| Wednesday, 1st November 2023, 1:13 pm

'എന്റെ ലുക്ക് മാത്രം വെച്ചല്ല ഞാന്‍ പറയുന്നത്'; അഭിനയിച്ച സിനിമകളിലെ വിജയ് റഫറന്‍സുകളെ കുറിച്ച് മാത്യു'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ‘ലിയോ’ ബോക്സ് ഓഫീസിൽ പുതിയ റെക്കോഡുകൾ തീർത്തുകൊണ്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്. റിലീസിന് മുൻപ് തന്നെ പല തരത്തിലുള്ള അഭ്യൂഹങ്ങൾ ലിയോയെ കുറിച്ച് ആരാധകർക്കിടയിൽ ഉണ്ടായിരുന്നു.

വിജയ്ക്ക് പുറമേ സഞ്ജയ്‌ ദത്ത്, അർജുൻ സാർജ, തൃഷ തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രത്തിൽ മലയാളി സാന്നിധ്യമായി നടൻ മാത്യു തോമസും ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചിരുന്നു.

ചിത്രത്തിൽ വിജയിയുടെ മകന്റെ വേഷത്തിലായിരുന്നു മാത്യു പ്രത്യക്ഷപെട്ടത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ മാത്യുവിന് വിജയിയുമായുള്ള സാമ്യം വലിയ രീതിയിൽ ചർച്ച നേടിയിരുന്നു. ഇതിന് പുറമേ താരത്തിന്റെ ഒരു പഴയ ഫോട്ടോയോടൊപ്പം മാത്യുവിന്റെ ചിത്രവും ചേർത്ത് വെച്ചുകൊണ്ടുളൊരു ഫോട്ടോയും വലിയ ശ്രദ്ധ നേടിയിരുന്നു.

താൻ അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളിലും അറിഞ്ഞോ അറിയാതെയോ വിജയ് റഫറൻസ് കയറി വരാറുണ്ടെന്ന് മാത്യു തോമസ് മുൻപ് പറഞ്ഞിരുന്നു. താനൊരു കടുത്ത വിജയ് ആരാധകനാണെന്നും പോപ്പർ സ്റ്റോപ്പ്‌ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ മാത്യു തോമസ് പറഞ്ഞിരുന്നു.

‘തണ്ണീർ മത്തൻ ദിനങ്ങളിലാണ് ആദ്യമായി ഞാൻ വിജയ് റഫറൻസ് ഉള്ള ഒരു സീൻ അഭിനയിക്കുന്നത്. ഇപ്പോൾ ഏകദേശം പത്തിൽ കൂടുതൽ സിനിമകൾ ഞാൻ അഭിനയിച്ചു കഴിഞ്ഞു. അതിൽ തന്നെ ആറോളം സിനിമകളിൽ അറിഞ്ഞോ അറിയാതെയോ വിജയ് റഫറൻസ് വന്ന് പോകുന്നുണ്ട്. പലതരത്തിലാണത്.

എന്റെ ലുക്ക്‌ മാത്രം വെച്ചല്ല ഞാൻ പറയുന്നത്. ചിലപ്പോൾ സിനിമയിലെ കഥാപാത്രം തിയേറ്ററിൽ ചെന്ന് സിനിമ കാണുമ്പോൾ അത് ഒരു വിജയ് പടം ആയിരിക്കും. ജോ ആൻഡ്‌ ജോ എന്ന സിനിമയിൽ ഒരു സീനിൽ ഞാൻ പാടുന്ന പാട്ട് വിജയ് നായകനായ ബിഗിൽ എന്ന ചിത്രത്തിലെ ‘വെറിത്തനം’ എന്ന പാട്ടിന്റെ മലയാളം വേർഷനാണ്.

അങ്ങനെയൊരു വിജയ് കണക്ഷൻ പല സിനിമകളിലും വന്ന് പോകുന്നുണ്ട്. അത് ഒരുപാട് പ്രേക്ഷകർ എന്നോട് പറഞ്ഞിട്ടുമുണ്ട്,’ മാത്യു തോമസ് പറയുന്നു.

ലിയോയിലെ മാത്യുവിന്റെ പ്രകടനം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രം കണ്ട് വിജയിയുടെ മകനാവാൻ ഏറ്റവും യോജിച്ച ആളെയാണ് ലോകേഷ് തെരഞ്ഞെടുത്തതെന്ന് ആരാധകരും പറഞ്ഞിരുന്നു. ലോകേഷ് കനകരാജിന്റെ ചിത്രങ്ങൾക്ക് തുടർച്ചയുണ്ടാവുന്നതിനാൽ വിജയിയും മാത്യു തോമസും വീണ്ടും ഒന്നിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Content Highlight: Mathew Thomas Talk About Vijay Reference In His Movie

We use cookies to give you the best possible experience. Learn more