| Tuesday, 20th April 2021, 5:49 pm

മതിലുകള്‍, ലവ് അറ്റ് ദ ടൈം ഓഫ് കൊറോണ; മലയാളത്തിലെ ആദ്യ ലോക് ഡൗണ്‍പ്രമേയ സ്വതന്ത്ര സിനിമ

മുഹമ്മദ് റാഫി എന്‍.വി

കോവിഡ് 19 ലോക മഹാമാരി നമ്മളെ ഗ്രസിച്ചത് 2020 ഫെബ്രുവരി മാസത്തിലായിരുന്നു. തുടര്‍ന്നു വന്ന ലോക് ഡൗണ്‍ പലായന ജീവനാവസ്ഥ പ്രമേയമായി അന്‍വര്‍ അബ്ദുള്ള രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയാണ് മതിലുകള്‍ ലവ് അറ്റ് ദ ടൈം ഓഫ് കൊറോണ.

കൊറോണ കാലത്ത് നാട്ടില്‍ എത്തപ്പെട്ട എഴുത്തുകാരനായ ഒരു പ്രവാസിയുടെ ഒറ്റപ്പെടലും മാനസിക വിഭ്രാന്തികളും ബഷീറിന്റെ ദര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ വായിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് ഈ സിനിമ. പരാജയപ്പെട്ട എഴുത്തുകാരന്‍ കൂടിയായ പ്രവാസി, ക്വാറന്റൈന്‍ ഏകാന്തതയില്‍ തന്റെ, അതേ നിലയില്‍ കഴിയുന്ന ഒരു സ്ത്രീയുമായി ബന്ധത്തിലാകുന്നതും കൊറോണ കാലത്തെ ഏകാന്ത മനുഷ്യന്റെ വിഭ്രാന്തികള്‍ ദൃശ്യങ്ങളുടെ രൂപകങ്ങള്‍ കൊണ്ട് വായിച്ചെടുക്കുന്നതും ആത്യന്തികമായി മനുഷ്യഷ്യന്‍ എന്ന ഒറ്റയെ പ്രമേയവല്‍ക്കരിക്കുന്നതുമൊക്കെ സിനിമയുടെ സവിശേഷതയാണ്.

ആള്‍ക്കൂട്ടത്തില്‍ തനിയെ എന്ന രൂപകവാങ്മയം സൃഷ്ടിച്ചത് എം.ടിയാണ്. ആ ആന്തരികാനുഭവം കൊറോണ ലോക്ഡൗണ്‍ കാലത്ത് ഭൗതികാനുഭവമായിമാറിയത് എങ്ങിനെയെന്ന് സിനിമയുടെ ആദി പാതി ചിത്രീകരിക്കുന്നു. ചുറ്റും ഒരുപാട് പേരുണ്ട് എങ്കിലും ഞാന്‍ ഒറ്റക്ക് എന്ന ഒട്ടൊക്കെ കാല്പനികവല്‍ക്കരിച്ച ദര്‍ശനമല്ല രോഗാണു സംവാഹകനാണോ എന്ന സംശയത്തിന്റെ പേരിലുള്ള ഒറ്റപ്പെടല്‍! അത് ഏകാന്തത എന്ന അസഹനീയവും ശാന്തവുമായ കല്‍തുറുങ്കുകള്‍ തന്നെ! പ്രവാസാനന്തര ജയില്‍ ജീവിതവും ഒറ്റപ്പെട്ടവന്റെ ഭൗതികവും ആത്മീയവും ആയ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും ചിത്രീകരിക്കുകയാണ് പ്രസ്തുത സിനിമ.

