കൊച്ചി: ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ കൊച്ചിയിലെത്തിയപ്പോള്‍ താരത്തെ കാണാനായി ആരാധക പ്രവാഹമായിരുന്നു. ഇതുവരേയും കാണാത്ത തരത്തിലായിരുന്നു ഫോണ്‍ ഫോറിന്റെ പുതിയ ഷോറൂം ഉദ്ഘാടനത്തിനെത്തിയ സണ്ണിയെ കാണാന്‍ എത്തിയ ആരാധകരുടെ ഒഴുക്ക്.
ഗ്ലാമറുമാത്രമല്ല തന്റെ നിലപാടുകൊണ്ടുമാണ് സണ്ണിയിന്ന് ഇത്രയാരാധകരെ സൃഷ്ടിച്ചിരിക്കുന്നത്. കറുത്ത പെണ്‍കുട്ടിയെ ദത്തെടുത്തടക്കമുള്ളവ ഉദാഹരണം. കഴിഞ്ഞ തവണ കേരളത്തിലെത്തിയപ്പോള്‍ ഉണ്ടായിരുന്ന ആരാധകരുടേയും ഇന്നുണ്ടായിരുന്നു ആരാധകരുടെയും എണ്ണത്തിലെ വ്യത്യാസം അതിനുള്ള തെളിവാണ്.
എന്നാല്‍ സണ്ണിയുടെ കൊച്ചി സന്ദര്‍ശനത്തെ മാതൃഭൂമി ചാനല്‍ അവതരിപ്പിച്ച രീതി സ്ത്രീവിരുദ്ധവും അപമാനിക്കലുമായിരുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. “മുമ്പ് പോണ്‍ താരം ആയിരുന്നതാണല്ലോ ബോളിവുഡിനെ കീഴടക്കിയ സണ്ണി ലിയോണിന്റെ താരമൂല്യം”. എന്നായിരുന്നു മാതൃഭൂമിയുടെ വക്രദൃഷ്ടിയില്‍ സണ്ണി ലിയോണിനെ കുറിച്ച് പറയുന്നത്. ഛോട്ടാമുംബൈയിലെ ഷക്കീല വന്നോ മക്കളെ രംഗവുമായാണ് മാതൃഭൂമി സണ്ണി ലിയോണിന്റെ വരവിനെ താരതമ്യം ചെയ്തിരിക്കുന്നത്.
ഇതിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. “നമ്മുടെ നാട്ടില്‍ ഒരു കാര്യത്തിന് ഇത്രയും ദാരിദ്ര്യവും ആക്രാന്തവും ഉണ്ടെന്ന് ഇന്ന് കൊച്ചി തെളിയിച്ചു. ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാന്‍ പതിനായിരങ്ങള്‍ തടിച്ചു കൂടിയതോടെ കൊച്ചി എം.ജി.റോഡില്‍ ട്രാഫിക് സ്തംഭനമുണ്ടായി. ഭൂചലനമുണ്ടാകാത്തത് ഭാഗ്യം. മുമ്പ് പോണ്‍ താരം ആയിരുന്നതാണല്ലോ ബോളിവുഡിനെ കീഴടക്കിയ സണ്ണി ലിയോണിന്റെ താരമൂല്യം”. എന്നായിരുന്നു വക്രദൃഷ്ടിയിലെ പരാമര്‍ശം.
പോണ്‍ സിനിമാഭിനയം വിദേശത്തൊക്കെ ഒരു പ്രൊഫഷനാണ്. ബോളിവുഡിലെത്തി ഗ്ലാമര്‍ റോളില്‍ തിളങ്ങുന്നതും അവരുടെ പ്രൊഫഷണല്‍ കാര്യം. പക്ഷെ, നമ്മുടെ ചെറുപ്പക്കാര്‍ സണ്ണി ലിയോണിനെ കാണാന്‍ ഇങ്ങനെ ഇടിച്ചു കയറുന്നത് വെറും താരാരധന കൊണ്ടു മാത്രമാകില്ല. ചെറുപ്പക്കാരെയും പറഞ്ഞിട്ട് കാര്യമില്ല. സിനിമയും ടി.വിയും ഇന്റര്‍നെറ്റും എല്ലാം സൃഷ്ടിക്കുന്ന മായാ ലോകത്താണവര്‍. വക്രദൃഷ്ടിയില്‍ പറയുന്നു.
“ഷീ ന്യൂസ്” എന്ന പരിപാടി ആരംഭിച്ച, വനിത ജീവനക്കാര്‍ക്ക് ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി അനുവദിച്ച മാതൃഭൂമി ന്യൂസില്‍ തന്നെയാണ് ഇതും കാണിക്കുന്നത് എന്നത് വിരോധാഭാസമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.