സമകാലിക ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന പ്ലെയറാണ് മെസി. ഒരു പതിറ്റാണ്ടിലേറെ നീണ്ട കാലം ഫുട്‌ബോള്‍ ആരാധകരെ വിസ്മയിപ്പിക്കുന്ന താരത്തിന് രാജ്യാന്തര താരങ്ങളും ഫുട്‌ബോള്‍ വിദഗ്ധരടക്കം വലിയ ആരാധക കൂട്ടമാണുള്ളത്.
മെസിക്ക് 50 വയസായാലും അദ്ദേഹം കളിക്കുന്നത് കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് റൊണാള്‍ഡോയുടെ യുവന്റസിലെ സഹ താരമായിരുന്ന മത്തിയാസ് സോലെ.
മെസി വിരമിക്കുന്നത് കാണാന്‍ തനിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹത്തിന് 50 വയസായാലും താരം കളി തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നുമാണ് മത്തിയാസ് സോലെ തുറന്ന് പറഞ്ഞിരിക്കുന്നത്.
‘മെസി ഒരിക്കലും വിരമിക്കരുത്. 50 വയസായാലും അദ്ദേഹം കളി തുടരണം,’ മത്തിയാസ് സോലെ പറഞ്ഞു. ടി.എന്‍.ടി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മെസിയെ പറ്റി സോലെ ഇക്കാര്യം പറഞ്ഞത്.
അതേസമയം, ഈ സീസണിന്റെ അവസാനത്തോടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ് അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ബ്രേക്ക് എടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.
1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്.
ജൂലൈ 16നാണ് ഇന്റര്‍ മിയാമി മെസിയെ ആദ്യമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരത്തെ സ്വന്തമാക്കിയതോടെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്റര്‍ മിയാമി മെസിയെ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ പ്രചാരം നേടാനാണ് പദ്ധതിയിടുന്നത്. അതിനാല്‍ വലിയ രീതിയില്‍ ഇതിഹാസത്തെ പ്രെസന്റ് ചെയ്യാനാണ് ഇന്റര്‍ മിയാമിയുടെ തീരുമാനം.
Content Highlights: Mathias Sole praises Lionel Messi