| Saturday, 20th March 2021, 3:22 pm

മാപ്പ് പറഞ്ഞ് മാതൃഭൂമി: ബി.ജെ.പി വെറുക്കപ്പെട്ട പാര്‍ട്ടിയാണെന്ന പ്രയോഗത്തില്‍ ഖേദം പ്രകടിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബി.ജെ.പി വെറുക്കപ്പെട്ട പാര്‍ട്ടിയാണെന്ന പ്രയോഗത്തില്‍ മാപ്പ് പറഞ്ഞ് മാതൃഭൂമി. മാതൃഭൂമി ന്യൂസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പിയാണെന്ന് കണ്ടെത്തിയെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വേ ഫലത്തില്‍ ചാനല്‍ പറഞ്ഞത്.

ബി.ജെ.പി നേതാക്കള്‍ ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഖേദം പ്രകടിപ്പിച്ച് മാതൃഭൂമി എത്തിയിരിക്കുന്നത്. മാതൃഭൂമി ചീഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണനാണ് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അറിയിച്ചത്.

‘മാതൃഭൂമി ന്യൂസും സീ വോട്ടറും ചേര്‍ന്ന് നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാര്‍ട്ടി ഏത് എന്നൊരു ചോദ്യമുണ്ടായിരുന്നു. വെറുക്കപ്പെട്ട പാര്‍ട്ടി എന്ന പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു.

ആ ബോധ്യമുണ്ടായ നിമിഷം തന്നെ തത്സമയം ഞാന്‍ അത് തിരുത്തുകയും ചെയ്തു. എന്നാല്‍ തീര്‍ച്ചയായും അത് ജാഗ്രതക്കുറവ് തന്നെയാണ്. ഈ പ്രയോഗം ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കില്‍, അത് എന്റെ ഭാഗത്തുനിന്നുള്ള പിഴവായതിനാല്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു,’ ഉണ്ണി ബാല
കൃഷ്ണന്‍ പറഞ്ഞു.

വെറുക്കപ്പെട്ട പാര്‍ട്ടി പ്രയോഗത്തില്‍ പ്രതിഷേധിച്ച് സര്‍വേയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നിന്നും ബി.ജെ.പി നേതാവ് പി.ആര്‍ ശിവശങ്കര്‍ ഇറങ്ങിപ്പോയിരുന്നു.

‘വെറുക്കപ്പെട്ട പാര്‍ട്ടി എന്ന ആശയമോ രീതിയോ ജനാധിപത്യത്തില്‍ ഇല്ലയെന്നത് കൊണ്ട്, ആ ചോദ്യം സര്‍വ്വേയിലും ചര്‍ച്ചയിലും ഉയര്‍ത്തിയ രീതിയെ അംഗീകരിക്കുന്നില്ല. ബി.ജെ.പിയെ അവഹേളിച്ച മാതൃഭൂമി ചാനലില്‍ ഇരിക്കേണ്ട എന്ന എന്റെ പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അറിയിച്ചതിനാല്‍ ചര്‍ച്ചയില്‍ നിന്ന് പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോകുന്നു,’ പി.ആര്‍ ശിവശങ്കര്‍ പറഞ്ഞു.

അതേസമയം വെറുക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയെന്ന പ്രയോഗത്തെ ഉണ്ണി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം തന്നെ ചര്‍ച്ചയില്‍ തിരുത്തിയിരുന്നു. വെറുക്കപ്പെട്ട എന്ന വാക്കിന് പകരം സ്വീകാര്യമല്ലാത്ത പാര്‍ട്ടിയെന്ന് തിരുത്തുന്നതായാണ് അദ്ദേഹം പറഞ്ഞത്.

34.3 ശതമാനം പേരാണ് ബി.ജെ.പിയെ ഏറ്റവും വെറുക്കുന്ന പാര്‍ട്ടിയായി തെരഞ്ഞെടുക്കപ്പെട്ടത്. 11.8 ശതമാനം സി.പി.ഐ.എം പാര്‍ട്ടിയെ ആണ് ഏറ്റവും വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്. മുസ്ലിം ലീഗ് പാര്‍ട്ടിയെ 9.1 ശതമാനം പേരും കോണ്‍ഗ്രസ് പാര്‍ട്ടിയെ 8 ശതമാനം പേരുമാണ് വെറുക്കപ്പെടുന്ന പാര്‍ട്ടിയായി തെരഞ്ഞെടുത്തത്.

51 ദിവസം കൊണ്ടാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. 140 മണ്ഡലങ്ങളില്‍ നിന്ന് 14,913 പേര്‍ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തു. 18-85 പ്രായമുളളവരാണ് സര്‍വേയില്‍ പങ്കെടുത്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Mathrubhumi apologise for calling BJP the most hated political party in Kerala in Survey result

We use cookies to give you the best possible experience. Learn more