| Sunday, 22nd July 2018, 12:06 pm

മീശയിലെ പരാമര്‍ശങ്ങള്‍ സ്ത്രീസമൂഹത്തെ അപമാനിക്കുന്നതു തന്നെ; പത്രത്തിനെതിരായ ജനവികാരം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും പി.വി. ചന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കെ. ഹരീഷിന്റെ മീശയിലെ പരാമര്‍ശങ്ങള്‍ സ്ത്രീകളെ അവഹേളിക്കുന്നതെന്ന് മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രന്‍. നോവലിലെ പ്രസ്താവനകള്‍ അമ്പലത്തില്‍ പോകുന്ന തന്റെ ഭാര്യയും മകളുമടക്കമുള്ള സ്ത്രീസമൂഹത്തെ അപമാനിക്കുന്നതാണെന്നാണ് പി.വി ചന്ദ്രന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മാധ്യമപ്രവര്‍ത്തകനായ രാജീവ് രാമചന്ദ്രനാണ് ഫേസ്ബുക്ക് പോസ്റ്റുവഴി കുറിച്ചിരിക്കുന്നത്.

മാതൃഭൂമിക്കെതിരെ ഉയരുന്ന ജനവികാരത്തില്‍ കഴമ്പുണ്ടെന്നും അത് കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും മാനേജിംഗ് എഡിറ്റര്‍ തന്നോടു പറഞ്ഞെന്നും രാജീവിന്റെ കുറിപ്പിലുണ്ട്. എഴുത്തില്‍ തിരുത്തലാവശ്യപ്പെട്ടുകൊണ്ട് എഴുത്തുകാരനോട് സംസാരിക്കാന്‍ അഴ്ചപ്പതിപ്പിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എഡിറ്ററോട് പി.വി. ചന്ദ്രന്‍ നിര്‍ദ്ദേശിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അത് ചെയ്തിരുന്നോയെന്ന് അറിവില്ലെന്നുമാണ് വെളിപ്പെടുത്തല്‍.

മാതൃഭൂമി ഹരീഷിനൊപ്പം നിന്നില്ലെന്ന വാദം തെറ്റാണെന്നും നോവല്‍ പിന്‍വലിക്കാന്‍ എഴുത്തുകാരനുമേല്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്നും ആഴ്ചപ്പതിപ്പില്‍ ജോലി ചെയ്യുന്ന വ്യക്തി ഡൂള്‍ ന്യൂസിനോട് നേരത്തേ പറഞ്ഞിരുന്നു. പത്രാധിപ സമിതി ഹരീഷിനു വേണ്ടുന്ന എല്ലാ പിന്തുണയും കൊടുത്തിട്ടുണ്ടെന്നും ഹരീഷെഴുതിയ വിശദീകരണക്കുറിപ്പ് അഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കുന്നതോടെ തെറ്റിദ്ധാരണകള്‍ അവസാനിക്കുമെന്നുമായിരുന്നു ഔദ്യോഗിക വൃത്തങ്ങള്‍ മുന്‍പു നല്‍കിയ വിവരം.


Also Read: കുട്ടികള്‍ തിരിച്ച് വീട്ടിലെത്തില്ല എന്ന് വരെ സംഘപരിവാര്‍ ഭീഷണിപ്പെടുത്തി: മാതൃഭൂമി ഒപ്പം നിന്നില്ല എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതം


മീശ എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളായിരുന്നു എഴുത്തുകാരനെതിരെ രംഗത്തെത്തിയത്.
കേട്ടാല്‍ അറയ്ക്കുന്ന പദപ്രയോഗങ്ങളാണ് ഹരീഷിനും കുടുംബത്തിനും അവരെ പിന്തുണയ്ക്കുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സംഘപരിവാര്‍ അനുകൂലികള്‍ നടത്തിയിരുന്നത്.

ഹിന്ദു സ്ത്രീകളെ അപമാനിച്ച എഴുത്തുകാരനെ പിന്തുണയ്ക്കുന്നവരെ ചെരിപ്പൂരി അടിക്കുമെന്നായിരുന്നു സംഘപരിവാറിന്റെ ഭീഷണി. ലൈംഗികത്തൊഴില്‍ ചെയ്യുന്ന സ്ത്രീകളാണ് ഹരീഷിനെ പിന്തുണയ്ക്കുന്നതെന്നായിരുന്നു ഇവരുടെ വാദം.

മൂന്ന് ലക്കം പ്രസിദ്ധീകരിച്ച നോവലാണ് ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിക്കുന്നതെന്നും അഞ്ച് വര്‍ഷത്തെ പരിശ്രമമാണ് നോവലെന്നും രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പോരാടാനുള്ള കരുത്തില്ലെന്നും എസ്. ഹരീഷ് പ്രതികരിച്ചിരുന്നു. അരനൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നോവല്‍.

രാജീവ് രാമചന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:

മീശയിലെ പരാമര്‍ശങ്ങള്‍ അമ്പലത്തില്‍ പോകുന്ന തന്‍റെ ഭാര്യയും മകളുമടക്കമുള്ള സ്ത്രീ സമൂഹത്തെ അപമാനിക്കുന്നത് തന്നെയാണെന്നാണ് മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍റെ വ്യക്തിപരമായ അഭിപ്രായം.
എഴുത്തില്‍ തിരുത്തല്‍ വേണമെന്ന് എഴുത്തുകാരനോട് Request ചെയ്യാന്‍ ആഴ്ചപ്പതിപ്പിന്‍റെ ചുമതലക്കാരനായ അസിസ്റ്റന്‍റ് എഡിറ്ററെ ചുമതലപ്പെടുത്തിയിരുന്നതായും
അദ്ദേഹം പറയുന്നു. (അദ്ദേഹം ചുമതല നിര്‍വഹിച്ചോ എന്ന് എം ഇക്ക് അറിയില്ല)
മാതൃഭൂമിക്കെതിരെ ഉയരുന്ന ജനവികാരത്തില്‍ കഴമ്പുണ്ടെന്നും അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നുമാണ് മാനേജിംഗ് എഡിറ്റര്‍ എന്നോട് പറഞ്ഞത്.

We use cookies to give you the best possible experience. Learn more