ലോക് ഡൗണിലകപ്പെട്ട പ്രവാസിയും പരാജയപ്പെട്ട എഴുത്തുകാരനുമായ നായകന്റെ ചില ഫോണ്‍ സംഭാഷണങ്ങള്‍ ഇങ്ങിനെ പോകുന്നു:
‘എന്തു ചെയ്യുന്നു? ‘
‘ഒന്നും ചെയ്യുന്നില്ല’
‘വല്ലതും വായിച്ചുകൂടേ?’
‘പുസ്തകങ്ങളെടുത്താരുന്നു. വായിക്കാന്‍ തോന്നുന്നില്ല. ഒരിക്കെ വായിച്ചതാന്നല്ലോ മിക്കതും. അതിനെടേല് ഒരു തമാശ. പുസ്തകങ്ങക്കെടേലൊണ്ട് ഡ്രാക്കുള ഇരിക്കുന്നു…
‘രക്തരക്ഷസ്സായ ഡ്രാക്കുളയാണോ?’ എഴുത്തു പുനരാരംഭിച്ചുകൂടേ.
‘എഴുത്തൊന്നും ഇനി വരുമെന്നു തോന്നുന്നില്ല. പൗരത്വപ്രശ്നത്തെപ്പറ്റി ഒന്നുരണ്ടു കവിതകളെഴുതീരുന്നു. അതിനൊന്നും ഇനി ഒരര്‍ത്ഥോമില്ല…, …അവസാനത്തെ ജീവനേം ചെലപ്പോ കൊറോണ തിന്നേക്കാം…
‘ പ്രത്യാശ വേണം!’ .
– പ്രത്യാശ ഒരു കള്ളനാണയമാ. ഇരുതലയ്ക്കും ചാപ്പ മാത്രമുള്ള!’

സിനിമയിലെ സംഭാഷണങ്ങള്‍ അധികവും ഫോണ്‍ ഭാഷണങ്ങളാണ്, ആത്മഗതങ്ങളും! ലോക് ഡൗണ്‍ കാലത്ത് കൈക്കുഞ്ഞുങ്ങളെയും മറ്റും എടുത്തും വലിച്ചും നാടുപിടിക്കാന്‍ പൊരിവെയിലത്ത് പൊള്ളുന്നവരെ ഓര്‍ത്തും മറ്റും നായകനും പലപ്പോഴും പൊള്ളുന്നുണ്ട്. പുറമെയുള്ള ദുരിതം നിറഞ്ഞ ദൗതിക ജീവനാവസ്ഥകള്‍ അറിയാതെയിരിക്കാന്‍ പരമാവധി ശ്രമിക്കുമ്പോഴും അത് പലപ്പൊഴും അവിടെ എത്തി നോക്കുന്നു. അയാള്‍ ആന്തരികമായി ഞെരിപിരി കൊള്ളുന്നു.

സിനിമയിലെ രണ്ടാം പാതി ബഷീറിന്റെ ദര്‍ശനം പ്രധാനമായും വിഖ്യാതമായ മതിലുകള്‍ എന്ന നോവലിലൂടെ ബഷീര്‍ പറയാന്‍ ശ്രമിച്ച ജീവിത ദര്‍ശനത്തില്‍ അഭയം കണ്ടെത്താന്‍ ആഗ്രഹിക്കുന്ന നായകനെയാണ് നമ്മള്‍ കാണുന്നത്. ബഷീറിനെ ഒരുപാട് വായിക്കുകയും ഉള്ളില്‍ പേറുകയും ചെയ്തവര്‍ക്ക് ആവര്‍ത്തന വിരസത അനുഭവപ്പെടാവുന്ന വിധം അത്രക്ക് ഈ ഭാഗം ബഷീര്‍ ഫിലോസഫിയുമായി ഇഴുകിച്ചേരുന്നുണ്ട്.

മതിലുകളിലെ നാരായണി എന്ന സ്ത്രീ മെറ്റഫര്‍ പോലും ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ആത്യന്തികമായി പറയുകയാണെങ്കില്‍ ഒറ്റപ്പെട്ടവന്റെ വേദനകളില്‍കൂടി സന്തൂര്‍ വാദനം മീട്ടുന്ന പോലെയാണ് അന്‍വര്‍ അബ്ദുള്ള തന്റെ കൊറോണ സിനിമ പൂര്‍ത്തീകരിക്കുന്നത്! പ്രേമമെന്ന നിത്യ സ്വാന്തനത്തില്‍ പെണ്ണിന്റെ സാമീപ്യത്തില്‍ അഭയം കണ്ടെത്തുന്നവന്റെ വേപഥുവായി, അല്ലെങ്കില്‍ അതുപോലും ഒരു സ്വപ്ന സമാനമായ അനുഭവം മാത്രമാണെന്ന തിരിച്ചറിവായി അത്രക്ക് രൂക്ഷമായ ഏകതാനതയുടെ മനുഷ്യനെന്ന സിനിമയായി ആ വേദനിക്കുന്ന സന്തൂര്‍ വാദനം നിലയ്ക്കുന്നു.

