ചുരുങ്ങിയ കാലംകൊണ്ട് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനായി മാറാന്‍ സാധിച്ച വ്യക്തിയാണ് മാത്യു തോമസ്. 2019ല്‍ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച മാത്യു ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന യുവ നടന്മാരാണ് നസ്ലനും മാത്യു തോമസും. ഇരുവരും തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, പ്രേമലു, നെയ്മര്‍, ജോ & ജോ, പ്രേമലു തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. എന്നാല്‍ തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ദിനങ്ങള്‍ തനിക്ക് അധികം ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറയുകയാണ് മാത്യു തോമസ്. ആ ചിത്രത്തില്‍ താന്‍ അഭിനയിച്ചതിനാല്‍ കോമഡി എല്ലാം ആദ്യമേ അറിയാമായിരുന്നെന്നും അതുകൊണ്ടാണ് ആസ്വദിക്കാന്‍ കഴിയാത്തതെന്നും മാത്യു പറയുന്നു.
എന്നാല്‍ നസ്ലന്‍ അഭിനയിച്ച സൂപ്പര്‍ ശരണ്യയും പ്രേമലുവുമെല്ലാം ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ താന്‍ നന്നായി ആസ്വദിച്ച ചിത്രങ്ങളാണെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. നസ്ലെന്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ആലപ്പുഴ ജിന്‍ഖാനാ എന്ന ചിത്രത്തിന് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്നും മാത്യു പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാത്യു തോമസ്.
‘എനിക്ക് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ പേഴ്‌സണലി അങ്ങനെ ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ല. കാരണം ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. അതിന്റെ കോമഡിയൊക്കെ ഞാന്‍ ആദ്യമേ അറിഞ്ഞതല്ലേ അതുകൊണ്ടാണ്. പക്ഷെ സൂപ്പര്‍ ശരണ്യ ആയാലും പ്രേമലു കാണുമ്പോഴും എനിക്ക് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ നല്ല രീതിയില്‍ ആസ്വദിക്കാന്‍ പറ്റിയിട്ടുണ്ട്.
നസ്ലന്റെ പരിപാടികളൊക്കെ കാണുമ്പൊള്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ഖാലിദ് റഹ്‌മാന്റെ കൂടെ അവന്റെ പുതിയ പടം വരുന്നു എന്നൊക്കെ അറിഞ്ഞപ്പോള്‍ ഞാന്‍ എക്സൈറ്റഡ് ആണ്. അവന്‍ എങ്ങനെ ആയിരിക്കും അതില്‍, സിനിമ ഏത് രീതിയിലുള്ളതാണ് എന്നൊക്കെ അറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്,’ മാത്യു തോമസ് പറയുന്നു.