| Saturday, 2nd September 2017, 4:23 pm

'എല്ലാ സിനിമകളെയും ജയഹോ ജയഹോ എന്ന് പറയുന്നതില്‍ കാര്യമില്ല'; വാഴ്ത്തല്‍ റിവ്യൂകള്‍ക്ക് വിരാമിട്ട് സൂപ്പര്‍ താരചിത്രങ്ങളെ  പ്രഹരിച്ച് മാതൃഭൂമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഓണം റിലീസുകളുടെ റിവ്യൂ വായിക്കാനായി ഇന്നത്തെ മാതൃഭൂമി ചിത്രഭൂമി തുറന്ന വായനക്കാര്‍ അമ്പരന്നു കാണുമെന്നുറപ്പാണ്. കാരണം പതിവ് പോലെ പ്രശംസകള്‍ കൊണ്ട് മൂടിയ റിവ്യൂകളല്ല മാതൃഭൂമി ഈ ഓണം റിലീസുകള്‍ക്ക് എഴുതിയിരിക്കുന്നത്. മോശം സിനിമകളെ അനാവശ്യമായി പുകഴ്ത്തുന്ന തങ്ങളുടെ പതിവ് ശൈലിയാണ് മാതൃഭൂമി ഇതോടെ ഉപേക്ഷിച്ചിരിക്കുന്നത്.

നാല് ചിത്രങ്ങളായിരുന്നു ഇത്തവണത്തെ ഓണം റിലീസുകള്‍. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ, മോഹന്‍ലാല്‍-ലാല്‍ ജോസ് ടീമിന്റെ വെളിപാടിന്റെ പുസ്തകം, പൃഥ്വിരാജിന്റെ ആദം ജോണ്‍, പിന്നെ നിവിന്‍ പോളിയുടെ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള. പൊതുവെ സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് കണ്ണും പൂട്ടി പ്രശംസ ചൊരിയുന്ന മാതൃഭൂമി നന്നായി തന്നെ വിമര്‍ശിക്കുന്നു ഇത്തവണ. സാറോ സ്റ്റാറോ? എന്നായിരുന്ന പുള്ളിക്കാരന്‍ സ്റ്റാറയുടെ റിവ്യൂവിന്റെ തലക്കെട്ട്. അതേസമയം മോഹലാല്‍ ചിത്രത്തെ വെളിവില്ലാത്ത കാഴ്ച്ച എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ആദം ജോണിനെ എന്തൊരു പുതുമെയന്ന് പറഞ്ഞ് പരിഹസിച്ചപ്പോള്‍ ഞണ്ടുകളുടെ നാട്ടില്‍ എന്ന ചിത്രത്തിന് പോസിറ്റീവ് റിവ്യൂവാണ് ലഭിച്ചത്.

പെടുന്നനെയുള്ള മാതൃഭൂമിയുടെ മനം മാറ്റത്തിന് പിന്നില്‍ ദിലീപിന്റെ അറസ്റ്റും സിനിമാതാരങ്ങളുടെ ചാനല്‍ ബഹഷ്‌കരണവും പരസ്യം നല്‍കാതിരുന്നതുമൊക്കെയാണെന്നായിരുന്നു നേരത്തെ ഉയര്‍ന്നു വന്നിരുന്ന ആരോപണങ്ങള്‍. എന്നാല്‍ ആരോപണങ്ങള്‍ തള്ളി മാതൃഭൂമി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. പത്രത്തിന്റെ മൊത്തത്തിലുള്ള ഉള്ളടക്ക മാറ്റത്തിന്റെ ഭാഗമാണ് റിവ്യൂ കൂടുതല്‍ സത്യസന്ധമാക്കാന്‍ തീരുമാനിച്ചതെന്ന് മാതൃഭൂമി വ്യക്തമാക്കുന്നു.