മുഹമ്മദ് എ ചെയ്ത ഛായ കുറെ രൂപകങ്ങളെ ആനയിക്കുന്നുണ്ട്. പാതി ജീവന്‍ പോയ പാറ്റയെ പൊതിഞ്ഞ് എങ്ങോട്ടോ കൊണ്ടുപോയി അതിജീവന പ്രത്യാശയുമായി നീങ്ങുന്ന ഉറുമ്പുകളും എപ്പോഴും കലമ്പല്‍ കൂട്ടികൊണ്ടിരിക്കുന്ന കാക്കകളും മറ്റുമായി വിജനമായ ഏകാന്തതയുടെ നിഴലും വെളിച്ചവും കൊണ്ട് ആ ഛായ ദൃശ്യരേഖകള്‍ തീര്‍ക്കുന്നു.

കിം കി ദുഖ് ആണ് ലോകസിനിമയില്‍ ഒറ്റ മനുഷ്യന്‍ മാത്രമുള്ള ഒരു സിനിമ ചെയ്തത്. മതിലുകളില്‍ ഇതേ രൂപത്തില്‍ ഒരു മനുഷ്യന്‍
ഒറ്റയും ഏകവുമായ ലോകമായി മാറുകയും ഒറ്റയാക്കലിന്റെ തടവിലകപ്പെട്ട മാനവന്റെ ആന്തരിക ലോകമെന്ന വിശാല സ്ഥൂലതയിലേക്ക് ക്യാമറ സൂക്ഷ്മമാവുകയും ചെയ്യുന്നു ‘ലവ് അറ്റ് ദ ടൈം ഓഫ് കൊറോണ’യില്‍! ഇല്ലാത്ത കൂട്ട് ഉള്ള വേദനകള്‍. മതിലുകളിലെ നാരായണിയെ
പോലെ അയല്‍പക്കത്ത് എവിടെയോ നിത്യ സാമീപ്യമായി ഇല്ലാത്ത, എങ്കില്‍ ഉള്ള പെണ്ണ്! പെണ്ണിന്റെ ഗന്ധം! സ്വരം! നാദം! ശ്വാസം! ഉള്ളുറവയില്‍ ഉറഞ്ഞു ലാവയായ പെണ്ണുടല്‍!

വേള്‍ഡ് പ്രീമിയം ഷോ മാത്രം പ്രദര്‍ശിപ്പിച്ച ഈ സിനിമ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. പൊതുവെ സ്വതന്ത്ര സിനിമകള്‍ക്ക് പ്‌ളാറ്റ്‌ഫോം തീരെ ഇല്ല എന്നു തന്നെ നമുക്കറിയാവുന്നതാണെല്ലോ. പുതുതായി രൂപപ്പെട്ട ഒ.ടി.ടി അടക്കമുള്ള പ്‌ളാറ്റ്‌ഫോമുകളും നിര്‍ഭാഗ്യവശാല്‍ ഈ വിഭാഗം സിനിമകളെ അവഗണിക്കുന്നു. ഒരു വര്‍ഷത്തിനുശേഷം സമാനമായ ജീവിതാവസ്ഥയിലേക്ക് പൂര്‍ണ്ണമായും തിരിച്ചു പോയ്‌കൊണ്ടിരിക്കുന്ന ഇക്കാലത്തെങ്കിലും ഈ സിനിമക്ക് ഒരു പ്രദര്‍ശന സ്ഥലം ലഭിക്കേണ്ടതുണ്ട്.

Content Highlight: Mathilukal Film Review – Muhammed Rafi NV

മുഹമ്മദ് റാഫി എന്‍.വി

എഴുത്തുകാരന്‍, കഥാകൃത്ത്, ചലച്ചിത്ര നിരൂപകന്‍, അധ്യാപകന്‍. ചലച്ചിത്ര പഠനങ്ങളുടെ സമാഹാരമായ കന്യകയുടെ ദുര്‍നടപ്പുകള്‍ 2018 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രചനാവിഭാഗം ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ സ്വദേശിയാണ്.

We use cookies to give you the best possible experience. Learn more