ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നിര്‍മിച്ച ചിത്രമായിരുന്നു ലിയോ. 2023ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ വിജയ് ആയിരുന്നു ടൈറ്റില്‍ റോളില്‍ എത്തിയത്. ചിത്രത്തില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, തൃഷ, ഗൗതം വാസുദേവ് മേനോന്‍, മഡോണ സെബാസ്റ്റ്യന്‍, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയ വന്‍ താരനിരയായിരുന്നു ഒന്നിച്ചത്.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ഈ മൂന്നാമത്തെ ചിത്രത്തില്‍ വിജയ്‌യുടെ മകനായി എത്തിയത് മാത്യു തോമസാണ്. ഇപ്പോള്‍ ലിയോയെ കുറിച്ച് പറയുകയാണ് മാത്യു. തന്റെ ഏറ്റവും പുതിയ ചിത്രമായ കപ്പിന്റെ ഭാഗമായി ഫില്‍മിബീറ്റിനോട് സംസാരിക്കുകയായിരുന്നു നടന്‍.
‘ലിയോ വലിയ രീതിയില്‍ പോയ സിനിമയാണ്. കാരണം അത്രയും വലിയൊരു സ്റ്റാറിന്റെ പടമാണല്ലോ. അതുകൊണ്ട് എല്ലാവരും കാണും. അവിടെ ചെന്നൈയില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍ കാണുന്ന പടമാണല്ലോ. പിന്നെ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമ കൂടെയായിരുന്നു അത്. എല്‍.സി.യുവിന്റെ ഭാഗമായിരുന്നു ലിയോ.
അതുകൊണ്ടൊക്കെ തന്നെ എല്ലാവരും ആ സിനിമ കാണും. പണ്ട് കേരളത്തില്‍ മാത്രമാണ് എന്നെ ആളുകള്‍ തിരിച്ചറിയുന്നത് അല്ലെങ്കില്‍ മലയാള സിനിമ കണ്ടവര്‍ മാത്രമാണ് എന്നെ തിരിച്ചറിഞ്ഞത്. ഇപ്പോള്‍ ആണെങ്കില്‍ എല്ലാവരും ലിയോയെ കുറിച്ചാണ് പറയുന്നത്. ഹിന്ദിയിലുള്ള ആളുകളാണെങ്കിലും ദല്‍ഹിയില്‍ നിന്നുള്ള ആളുകളാണെങ്കിലും എന്നെ തിരിച്ചറിയുന്നുണ്ട്.
പിന്നെ സിനിമയില്‍ സ്പിയര്‍ എറിയുന്ന സീന്‍ സിംഗിള്‍ ടേക്കാണോയെന്ന് ചോദിച്ചാല്‍ അത് വി.എഫ്.എക്‌സാണ്. പിന്നെ ഒരു സോങ്ങില്‍ സ്പിയര്‍ എറിയുന്നത് ഫസ്റ്റ് ടേക്കായിരുന്നു. അവര് സത്യത്തില്‍ ഒരു മാസം മുമ്പ് എന്നോട് സ്പിയര്‍ എറിയുന്ന സീനിനെ കുറിച്ചൊക്കെ കൃത്യമായി പറഞ്ഞിരുന്നു. അതുകൊണ്ട് ഞാന്‍ അതിന്റെ ബേസിക്‌സ് പഠിച്ചിരുന്നു. പിന്നെ ഷൂട്ടിന്റെ ഇടയില്‍ ട്രെയിന്‍ ചെയ്യാറുണ്ടായിരുന്നു.
മഞ്ഞായത് കൊണ്ട് അവിടെ ആകെ ഐസായിരുന്നു. ഐസില്‍ ട്രെയിനിങ് ചെയ്യുന്നത് വളരെ രസകരമായിരുന്നു. സീനുകളില്‍ ഉള്ള സ്പിയറിന്റെ ഭാഗങ്ങള്‍ വി.എഫ്.എക്‌സ് ആയിരുന്നു. നമ്മുടെ കൈയിലുള്ളതിന് അത്രയും ലെങ്ത് ഉണ്ടാവില്ല. കാരണം ശരീരത്തിലേക്ക് എറിയുമ്പോള്‍ പാളിപോയാല്‍ പ്രശ്‌നമല്ലേ,’ മാത്യു തോമസ് പറഞ്ഞു.
Content Highlight: Mathew Thomas Talks About Leo Movie