെ യോനിയിലേക്ക് നോക്കിയിരിക്കുകയാണ്”അവര്‍ പറഞ്ഞു.

എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയുമായ അപര്‍ണ പ്രശാന്തിക്കെതിരെ ആക്രമണം നടത്തിയ അല്ലു അര്‍ജ്ജുന്‍ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ പല സ്ത്രീകളും പരാതി നല്‍കാന്‍ മടിക്കുകയാണ്. ആശയപരമായാണ് ഇത്തരക്കാരെ നേരിടേണ്ടതെന്നാണ് ശാരദക്കുട്ടിയുടെ അഭിപ്രായം.


ALSO READ: വര്‍ഗീയവാദികള്‍ മീശപിരിക്കുമ്പോള്‍


“മാതൃഭക്തിയും മാതൃപൂജയും നടത്തുകയും സ്ത്രീ സംരക്ഷകരായി ചമയുകയും ചെയ്യുന്നവര്‍ പറയുന്ന തെറികള്‍ അമ്മയുടെ ലൈംഗികാവയവത്തെക്കുറിച്ചുള്ളതാണ്. ഞാന്‍ ഇത്തരം കമന്റുകള്‍ക്ക് മറുപടി കൊടുക്കാറില്ല. തെറി പറയുന്നവരെ അപ്പോള്‍ ബ്ലോക്ക് ചെയ്യും. സോഷ്യല്‍ മീഡിയയില്‍ ഇടപെടുന്ന സ്ത്രീകളോട് പറയാനുള്ളത് ഇവരെ എതിര്‍ത്ത് ഒരു മറുപടി പോലും കൊടുക്കരുതെന്നാണ്. ആശയപരമായ യുദ്ധമാണ് ഇവരോട് വേണ്ടത്. സ്ത്രീകള്‍ ഇതൊന്നും കേട്ടാല്‍ ഞെട്ടില്ലെന്നതാണ് പ്രതിരോധിച്ച് തുടങ്ങിയതിന്റെ അര്‍ത്ഥം. പ്രതിരോധിക്കുന്തോറും ഇവരുടെ കൈയ്യിലിരിക്കുന്ന ലൈംഗികാവയവത്തെക്കുറിച്ചുള്ള വികലമായ ജ്ഞാനം പുറത്തു വരും”.

നിയമപരമായി മുന്നോട്ട് പോകാനാണ് ദിവ്യയുടെ തീരുമാനം. “നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനം….ഒരു വാ അടച്ചാല്‍ ആയിരം വാ തുറക്കുമെന്നറിയം എന്നാലും എന്നെക്കൊണ്ട് ആവുന്നത് ചെയ്യും”.ദിവ്യ പറയുന്നു.

എസ്.ഹരീഷിനെതിരെ നടക്കുന്ന പ്രചരണങ്ങളുടെ സ്വരം ഭീഷണിയുടേതാണ്. ഹീനമായ വ്യക്തിഹത്യയിലൂടെ ഒരെഴുത്തുകാരനെ നിശബ്ദനാക്കുവാന്‍ നടത്തുന്ന ഈ പ്രാകൃത യുദ്ധം സാംസ്‌കാരിക കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്.

പൊതുസംവാദങ്ങളില്‍ തന്റെ പക്ഷപാതിത്വം യുക്തിഭദ്രമായി അവതരിപ്പിക്കുന്ന പി.പരമേശ്വരനെപ്പോലുള്ള ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പണ്ഡിതരായ വക്താക്കള്‍, വര്‍ഗ്ഗീയതയെ വിളിച്ചുണര്‍ത്തുന്ന ഇത്തരം കുത്സിതപ്രവൃത്തികളെ അപലപിക്കുവാന്‍ മുന്നോട്ടുവരുമെന്നാണ് സാംസ്‌കാരിക കേരളം പ്രതീക്ഷിക്കുന്നത്. സംവാദങ്ങള്‍ സംസ്‌കാരരാഹിത്യത്തിന്റെ പ്രതിഫലനമാകാതിരിക്കണമെന്ന ജാഗ്രതയാണ് മഹത്തായ ഭാരതീയ പാരമ്പര്യമെന്ന് ഒ.കെ. ജോണി അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more