കൊച്ചി: തിരക്കഥാകൃത്തുക്കളായ എസ്.എന്‍ സ്വാമി, സംവിധായകരായ ഷാജി കൈലാസ്, എ.കെ സാജന്‍ എന്നിവരെ കളമശേരിയില്‍ ബോംബ് സ്‌ഫോടനം നടന്ന ഓഡിറ്റോറിയത്തിലെത്തിച്ചുള്ള മാതൃഭൂമിയുടെ സിനിമാ സ്‌റ്റൈല്‍ അന്വേഷണ പരമ്പരയ്‌ക്കെതിരെ കടുത്ത വിമര്‍ശനം.
ബോംബ് സ്‌ഫോടനം ആസൂത്രിതമെന്ന് ഉറപ്പിക്കുന്ന രീതിയിലുള്ള ഇവരുടെ അഭിപ്രായങ്ങള്‍ നിരത്തിയുള്ള മാതൃഭൂമി റിപ്പോര്‍ട്ടിങ്ങിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ‘ക്രൈം സീനിലെ നിഗമനങ്ങള്‍’ എന്ന തലക്കെട്ടില്‍ എഡിറ്റ് പേജിലാണ് മാതൃഭൂമി സിനിമാ തിരക്കഥയുടേതിന് സമാനമായി ഈ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഒരാള്‍ തനിച്ചല്ല ഈ കുറ്റകൃത്യം ചെയ്തതെന്നും കൃത്യമായ ആസൂത്രണം ഇതിന് പിന്നില്‍ നടന്നിട്ടുണ്ടെന്നുമാണ് ഷാജി കൈലാസും എ.കെ സാജനും എസ്.എന്‍ സ്വാമിയും ഉറപ്പിക്കുന്നത്. പിടിയിലായ ആള്‍ ആയിരംപേരുള്ള ശൃംഖലയുടെ ഇങ്ങേയറ്റത്തുള്ള കണ്ണിയാകാമെന്ന് എസ്.എന്‍ സ്വാമി പറയുമ്പോള്‍ കൃത്യമായ ക്ലാസ് കിട്ടിയിട്ട് തന്നെയാണ് പ്രതി ഈ കുറ്റകൃത്യം ചെയ്തതെന്ന് ഷാജി കൈലാസ് ഉറപ്പിക്കുന്നു.
മാതൃഭൂമിയുടെ ഈ റിപ്പോര്‍ട്ടിങ് രീതിക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
‘ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്ന യുദ്ധമായി മാറുകയാണ് ഗാസയിലേതു. അതിനിടയിലാണ്, രാഷ്ട്രീയ പ്രബുദ്ധമെന്ന് ലോകം വാഴ്ത്തുന്ന ഒരു നാട്ടിലെ എ. സി. ന്യൂസ്‌റൂമുകളില്‍ ഇരുന്ന് ചിലര്‍ യഹോവാ സാക്ഷികളെ ജൂതന്മാരാക്കുകയും, മറ്റുചിലര്‍ ദുരന്ത ഭൂമിയില്‍ നിന്ന് സിനിമാക്കഥ പൂരിപ്പിക്കുകയും ചെയ്യുന്നത്, കഷ്ടം’, എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ എം.പി ബഷീര്‍ ഫേസ്ബുക്കില്‍ എഴുതിയത്.
‘ബിജ്യന്റെ പൊലീസ് പിടിക്കാത്ത ആളെ നമ്മള് പിടിക്കും. ആ കഥ നമ്മള് പറയും. നേരിട്ട് പറഞ്ഞാല്‍ പക്ഷെ അര ബക്കറ്റ് വെള്ളം കൊണ്ട് കെടുത്തിയ തീവച്ചു തലസ്ഥാനം കത്തിച്ച കഥ മനുഷ്യരോര്‍ക്കും. അപ്പോള്‍ സിനിമാക്കാരെ വിളിക്കാം. വല അവര്‍ നെയ്യും. എന്നിട്ടു അവസാനം ഈ കണ്ണികൂടി ചേര്‍ത്താല്‍ മതി. ബാക്കിയൊക്കെ ഐ.ടി ഫാക്ടറി നോക്കിക്കോളും. സെറ്റ് ‘ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്.
എസ്.എന്‍ സ്വാമിയും ഷാജി കൈലാസും എ.കെ സാജനും ആണ് മാതൃഭൂമിയുടെ വിദഗ്ധരെന്നും ത്രില്ലര്‍ സിനിമകളുടെ തിരക്കഥയും സംവിധാനവും ചെയ്ത മൂന്നു പേരുടെ വിലയിരുത്തലാണ് മാതൃഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും ഇതാണ് മാതൃഭൂമിയുടെ സാമാന്യബോധമെന്നുമാണ് സോഷ്യല്‍മീഡിയയില്‍ ഡോ. ജിനേഷ് പി.എസ് കുറിച്ചത്.
‘കാശ് കൊടുത്ത കണ്ട സിനിമയെക്കുറിച്ച് റിവ്യൂ ചെയ്താല്‍ അത് ബോംബിംഗ്. ഒരു കുട്ടിയടക്കം മൂന്നാള് മരിച്ച റിയല്‍ ബോംബ് സ്‌ഫോടനത്തെപ്പറ്റി എഡിറ്റ് പേജില്‍ സിനിമാക്കാരുടെ ഊള റിവ്യൂ, വായില്‍ തോന്നിയ അഭിപ്രായം പറച്ചില്‍. പത്താളുടെ ചീത്തവിളി വാങ്ങി, നെഗറ്റീവ് പബ്ലിസിറ്റിയുണ്ടാക്കി ശ്രദ്ധ വാങ്ങലാണ് പരിപാടി’ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ഇളയടത്ത് പ്രതികരിച്ചത്.
