ന്യൂദല്‍ഹി: ശബരിമല പുനപരിശോധനാ ഹരജികളില്‍ വീണ്ടും വാദം കേള്‍ക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. അയ്യപ്പഭക്തരുടെ ദേശീയ കൂട്ടായ്മയ്ക്കുവേണ്ടി അഭിഭാഷകനായ മാത്യൂസ് നെടുമ്പാറയാണ് കോടതിയില്‍ ഈ ആവശ്യം ഉന്നയിച്ചത്.
റിവ്യൂ ഹരജികളില്‍ ഇനിയുള്ള വാദങ്ങള്‍ എഴുതി നല്‍കിയാല്‍ മതിയെന്ന ഇന്നലത്തെ കോടതി ഉത്തരവ് പിന്‍വലിച്ച് വാദം കേള്‍ക്കണമെന്നായിരുന്നു മാത്യൂസ് നെടുമ്പാറയുടെ ആവശ്യം. തനിക്ക് ഇന്നലെ വാദത്തിന് അവസരം ലഭിച്ചില്ലെന്നും ഇന്നലെ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ വാദങ്ങള്‍ തനിക്ക് ഉന്നയിക്കാന്‍ ഉണ്ടെന്നും മാത്യുസ് നെടുമ്പാറ പറഞ്ഞു.
ചീഫ് ജസ്റ്റിസ് തന്നോട് മോശമായി പെരുമാറിയെന്നും മാത്യൂസ് നെടുമ്പാറ പരാതിപ്പെട്ടു. കേരളത്തില്‍ ശബരിമലയും സഭാ തര്‍ക്കവും കാരണം വലിയ അസ്വസ്ഥതയായെന്നും വാദം കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ വാദങ്ങള്‍ എഴുതി നല്‍കിയാല്‍ മതിയെന്ന് കോടതി പറഞ്ഞു. എഴുതി നല്‍കുന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ വീണ്ടും തുറന്ന കോടതിയില്‍ വാദത്തിന് അവസരം നല്‍കാമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.
ഇന്നുരാവിലെ സുപ്രീം കോടതി ബെഞ്ച് സിറ്റിങ് തുടങ്ങിയ വേളയില്‍ കേസ് മെന്‍ഷന്‍ ചെയ്യാന്‍ മാത്യൂസ് അനുമതി തേടുകയായിരുന്നു. ഒരു മിനിറ്റ് എന്ന് ദേഷ്യത്തില്‍ പറഞ്ഞ ചീഫ് ജസ്റ്റിസ് മറ്റു കേസുകളുടെ മെന്‍ഷനിങ്ങിനുശേഷം പിന്നീട് കാര്യം തിരക്കുകയായിരുന്നു.
ഭരണഘടനാ പരമായ അടിസ്ഥാന വിഷയങ്ങളുണ്ടെന്നു പറഞ്ഞാണ് മാത്യൂസ് നെടുമ്പാറ തുടങ്ങിയത്. എന്നാല്‍ ഇന്നലെ തങ്ങള്‍ വാദം കേട്ടെന്നും മറ്റു വാദങ്ങള്‍ എഴുതി നല്‍കാന്‍ അവസരമുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
“എല്ലാറ്റിനും ഒരു പരിധിയുണ്ട്. നിങ്ങള്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാം.അതില്‍ വാദം കേള്‍ക്കാന്‍ കഴമ്പുണ്ടെന്ന് തോന്നിയാല്‍ ഞങ്ങള്‍ വാദത്തിന് അവസരം നല്‍കും” ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
താന്‍ ഇന്നലെ ഉറങ്ങിയില്ലെന്നും മാത്യൂസ് പറഞ്ഞു. എന്റെ സംസ്ഥാനത്ത് വലിയ അസ്വസ്ഥതയായെന്നും മാത്യൂസ് പറഞ്ഞു. തുടര്‍ന്നാണ് തന്നോട് ചീഫ് ജസ്റ്റിസ് മോശമായി പെരുമാറിയെന്ന് അദ്ദേഹം പറഞ്ഞത്.
ശബരിമല യുവതി പ്രവേശന വിധിക്കെതിരെ റിട്ട് ഹരജി സമര്‍പ്പിച്ച മാത്യൂസ് നെടുമ്പാറയോട് കോടതിയുടെ സമയം പാഴാക്കരുതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരു്‌നു. റിട്ട് ഹരജികള്‍ക്ക് പകരം പുനപരിശോധനാ ഹരജിയില്‍ ആദ്യം വാദം കേള്‍ക്കണമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. കൂടാതെ വാദം ഉന്നയിക്കാന്‍ സമയം ആവശ്യപ്പെട്ട് പലതവണ എഴുന്നേറ്റ മാത്യൂസ് നെടുമ്പാറയെ ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചിരുന്നു.