| Tuesday, 31st July 2018, 1:06 pm

മാതൃഭൂമിയിലെ സ്ത്രീവിരുദ്ധതയുടെ വാരിക്കുഴികള്‍

എ പി ഭവിത

മാതൃഭൂമിയുടെ ബാലപ്രസിദ്ധീകരണമായ ബാലഭൂമിയിലെ സ്ത്രീപീഡനത്തെ ലഘൂകരിക്കുന്നതും സ്ത്രീ വിരുദ്ധവുമായ കഥാ സന്ദര്‍ഭമാണ് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നത്. സിനിമതാരങ്ങളുടെ സംഘടനയായ എ.എം.എം.എയില്‍ നിന്ന രാജിവെച്ച നടിമാരെ പരിഹസിച്ച് ചിത്രീകരിച്ചതാണ് കഥാ സന്ദര്‍ഭം.

ബാലഭൂമിയിലെ “വാരിക്കുഴി” എന്ന പക്തിയില്‍ ആക്ഷേപഹാസ്യമെന്ന തരത്തിലാണ് നടിമാര്‍ രാജിവെച്ച സംഭവം ചിത്രീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണത്തിലൂടെ തെറ്റായ സന്ദേശം പ്രചരിപ്പിക്കുകയാണെന്നും വിമര്‍ശനം ഉയരുന്നു.ഇപ്പോള്‍ വിപണിയിലുള്ള ലക്കത്തിലാണ് വിവാദ ഭാഗം ഉള്ളത്. ഇത് പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന ആവശ്യം.

നടികള്‍ “കാമ”യില്‍ നിന്ന് രാജിവെച്ചു എന്നാണ് തലക്കെട്ട്. കാട്ടിലെ സംഭവങ്ങള്‍ റിപ്പോര്‍ട്ടുകളായി അവതിരിപ്പിക്കുന്നതാണ് വാരിക്കുഴി. പ്രമുഖ നടികളായ മൂങ്ങാ അലമ്പിയ, മുയലിയാ ദാസ്, ഗോമാ ഉമ്പേലിയ എന്നിവര്‍ കാടന്‍ അസോസിയേഷന്‍ ഓഫ് മൂവി ആര്‍ട്ടിസ്റ്റ്‌സ് (കാമ)യില്‍ നിന്ന് രാജിവെച്ചു, ആണ്‍ താരങ്ങളുടെ പക്ഷപാതത്തില്‍ പ്രതിഷേധിച്ചാണ് രാജി എന്നിങ്ങനെ എ.എം.എം.എയേയും ഡബ്ലു.യു.സി.സിയേയും സൂചിപ്പിക്കുന്ന രീതിയിലാണ് സംഭവങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

നടന്‍ ദിലീപ് പ്രതിയായ, നടിയെ അക്രമിച്ച കേസിനെ “മുയലിയാദാസിനെ നടന്‍ പരുന്തേഷ് റാഞ്ചിയെടുത്ത് കൊത്താന്‍ ശ്രമിച്ചിട്ടും സംഘനയായ കാമ മൗനം പാലിച്ചു” എന്നും കളിയാക്കുന്നുണ്ടെന്നാണ് വിമര്‍ശനം. കൂടാതെ നടിയെ നടന്‍ കോങ്കണ്ണിന്റെ പേരില്‍ കളിയാക്കി, നടിക്ക് സൗന്ദര്യമില്ല എന്നീ കാരണങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന് ചിത്രീകരിക്കുന്നു.നടിമാരുടെ രാജിയെത്തുടര്‍ന്ന് കാമക്കാര്‍ പേടിച്ച് വെള്ളമിറക്കിയെന്നും പരിഹസിക്കുന്നു. ഇതിലൂടെ നടിമാര്‍ ഉയര്‍ത്തിയ വിമര്‍ശനത്തെയും ആരോപണങ്ങളേയും ലഘൂകരിക്കുകയാണെന്നും വിമര്‍ശനമുണ്ട്.