മാധ്യമപ്രവര്‍ത്തനം എന്നല്ല ഈ പണിയുടെ പേര്. ഇവിടെ മാതൃഭൂമിക്കും ബോധമില്ല, അഭിപ്രായം പറഞ്ഞവര്‍ക്കും സാമാന്യബോധം ഇല്ല. സാമാന്യബോധം ഉണ്ടായിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല ദയനീയം മാതൃഭൂമീ, പരിതാപകരം എന്നാണ് ചില കമന്റുകള്‍.
മൂന്ന് പേരാണ് ബോംബ് സ്‌ഫോടനത്തില്‍ പൊള്ളിക്കരിഞ്ഞ് മരിച്ചത്. 51 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രതി കീഴടങ്ങിയെങ്കിലും അന്വേഷണം നടക്കുന്നതേ ഉള്ളൂ. കേരളം മരവിച്ചു നിന്ന ഒരു ദിവസത്തിനൊടുവില്‍ ഇങ്ങനൊരു പീസ് പത്രത്തില്‍ അച്ചടിക്കാന്‍ തീരുമാനിച്ച ആളുടെ തല ദേശീയ സമ്പത്തായി പ്രഖ്യാപിച്ച് വെയിലും മഴയും കൊള്ളാതെ കാക്കണം. ഇതിനി ആളെ കൂളാക്കാനുള്ള ഐറ്റം ആണെന്ന് പറയുമോ ആവോ ‘വകതിരിവ് എന്നത് ഏഹേ’ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ഹര്‍ഷന്‍ പൂപ്പാറക്കാരന് ഫേസ്ബുക്കില്‍ കമന്റ് ചെയ്തത്.
എത്രയും പെട്ടെന്ന് അന്വേഷണം എസ്.എന്‍ സ്വാമിയേയും ഷാജി കൈലാസിനേയും സുരേഷ് ഗോപിയേയും ഏല്‍പ്പിക്കണമെന്നും ഇതിനു പിന്നിലുള്ള സകല ജിഹാദി ഹമാസ് ബന്ധങ്ങളും അവര്‍ വെളിച്ചത്തു കൊണ്ടുവന്നിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടിനെതിരെ പരിഹസിച്ചുകൊണ്ടുള്ള മറ്റൊരു കമന്റ്.
നാളെ റോക്കി ഭായ് വരുന്നു എന്നാ കേട്ടത്, കെ.ജി.എഫ് മൈന്‍ഡില്‍ കളമശേരി സംഭവം വിശകലനം ചെയ്യുന്നു. മറ്റന്നാള്‍ ഉദയ് കൃഷ്ണ -സിബി കെ തോമസ്. ഈ വിശകലനങ്ങളെല്ലാം ചേര്‍ത്ത് മാതൃഭൂമി ഒരു ക്രിയേറ്റീവ് എഫ്.ഐ.ആര്‍. ഉണ്ടാക്കും. പൊലീസിന് നല്‍കും, വേണേല്‍ എടുത്തോട്ടെ. കൂടുതല്‍ ഐഡിയ വേണേല്‍ മനോജ് കെ.ദാസ് ഉണ്ടല്ലോ ഇപ്പോള്‍ അവിടെ, എഴുതാന്‍ ശരത്തുമുണ്ട്. രണ്ട് ദിവസം മുമ്പേ ഫിലിം റിവ്യൂ പരമ്പര എഴുതിയ അതേ പേനയാണ് ഇതിനും ഉപയോഗിച്ചത് എന്നിങ്ങനെയാണ് മറ്റൊരു പ്രതികരണം.
ദൃശ്യം മോഡല്‍ ഒരു കൊലപാതകം നടന്നാല്‍ അതില്‍ ജിത്തു ജോസ് ആയിരിക്കുമോ അഭിപ്രായം പറയാന്‍ ‘വിദഗ്ധന്‍’ എന്നും മാതൃഭൂമിക്ക് ഇനിയൊരു തിരിച്ചുവരവ് കഠിനമാണെന്നുമാണ് മറ്റു കമന്റുകള്‍.
മാതൃഭൂമി ഉള്‍പ്പെടെ പല മാധ്യമങ്ങളും പ്രതി ‘ഡൊമിനിക് ‘ ആയതില്‍ ഫ്രസ്‌ട്രേറ്റഡ് ആണ്. മാര്‍ട്ടിനല്ല പ്രതി എന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ മാക്‌സിമം ശ്രമിക്കുന്നുണ്ട്. ഇന്നലത്തെ ഒരു ഇന്ത്യ ടുഡേ വീഡിയോയുടെ തമ്പ്‌നെയില്‍ ഡൊമിനിക് മാര്‍ട്ടിന്റെ ദുബായ് ലിങ്ക് എന്നായിരുന്നു
അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ നില്‍ക്കുന്ന, ഗുരുതരമായി പൊള്ളലേറ്റവര്‍ ഇപ്പോഴും ജീവിതത്തിനും മരണത്തിനുമിടയില്‍ നില്‍ക്കുമ്പോള്‍
ചില്ലിട്ടു വയ്‌ക്കേണ്ട ഒരു പീസ് തന്നെയാണ് മാതൃഭൂമിയുടെ ഈ റിപ്പോര്‍ട്ടിങ് എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
Content Highlight: Mathrubhumi Cinema Style Reporting On kalamassery Issue