കോഴിക്കോട്: മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മാതൃഭൂമിയിലെ പത്രപ്രവര്‍ത്തകര്‍ രംഗത്ത്. വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പിലാക്കാതെ അധികശമ്പളം നല്‍കി പ്രശ്‌നം പരിഹരിക്കാനുള്ള നീക്കത്തെ അധികമായി നല്‍കിയ ശമ്പളം തിരികെ നേരിടാനാണ് ജേര്‍ണലിസ്റ്റ് അസോസിയേഷന്റെ തീരുമാനം. കഴിഞ്ഞമാസത്തെ ശമ്പളത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞദിവസം പത്രപ്രവര്‍ത്തകര്‍ക്ക് നല്‍കിയ അധിക തുക തിരിച്ചുനല്‍കാനാണ് ജേണലിസ്റ്റ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.
അധികമായി ലഭിച്ച തുക അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത് മാനേജ്‌മെന്റിന്റെ പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്‌റ്റെടുത്താണു തിരിച്ചു നല്‍കുക. ഇതിനായി യൂണിയന്‍ മുകൈയെടുത്ത്, അംഗങ്ങളില്‍നിന്ന് തുക പിരിച്ചെടുത്ത് ബാങ്കില്‍ നിക്ഷേപിച്ചുതുടങ്ങി. ഇപ്പോഴത്തെ ശമ്പളപാക്കേജ് ആവശ്യമില്ലെന്നും വേജ്‌ബോര്‍ഡ് നിര്‍ദ്ദേശപ്രകാരമുള്ള തുകതന്നെ നല്‍കണമെന്നും ആവശ്യപ്പെട്ട് യൂണിയന്‍ മാനേജ്‌മെന്റിന് കത്തുനല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മജീദിയ വേജ്‌ബോര്‍ഡിന്റെ ശുപാര്‍ശ പ്രകാരമുള്ള ശമ്പളവര്‍ധനയ്ക്ക് തയ്യാറാവാതെ മാതൃഭൂമി മാനേജ്‌മെന്റ് സ്വന്തംനിലയില്‍ ഒരു ശമ്പളവര്‍ധന നടപ്പിലാക്കുകയാണ് ചെയ്തത്. വേജ്‌ബോര്‍ഡ് ശുപാര്‍ശ നടപ്പിലാക്കുന്ന കാര്യത്തില്‍ പത്തുദിവസത്തിനകം തീരുമാനമുണ്ടായില്ലെങ്കില്‍ കഴിഞ്ഞമാസത്തെ ശമ്പളത്തോടൊപ്പം ലഭിച്ച അധികതുക കൈമാറാനാണ് ജേണലിസ്റ്റ് യൂണിയന്റെ തീരുമാനം. മാതൃഭൂമിയിലെ മറ്റ് യൂണിയനുകളും ഇതേ നീക്കം നടത്താന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
മെയ് ആദ്യം മലമ്പുഴയില്‍ നടന്ന മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനമാണ് അധികശമ്പളം തിരിച്ചുനല്‍കാന്‍ തീരുമാനിച്ചത്.
നേരത്തേ മലയാള മനോരമ വേജ്‌ബോര്‍ഡ് നിര്‍ദേശം മറികടന്ന് മാനേജ്‌മെന്റിന്റേതായ ശമ്പള വര്‍ധനവ് നടപ്പാക്കിയിരുന്നു. അധിക ശമ്പള പാക്കേജ് നടപ്പാക്കിയ പിന്നാലെ അവര്‍ വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ പൂര്‍ണമായി നടപ്പാക്കാന്‍ പോവുകയാണെന്ന അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ വേജ്‌ബോര്‍ഡ് ശുപാര്‍ശ നടപ്പാക്കില്ലെന്നതരത്തില്‍, മനോരമയുടെ ആലപ്പുഴ എഡിഷന്‍ ഉദ്ഘാടനത്തെക്കുറിച്ച് അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മാനേജ്‌മെന്റ് വ്യക്തമാക്കുകയും ചെയ്തു. മാധ്യമം ദിനപത്രം മാത്രമാണ് കേരളത്തില്‍ മജീദിയ വേജ്‌ബോര്‍ഡ് ശുപാര്‍ശപ്രകാരമുള്ള വര്‍ധന നടപ്പാക്കിയത്. ദേശാഭിമാനിയിലും നടപ്പാക്കാന്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനമുണ്ട്. എന്നാല്‍ നടപ്പാക്കിയിട്ടില്ല.
വര്‍ഷങ്ങളായി മാതൃഭൂമി ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചിരുന്ന മാനേജിംഗ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാറിനെയോ അദ്ദേഹത്തിന്റെ മകന്‍ എംവി ശ്രേയാംസ് കുമാറിനെയോ പങ്കെടുപ്പിക്കാതെയാണ് മലമ്പുഴ സമ്മേളനം നടന്നത്. തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലാ കമ്മിറ്റികളും താല്‍പര്യപ്രകാരമാണ് ഇവരെ ഒഴിവാക്കിയത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകനും കേരള പ്രസ് അക്കാദമി ചെയര്‍മാനുമായ എന്‍.പി രാജേന്ദ്രനായിരുന്നു ഇത്തവണ ഉദ്ഘാടകന്‍.