| Monday, 23rd September 2024, 4:10 pm

ആ സിനിമക്ക് ശേഷം ഇനി സ്‌കൂള്‍ കഥാപാത്രങ്ങള്‍ ചെയ്യരുതെന്ന് തീരുമാനിച്ചു: മാത്യു തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാത്യു തോമസ് പ്രധാനവേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കപ്പ്’. സഞ്ജു വി. സാമുവല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മാത്യുവിന് പുറമെ ബേസില്‍ ജോസഫ്, ഗുരു സോമസുന്ദരം, തുഷാര പിള്ള, നമിത പ്രമോദ്, അനിഖ സുരേന്ദ്രന്‍, റിയ ഷിബു, കാര്‍ത്തിക് വിഷ്ണു എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

കണ്ണന്‍ എന്ന കഥാപാത്രമായാണ് കപ്പില്‍ മാത്യു തോമസ് അഭിനയിക്കുന്നത്. ബാഡ്മിന്റണ്‍ കളിയില്‍ കപ്പ് നേടണമെന്ന കണ്ണന്റെ ആഗ്രഹവും ഇതിനിടയില്‍ കണ്ണനും അന്നയും തമ്മിലുള്ള മനോഹരമായ പ്രണയവുമാണ് കഥയില്‍ പറയുന്നത്. ഇപ്പോള്‍ സിനിമാപ്രാന്തന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മാത്യു.

‘സത്യത്തില്‍ ഈ സിനിമ ഷൂട്ട് ചെയ്തിട്ട് രണ്ട് വര്‍ഷമായി. ഞാന്‍ കഥ കേള്‍ക്കുന്നത് അതിനും ഒരുപാട് മുമ്പാണ്. പറഞ്ഞു വരുമ്പോള്‍ ഞാന്‍ കഥ കേട്ടിട്ട് തന്നെ മൂന്ന് വര്‍ഷമായി. ഇപ്പോള്‍ ഈ സിനിമയിലെ പോസ്റ്റര്‍ കാണുമ്പോള്‍ എനിക്ക് വലിയ ചമ്മലാണ്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്‌കൂള്‍ ക്യാരക്ടേഴ്‌സ് ചെയ്യരുതെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. ഈ സിനിമയുടെ കഥ വന്ന് പറഞ്ഞപ്പോള്‍ സ്‌കൂള്‍ കഥാപാത്രം ആയതിന്റെ താത്പര്യകുറവ് ഞാന്‍ പറഞ്ഞിരുന്നു. അതേസമയം ഇതൊരു സ്‌പോര്‍ട്‌സ് ഡ്രാമയായത് കൊണ്ട് എനിക്ക് ചെറിയ എക്‌സൈറ്റ്‌മെന്റ് ഉണ്ടായിരുന്നു.

പിന്നെ അധികം ബാഡ്മിന്റന്‍ സിനിമകള്‍ വന്നിട്ടില്ലല്ലോ. അതില്‍ എനിക്ക് വലിയ എക്‌സൈറ്റ്‌മെന്റ് തോന്നി. ഇവര്‍ക്ക് ഈ കഥ പ്ലേസ് ചെയ്യാന്‍ പറ്റുന്നത് സ്‌കൂളില്‍ മാത്രമാണ്. സ്‌കൂളില്‍ നിന്നാണല്ലോ ഒരു സ്‌പോര്‍ട്‌സില്‍ ഡിസ്ട്രിക്റ്റിലും നാഷണല്‍സിലും പോകുന്നത്.

അതുകൊണ്ട് സ്‌കൂളില്‍ അല്ലാതെ മറ്റൊരിടത്തും ഈ കഥ പ്ലേസ് ചെയ്യാന്‍ പറ്റില്ല. അങ്ങനെയാണ് ഞാന്‍ സ്‌കൂള്‍ ക്യാരക്ടര്‍ ആയാലും കുഴപ്പമില്ലെന്ന് പറയുന്നത്. പിന്നെ കുറേ തിരക്കുകള്‍ കാരണമാണ് സിനിമയുടെ റിലീസ് വൈകുന്നത്,’ മാത്യു തോമസ് പറഞ്ഞു.


Content Highlight: Mathew Thomas Talks About His School Character

We use cookies to give you the best possible experience. Learn more