ഓസ്‌ട്രേലിയൻ സൂപ്പർതാരത്തിന് എട്ടിന്റെ പണി; ജയിച്ചിട്ടും കിട്ടിയത് കനത്ത തിരിച്ചടി
Cricket
ഓസ്‌ട്രേലിയൻ സൂപ്പർതാരത്തിന് എട്ടിന്റെ പണി; ജയിച്ചിട്ടും കിട്ടിയത് കനത്ത തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 10th June 2024, 8:06 pm

ഐ.സി.സി ടി-20 ലോകകപ്പില്‍ ജൂണ്‍ എട്ടിന് നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ ടൂര്‍ണമെന്റിലെ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിനെ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

എന്നാല്‍ ഈ മത്സരത്തില്‍ അമ്പയറിനെതിരെ മോശം പെരുമാറ്റം നടത്തിയതിനെതിരെ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ മാത്യു വെയ്ഡിന് പിഴ ചുമത്തിയിരിക്കുകയാണ് ഐ.സി.സി. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പെരുമാറ്റ ചട്ടത്തിന്റെ ലവന്‍ ലെവല്‍ വണ്‍ നിയമം ലംഘിച്ചതിനാണ് വെയ്ഡിന് ശിക്ഷ നേരിടേണ്ടി വന്നത്.

ഇംഗ്ലണ്ട് താരം ആദില്‍ റഷീദ് എറിഞ്ഞ ഓവറില്‍ വെയ്ഡ് ബാറ്റ് ചെയ്യുകയും എന്നാല്‍ അത് ഒരു ഡെഡ് ബോള്‍ വിളിക്കുമെന്ന് താരം പ്രതീക്ഷിച്ചുവെങ്കിലും അമ്പയര്‍ വെയ്ഡിന് അനുകൂലമല്ലാത്ത വിധി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വെയ്ഡ് അമ്പയറിനെതിരെ തര്‍ക്കിക്കുകയും തന്റെ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തത്. ഇതിനു പിന്നാലെയാണ് താരത്തെ ഐ.സി.സി ശിക്ഷിച്ചത്.

‘ഇന്റര്‍നാഷണല്‍ മത്സരത്തിനിടെ അമ്പയറിന്റെ തീരുമാനത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഐ.സി.സി പെരുമാറ്റചട്ട പ്രകാരം കളിക്കാര്‍ക്കും കളിക്കാരെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും വേണ്ടി ഐസിസി കൊണ്ടുവന്ന നിയമത്തിലെ 2.8 നിയമലംഘനമാണ് വെയ്ഡിന്റെ ഈ പ്രവര്‍ത്തിയില്‍ കണ്ടെത്തിയത്. ഇതിനുപുറമേ വെയ്ഡിന്റെ അച്ചടക്ക റെക്കോഡുകളില്‍ ഒരു ഡീമെറിറ്റ് പോയിന്റും ചേര്‍ത്തിട്ടുണ്ട്. 24 മാസത്തിനുള്ളിലുള്ള വെയ്ഡിന്റെ ആദ്യത്തെ കുറ്റകൃത്യമാണ് ഇത്,’ ഐ.സി.സിയുടെ പ്രസ്താവനയില്‍ പറയുന്നു.

ഇംഗ്ലണ്ട്- ഓസ്‌ട്രേലിയ മത്സരം നിയന്ത്രിച്ചിരുന്ന ഫീല്‍ഡ് അമ്പയര്‍മാരായ നിതിൻ മേനോന്‍ ജോയല്‍ വില്‍സണ്‍ തേര്‍ഡ് അമ്പയര്‍ ആസിഫ് യാക്കൂബ് ഫോര്‍ത്ത് അമ്പയര്‍ ജയരാമന്‍ മദൻഗോപാൽ എന്നിവര്‍ ചേര്‍ന്നാണ് വെയ്ഡിനെതിരെ കുറ്റം ചുമത്തിയത്.

അതേസമയം ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഗ്രൂപ്പ് ബിയില്‍ നാല് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് കങ്കാരുപ്പട. ജൂണ്‍ 12ന് നമീബിയക്കെതിരെയാണ് ഓസ്‌ട്രേലിയയുടെ അടുത്ത മത്സരം. സര്‍ വിവിയന്‍ റീചാര്‍ഡ്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Mathew Wade Huge Set Back for ICC