| Thursday, 17th October 2024, 11:07 am

ഇത്തവണത്തെ സ്റ്റേറ്റ് അവാര്‍ഡില്‍ അയാള്‍ക്ക് അവാര്‍ഡ് കിട്ടിയതാണ് എന്നെ ഏറ്റവും കൂടുതല്‍ ഹാപ്പിയാക്കിയത്: മാത്യു തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ യുവനടന്മാരില്‍ ഏറ്റവും പ്രോമിസിങ്ങായിട്ടുള്ള നടനാണ് മാത്യു തോമസ്. മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെയാണ് മാത്യു സിനിമയിലേക്ക് കടന്നുവന്നത്. പിന്നീട് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ മാത്യു ജനപ്രിയനായി. പിന്നീട് വളരെ പെട്ടെന്ന് തന്നെ യുവനടന്മാരുടെ ലിസ്റ്റില്‍ മുന്‍നിരയിലേക്ക് മാത്യു അതിവേഗം നടന്നുകയറി. കഴിഞ്ഞ വര്‍ഷം തമിഴിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ലിയോയിലും മാത്യു തന്റെ സാന്നിധ്യമറിയിച്ചു.

ഈ വര്‍ഷം മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ പ്രേമലുവിലും മാത്യു മികച്ച വേഷം കൈകാര്യം ചെയ്തിരുന്നു. തോമസ് എന്ന കഥാപാത്രം തിയേറ്ററുകളില്‍ ചിരിപടര്‍ത്തിയിരുന്നു. പ്രേമലുവില്‍ തന്റെ കൂടെ അഭിനയിച്ച സംഗീത് പ്രതാപിനെക്കുറിച്ച് സംസാരിക്കുകയാണ് മാത്യു. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡ് സംഗീതിന് ലഭിച്ചത് തന്നെ വല്ലാതെ ഹാപ്പിയാക്കിയെന്ന് മാത്യു പറഞ്ഞു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ മുതല്‍ തങ്ങള്‍ സുഹൃത്തുക്കളാണെന്ന് മാത്യു കൂട്ടിച്ചേര്‍ത്തു.

തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ സ്‌പോട്ട് എഡിറ്ററും അസോസിയേറ്റ് എഡിറ്ററുമായിരുന്നു സംഗീതെന്നും ആ സമയത്ത് തനിക്ക് എന്തും പോയി ചോദിക്കാന്‍ കഴിയുന്ന ഒരാളായിരുന്നു സംഗീതെന്നും മാത്യു പറഞ്ഞു. സംഗീത് എഡിറ്റ് ചെയ്യുന്നത് അടുത്ത് പോയിരുന്ന് കണ്ടിട്ടുണ്ടെന്നും പ്രേമലുവിലെ ക്യാരക്ടര്‍ ഹിറ്റായപ്പോള്‍ സന്തോഷം തോന്നിയെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും മാത്യു പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു മാത്യു.

‘ഏറ്റവും സന്തോഷം തോന്നുന്നത് സംഗീതേട്ടന്റെ കാര്യത്തിലാണ്. ആക്ടിങ് കരിയറില്‍ പുള്ളി വല്ലാതെ വളര്‍ന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തൊട്ട് ഞങ്ങള്‍ കമ്പനിയായിരുന്നു. ആ പടത്തിന്റെ സ്‌പോട്ട് എഡിറ്ററും അസോസിയേറ്റ് എഡിറ്ററും പുള്ളിയായിരുന്നു. അന്ന് നമുക്ക് എന്തും പോയി ചോദിക്കാന്‍ പറ്റുന്ന ഒരാള്‍ സംഗീതേട്ടനായിരുന്നു. ഇടക്ക് പുള്ളി എഡിറ്റ് ചെയ്യുന്നതൊക്കെ നോക്കി നില്‍ക്കാറുണ്ടായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് പുള്ളിക്ക് പ്രേമലുവില്‍ ത്രൂ ഔട്ട് ക്യാരക്ടര്‍ ചെയ്യുന്നതും അത് ക്ലിക്കാകുന്നതും. ഒറ്റയടിക്ക് വല്ലാത്ത ഗ്രോത്തായിരുന്നു പുള്ളിയുടേത്. അതും പോരാതെ ഇത്തവണത്തെ സ്‌റ്റേറ്റ് അവാര്‍ഡില്‍ മികച്ച എഡിറ്റര്‍ക്കുള്ള അവാര്‍ഡും സംഗീതേട്ടന് കിട്ടി. അതൊന്നും ഒട്ടും എക്‌സ്‌പെക്ട് ചെയ്തിരുന്നില്ല. ആ അവാര്‍ഡ് എനിക്ക് ഒരുപാട് സന്തോഷം നല്‍കി,’ മാത്യു പറയുന്നു.

Content Highlight: Mathew Thomas says that he feel happy for Sangeeth Prathap got state award

We use cookies to give you the best possible experience. Learn more