മാതൃഭൂമിയുടെ സ്ത്രീവിരുദ്ധതയാണ് ഇവിടെ പ്രകടമാകുന്നതെന്ന് ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ ഡയറക്ടറായ റൂബിന്‍ ഡിക്രൂസ് വിമര്‍ശിക്കുന്നു.
“സ്ത്രീകളായ നടിമാരെ വാലിന് സൗന്ദര്യമില്ലാത്തതിന്റെയും കൊങ്കണ്ണിയാണെന്നതിന്റെ പേരിലും പ്രശ്‌നമുണ്ടാക്കുന്നവരായി ചിത്രീകരിക്കുകയാണ്. അക്കൂട്ടത്തിലൊന്ന് മാത്രമാണ് നടിയെ ആക്രമിച്ചതും. നടിമാരുടെ പ്രതികരണങ്ങളും പരിഹാസത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ നിലപാടെടുത്തതിന്റെ പേരില്‍ മടിയില്‍ കനമുള്ളവന്‍ മാതൃഭൂമിയെ ആക്രമിക്കുന്നുവെന്ന് പത്രാധിപക്കുറിപ്പ് വന്നതിന് പിന്നാലെ മറ്റൊരു പ്രസിദ്ധീകരണത്തില്‍ ഇങ്ങനെ വരുന്നത് മാതൃഭൂമിയുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നത്”.

“മലയാളത്തിലെ ബാലപ്രസിദ്ധീകരണങ്ങളില്‍ ഇത്തരം മനുഷ്യവിരുദ്ധമായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. മുതിര്‍ന്നവരുടെ ലോകത്തിന്റെ പകര്‍പ്പ് കുട്ടികള്‍ക്ക് വേണ്ടി ഉണ്ടാക്കുകയെന്നതാണ് ബാലപ്രസിദ്ധീകരണം എന്നത് കൊണ്ട ധരിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെ ലോകത്തുള്ള എല്ലാ അക്രമവും മനുഷ്യവരുദ്ധതയും കൂട്ടിച്ചാലിച്ച് ഉണ്ടാക്കുന്ന ഒന്നാണ് ഇവിടെ ബാലസാഹിത്യം. അത് ഏറ്റവും പാരമ്യത്തിലെത്തിയതാണ് ബാലഭൂമിയില്‍ കാണുന്നത്. ബലാത്സംഗത്തെ നോര്‍മലൈസ് ചെയ്യുകയാണ്. ചെറുത്ത് നില്‍പ്പിനെയും പോരാട്ടത്തെയും അതീജിവിക്കാനുള്ള ശ്രമത്തെയും പരിഹസിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. മൃഗങ്ങളെ വെച്ച് ഉണ്ടാക്കുന്ന കഥകളിലും കാര്‍ട്ടുണുകളിലും മനുഷ്യരുടെ അധികാരബന്ധങ്ങളെ അടിച്ചേല്‍പ്പിക്കുകയാണ്”. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന വിമര്‍ശിക്കുന്നു.

കേരളീയ സമൂഹത്തിലെ സ്ത്രീവിരുദ്ധത പരമ്പരാഗത ബാലസാഹിത്യത്തിലുമുണ്ട്. പോപ്പുലര്‍ ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളും ഇത്തരമൊരു വിശകലനത്തിന് വിധേയമാക്കണമെന്ന് റൂബിന്‍ ഡിക്രൂസ് ആവശ്യപ്പെടുന്നു.

സ്ത്രീവിരുദ്ധതയും ബലാല്‍സംഗവും ധ്വനിപ്പിച്ച്, അതേക്കുറിച്ച് തമാശകള്‍ മെനയുന്ന കുട്ടികളെ സൃഷ്ടിക്കാന്‍ മാതൃഭൂമിയെപ്പോലൊരു ഉത്തരവാദിത്വമുള്ള പ്രസിദ്ധീകരണം മുതിരുന്നത് അപമാനകരമാണ് ഡോക്ടര്‍ ഷിംന അസീസ് പറയുന്നു. ബാലപ്രസിദ്ധീകരണത്തിലെ ഈ ഭാഗം പിന്‍വലിച്ച് നിര്‍വ്യാജം മാപ്പ് പറയുകയും കൃത്യമായ വിശദീകരണം നല്‍കുകയും വേണമെന്നും ഷിംന ആവശ്യപ്പെടുന്നു.

കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചതിന് ശേഷം മാതൃഭൂമിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുകയാണെന്നും എന്നാല്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും പത്രത്തിന്റെ പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടി കഴിഞ്ഞ ദിവസം മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. തൊട്ട് പിന്നാലെയാണ് പത്രസ്ഥാപനം ഇതേ സംഭവത്തില്‍ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിവാദത്തിലായിരിക്കുന്നത്.

എ പി ഭവിത

ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more