Also Read:  ‘ഇവിടെ മുസ്‌ലിമുകള്‍ക്ക് ഇടമില്ല’; പെരുന്നാള്‍ ആശംസ നേര്‍ന്ന മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം നാസോണിനെതിരെ വംശീയാധിക്ഷേപവുമായി ആരാധകന്‍; തിരിച്ചടിച്ച് താരവും മഞ്ഞപ്പടയും


“മാതൃഭൂമിയുടെ ഉള്ളടക്കത്തില്‍ വരുന്ന പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ചിത്രഭൂമിയിലെ നിരൂപണങ്ങളില്‍ വന്ന മാറ്റം. നേരത്തെ ഞങ്ങള്‍ പ്രമോഷണല്‍ സ്വഭാവത്തിലുള്ള വാര്‍ത്തകളും റിപ്പോര്‍ട്ടുകളും മാത്രമാണ് നല്‍കിയിരുന്നത്. ചിത്രഭൂമിയുടെ ഘടന തന്നെ മാറ്റുന്നതിന്റെ ഭാഗമാണ് ഓണം സിനിമകളുടെ നിരൂപണങ്ങള്‍. സിനിമയുടെ വാര്‍ത്താ പ്രചരണം മാത്രം നടത്തുന്നതില്‍ ഒരു ശരിയില്ലായ്മയുണ്ടല്ലോ? എല്ലാ സിനിമകളെയും ജയഹോ ജയഹോ എന്ന് പറയുന്നതില്‍ കാര്യമില്ലല്ലോ. വായനക്കാര്‍ക്ക് പുറത്തുവരുന്ന സിനിമകളുടെ നിക്ഷ്പക്ഷമായ വിലയിരുത്തല്‍ ഒരു മാധ്യമത്തിലൂടെ അറിയാനുള്ള അവസരം നല്‍കണമല്ലോ, അതിന്റെ ഭാഗമായി തുടര്‍ന്നും സിനിമകളുടെ നിക്ഷ്പക്ഷ നിരൂപണങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തന്നെയാണ് തീരുമാനം. സിനിമാ മേഖലയില്‍ നിന്നുള്ള പ്രചരണ സ്വഭാവമുള്ള വാര്‍ത്തകള്‍ മാത്രം നല്‍കുന്നത് മാറ്റി വസ്തുതാപരമായി സമീപിക്കാന്‍ തന്നെയാണ് തീരുമാനം. ചിത്രഭൂമിയില്‍ മാത്രമുള്ള പരിഷ്‌കാരമല്ല, മാതൃഭൂമി ദിനപത്രത്തിന്റെയും വിവിധ പ്രസിദ്ധീകരണങ്ങളുടെയും ഉള്ളടക്കത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമാണ് ഇത്.” മാതൃഭൂമി എക്സിക്യുട്ടീവ് എഡിറ്റര്‍ പി ഐ രാജീവ് സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

നാല് ചിത്രങ്ങളുടെ റേറ്റിംഗുള്‍പ്പടെയാണ് റിവ്യൂ നല്‍കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ റേറ്റിംഗ് ലഭിച്ചത് നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിലിനാണ്, മൂന്ന് സ്റ്റാര്‍, മമ്മൂട്ടി ചിത്രത്തിന് രണ്ടരയും ആദം ജോണിന് രണ്ടും മോഹന്‍ലാല്‍ ചിത്രത്തിന് ഒന്നരയുമാണ് സ്റ്റാര്‍ റേറ്റിംഗ്. പ്രതീക്ഷയോടെ കാത്തിരുന്ന ലാല്‍ജോസും മോഹന്‍ലാലും ലോക ദുരന്തമായി നമ്മുക്ക് മുന്നിലെത്തിയെന്ന് പറഞ്ഞാണ് വെളിപാടിന്റെ പുസ്തകം റിവ്യൂ അവസാനിപ്പിക്കുന്നത്. ക്ലീഷേകളെ കൊണ്ട് മാറ്റി മാറ്റി കളിക്കുമ്പോള്‍ ആരാധകര്‍ക്ക് പോലും മടുക്കുമോ എന്ന് താരങ്ങളും സംവിധായകരും ചിന്തിക്കണമെന്ന് മമ്മൂട്ടി ചിത്രത്തിന്റെ റിവ്യൂവില്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more