ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ മുന്‍നിര യുവനടന്മാരില്‍ ഒരാളായി മാറിയ താരമാണ് മാത്യു തോമസ്. കുമ്പളങ്ങി നൈറ്റ്സിലൂടെയാണ് മാത്യു സിനിമ ലോകത്തേക്ക് കടന്നുവന്നത്. പിന്നീട് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ മാത്യു കൂടുതല്‍ ജനപ്രിയനായി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിലും മാത്യു തന്റെ സാന്നിധ്യമറിയിച്ചു. ചിത്രത്തില്‍ വിജയിയുടെ മകനായാണ് മാത്യു എത്തിയത്.
സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിജയിയെ കുറിച്ച് സംസാരിക്കുകയാണ് മാത്യു തോമസ്. വിജയിയുടെ കൃത്യനിഷ്ഠത തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് മാത്യു തോമസ് പറയുന്നു.
‘ഞാന്‍ നിരീക്ഷിച്ച കാര്യം എന്താണെന്ന് വെച്ചാല്‍ അദ്ദേഹം വളരെ കൃത്യനിഷ്ഠയുള്ള ആളാണ്. സെറ്റില്‍ ആദ്യം വരുന്ന വ്യക്തി അദ്ദേഹമായിരിക്കും. സാറിന്റെ ഷൂട്ട് കഴിഞ്ഞാലും എല്ലാവരുടെയും കൂടെ സമയം സ്പെന്റ് ചെയ്താണ് അദ്ദേഹം പോകാറുള്ളത്. സ്‌ക്രിപ്റ്റ് എപ്പോഴും അദ്ദേഹത്തിന്റെ കയ്യിലുണ്ടാകും. ഒരു സീന്‍ എടുക്കുമ്പോള്‍ പോക്കറ്റില്‍ സ്‌ക്രിപ്റ്റ് ഉണ്ടാകും. ഇടക്കിടക്ക് അദ്ദേഹം അതെടുത്ത് വായിച്ച് നോക്കും. അത്രക്ക് ഡെഡിക്കേറ്റഡാണ്.
ഭയങ്കര പങ്ച്വല്‍ ആണ് വിജയ് സാര്‍. ഒരു ദിവസം ഷൂട്ട് കഴിഞ്ഞ് എല്ലാവരും കൂടെ ആരുടെയോ ബര്‍ത്ത്ഡേ ആഘോഷിക്കാന്‍ വേണ്ടി ഒരു റൂമില്‍ ഒന്നിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ സാറും വന്നു. ഞങ്ങള്‍ കുറേ നേരം കഥയൊക്കെ പറഞ്ഞ് ഇരുന്നു. എല്ലാവരും കിടന്നപ്പോള്‍ രണ്ട് മണിയൊക്കെ കഴിഞ്ഞിരുന്നു. അതിന് ശേഷമാണ് അദ്ദേഹം പോയത്. അത്രയും നേരം ഞങ്ങളുടെ കൂടെ ഇരിക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ലായിരുന്നു.
പിറ്റേ ദിവസം ഏഴ് മണി ആയപ്പേള്‍ സാര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. അതെനിക്ക് ഭയങ്കര അത്ഭുതമായി തോന്നി. സാര്‍ അത്രക്കും ഷാര്‍പ്പാണ്. അദ്ദേഹത്തിന്റെ ക്രിത്യനിഷ്ഠത കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്,’ മാത്യു തോമസ് പറയുന്നു.
Content Highlight: Mathew Thomas Talks About Vijay