കുമ്പളങ്ങി നൈറ്റ്‌സ് (2019) എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് മാത്യു തോമസ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മാത്യു പിന്നീട് ജനശ്രദ്ധ നേടുന്നത്.
വിജയ് – ലോകേഷ് കോമ്പോയുടെ ലിയോയിലൂടെ തമിഴിലും മാത്യു തന്റെ സാന്നിധ്യമറിയിച്ചിരുന്നു. അതിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ പ്രേമലുവിലും മാത്യു ചെറിയൊരു റോളില്‍ അഭിനയിച്ചിരുന്നു.
ആ സിനിമയുടെ സക്‌സസ് മീറ്റിന്റെ സമയത്ത് നടന്‍ വിജയരാഘവന്‍ തന്നോട് സംസാരിച്ചതിനെ കുറിച്ച് പറയുകയാണ് മാത്യു തോമസ്. പ്രേമലുവില്‍ വളരെ കുറച്ച് സമയം മാത്രമുള്ള തന്നോട് അദ്ദേഹം അഞ്ചോ പത്തോ മിനിട്ട് ആ സിനിമയെ കുറിച്ച് സംസാരിച്ചെന്നാണ് മാത്യു പറയുന്നത്. സില്ലിമോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാത്യു തോമസ്.
‘പ്രേമലുവിന്റെ സക്‌സസ് മീറ്റിന്റെ സമയത്ത് കുട്ടേട്ടന്‍ അതായത് വിജയരാഘവന്‍ സാര്‍ എന്നോട് സംസാരിച്ചിരുന്നു. ഞാന്‍ ആ സിനിമയില്‍ വളരെ കുറച്ച് സമയം മാത്രമല്ലേയുള്ളത്. എന്നാല്‍ കുട്ടേട്ടന്‍ അഞ്ചോ പത്തോ മിനിട്ട് ആ സിനിമയെ കുറിച്ച് എന്നോട് സംസാരിച്ചു.
വളരെ നന്നായിരുന്നുവെന്നൊക്കെ അദ്ദേഹം പറഞ്ഞു. ഞാന്‍ അന്ന് ശരിക്കും ഞെട്ടിപ്പോയി. എന്നോട് ആ സിനിമയെ പറ്റിയോ എന്റെ കഥാപാത്രത്തെ പറ്റിയോ സംസാരിക്കേണ്ട ആവശ്യം ശരിക്കുമില്ലല്ലോ. അന്ന് എനിക്ക് നല്ല സന്തോഷം തോന്നി,’ മാത്യു തോമസ് പറയുന്നു.
ബ്രൊമന്‍സ് ആണ് മാത്യുവിന്റേതായി വരാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മിച്ച് അരുണ്‍ ഡി. ജോസാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നിവയുടെ സംവിധായകനാണ് അരുണ്‍ ഡി. ജോസ്. മാത്യു തോമസിന് പുറമെ മഹിമ നമ്പ്യാര്‍, അര്‍ജുന്‍ അശോകന്‍, ശ്യാം മോഹന്‍, സംഗീത് പ്രതാപ്, കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.
Content Highlight: Mathew Thomas Talks About Vijayaraghavan And Premalu