| Saturday, 31st December 2022, 4:00 pm

ആരും പേടിക്കണ്ട, ആശാന് സൂര്യകുമാറിന്റെ ബാധ കൂടിയതാണ്; ബി.ബി.എല്ലില്‍ ബീസ്റ്റ് മോഡില്‍ വേഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഡിസംബര്‍ 31ന് ബിഗ് ബാഷ് ലീഗില്‍ നടന്ന ഹൊബാര്‍ട്ട് ഹറികെയ്ന്‍-സിഡ്‌നി തണ്ടര്‍ മത്സരത്തില്‍ മാത്യു വേഡിന്റെ അക്ഷരാര്‍ത്ഥത്തിലുള്ള അഴിഞ്ഞാട്ടത്തിനായിരുന്നു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.

ബ്രന്‍ഡന്‍ മക്കല്ലത്തിന് ശേഷം ഏറ്റവും വേഗത്തില്‍ ബി.ബി.എല്ലില്‍ അര്‍ധ സെഞ്ച്വറി തികയ്ക്കുന്ന താരമായിക്കൊണ്ടാണ് വേഡ് ചരിത്രം സൃഷ്ടിച്ചത്. 19 പന്തില്‍ നിന്നായിരുന്നു വേഡിന്റെ ഫിഫ്റ്റി. ഹറികെയ്ന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയും ഇതുതന്നെയായിരുന്നു.

തോറ്റെങ്കിലും വേഡിന്റെ പ്രകടനം തന്നെയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഹറികെയ്ന്‍സിന് പിഴക്കുകയായിരുന്നു.

ഓപ്പണര്‍മാര്‍ കത്തിക്കയറിയതോടെയാണ് തണ്ടര്‍ സ്‌കോര്‍ ഉയര്‍ന്നത്. ഓപ്പണര്‍ മാത്യു ജില്‍ക്‌സിന്റെ വിക്കറ്റാണ് തണ്ടറിന് ആദ്യം നഷ്ടമായത്. 16 പന്തില്‍ നിന്നും 33 റണ്‍സ് നേടിയാണ് താരം പുറത്തായത്.

ജില്‍ക്‌സ് പുറത്തായെങ്കിലും റിലി റൂസോയെ കൂട്ടുപിടിച്ച് അലക്‌സ് ഹേല്‍സ് സ്‌കോര്‍ ഉയര്‍ത്തി. ടീം സ്‌കോര്‍ 74ല്‍ നില്‍ക്കവെ റൂസോയെ നഷ്ടമായെങ്കിലും നാലാമനായ ഒലിവര്‍ ഡേവിസിനെ കൂട്ടുപിടിച്ച് ഹേല്‍സ് അടി തുടര്‍ന്നു.

ഹേല്‍സിനൊപ്പം ചേര്‍ന്ന് ഒലിവറും ഹറികെയ്ന്‍ ബൗളര്‍മാരെ പഞ്ഞിക്കിട്ടപ്പോള്‍ സ്‌കോര്‍ ഉയര്‍ന്നു. ഹേല്‍സ് 77 റണ്‍സ് നേടി പുറത്തായപ്പോള്‍ ഒലിവര്‍ ഡേവിസ് 65 റണ്‍സും നേടി. ഒടുവില്‍ നിശ്ചിത ഓവറില്‍ 228 ന് ആറ് എന്ന നിലയിലാണ് സിഡ്‌നി കളിയവസാനിപ്പിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹറികെയന്‍സിന് മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഡിയാര്‍സി ഷോര്‍ട്ടിനെ നേരത്തെ നഷ്ടപ്പെട്ട ഹറികെയ്ന്‍സിനായി മൂന്നാമന്‍ മാത്യു വേഡ് ആഞ്ഞടിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു.

സിഡ്‌നി താരം ബ്രന്‍ഡന്‍ ഡോഗെറ്റ് എറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് സിക്‌സറുകളാണ് താരം സ്വന്തമാക്കിയത്. മൂന്ന് സിക്‌സറും സമാനമായ രീതിയിലായിരുന്നു എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. മൂന്നാം ഓവറിലെ മൂന്ന്, അഞ്ച്, ആറ് പന്തുകളിലായിരുന്നു വേഡിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ പിറന്നത്.

30 പന്തില്‍ നിന്നും 67 റണ്‍സെടുത്താണ് വേഡ് പുറത്തായത്. ബെന്‍ കട്ടിങ്ങിന്റെ പന്തില്‍ റിലി റൂസോക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

എന്നാല്‍ മറ്റു താരങ്ങള്‍ക്കൊന്നും ടീം സ്‌കോറിലേക്ക് വേണ്ട രീതിയില്‍ സംഭാവന നല്‍കാന്‍ കഴിയാതെ വന്നതോടെ ഹറികെയ്ന്‍സ് 62 റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.

15 പന്തില്‍ നിന്നും 25 റണ്‍സ് നേടിയ ടിം ഡേവിഡും 19 പന്തില്‍ 20 റണ്‍സ് നേടിയ കാലേബ് ജുവലുമാണ് ഹറികെയ്ന്‍സ് നിരയില്‍ പൊരുതിയത്.

കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിക്കാനും സിഡ്‌നിക്കായി. ഏഴ് മത്സരത്തില്‍ നിന്നും നാല് ജയമടക്കം എട്ട് പോയിന്റാണ് സിഡ്‌നിക്കുള്ളത്.

അഞ്ച് മത്സരത്തില്‍ നിന്നും രണ്ട് ജയം മാത്രമുള്ള ഹറികെയ്ന്‍സ് ആറാം സ്ഥാനത്താണ്.

Content Highlight: Mathew Wade’s incredible knock in BBL

We use cookies to give you the best possible experience. Learn more