എപ്പോഴും സിനിമയുണ്ടാവില്ലെന്ന് പറയുന്നവരുണ്ട്; അവരുടെ ചോദ്യങ്ങള്‍ ശരിയാകാം: മാത്യു തോമസ്
Entertainment
എപ്പോഴും സിനിമയുണ്ടാവില്ലെന്ന് പറയുന്നവരുണ്ട്; അവരുടെ ചോദ്യങ്ങള്‍ ശരിയാകാം: മാത്യു തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th September 2024, 7:34 pm

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് മാത്യു തോമസ്. പിന്നീട് ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ അഭിനയിച്ചതിലൂടെയാണ് മാത്യുവിന് ജനശ്രദ്ധ ലഭിക്കുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ സിനിമാലോകത്ത് തന്റേതായ ഇടം നേടാന്‍ മാത്യുവിന് സാധിച്ചിരുന്നു. ലോകേഷ് കനകരാജ് – വിജയ് കൂട്ടുക്കെട്ടില്‍ എത്തിയ ലിയോയിലും നടന്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ താന്‍ കോളേജ് പഠനം അവസാനിപ്പിച്ചതിനെ കുറിച്ച് പറയുകയാണ് മാത്യു തോമസ്. ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയും പഠനവും ഒരുമിച്ച് ബാലന്‍സ് ചെയ്യാന്‍ തനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു എന്നാണ് നടന്‍ പറയുന്നത്. കോളേജില്‍ ചേര്‍ന്നെങ്കിലും ഡ്രോപ്പ് ചെയ്യുകയായിരുന്നുവെന്നും മാത്യു പറഞ്ഞു. ആളുകള്‍ പലപ്പോഴും തന്നോട് കോളേജില്‍ പോകാന്‍ ആവശ്യപ്പെടാറുണ്ടെന്നും എന്നാല്‍ തനിക്ക് കോളേജില്‍ പോകാത്തതില്‍ പ്രശ്‌നം തോന്നാറില്ലെന്നും മാത്യു തോമസ് കൂട്ടിച്ചേര്‍ത്തു.

‘സിനിമ എപ്പോഴും ഉണ്ടാവില്ലെന്ന് പറയുന്ന ആളുകളുണ്ട്. ഞാന്‍ കോളേജില്‍ പോയിട്ടില്ല, കോളേജില്‍ ചേര്‍ന്നെങ്കിലും അപ്പോള്‍ തന്നെ അത് ഡ്രോപ്പ് ചെയ്യുകയായിരുന്നു. സിനിമയും പഠിത്തവുമായി ബാലന്‍സ് ചെയ്യാന്‍ എനിക്ക് വലിയ ബുദ്ധിമുട്ടായത് കൊണ്ടായിരുന്നു അത്.

എക്‌സാം വരുമ്പോള്‍ നമുക്ക് പലപ്പോഴും ഷൂട്ടിങ് ഉണ്ടാകും. ഷൂട്ടിങ് എന്തായാലും മാറ്റാന്‍ ആകില്ല. എക്‌സാമുകളും അങ്ങനെ തന്നെയാണ്. അപ്പോള്‍ അതില്‍ ഏതെങ്കിലും ഒന്ന് ചൂസ് ചെയ്‌തേ പറ്റുള്ളു. ഇടക്ക് ആളുകളൊക്കെ വന്ന് മാത്യുവല്ലേയെന്ന് പറഞ്ഞ് എന്നോട് സംസാരിക്കാറുണ്ട്.

പലപ്പോഴും എന്താണ് ചെയ്യുന്നതെന്ന് അവര് ചോദിക്കാറുണ്ട്. സിനിമയൊക്കെയായിട്ട് പോകുകയാണെന്ന് പറയുമ്പോള്‍ അപ്പോള്‍ കോളേജില്‍ പോകാറില്ലേയെന്ന ചോദ്യം വരും. ഞാന്‍ അതിന് മറുപടിയായി കോളേജ് നിര്‍ത്തിയെന്ന് പറയും. ‘അയ്യോ, അതെന്താണ്? കോളേജില്‍ പോകണം’ എന്നാണ് പലരും പറയാറുള്ളത്.

അവര് പറയുന്നത് വളരെ ശരിയായ കാര്യം തന്നെയാണ്. പക്ഷെ എനിക്ക് ഇപ്പോള്‍ കോളേജില്‍ പോകാത്തതില്‍ വലിയ പ്രശ്‌നം തോന്നാറില്ല. അമ്മക്ക് ആദ്യം ചെറിയ പ്രശ്‌നമുണ്ടായിരുന്നു. സിനിമ ഞങ്ങള്‍ എല്ലാവരും ആദ്യമായി കാണുന്ന ഫീല്‍ഡാണല്ലോ. അതുകൊണ്ട് അമ്മക്ക് പേടിയായിരുന്നു,’ മാത്യു തോമസ് പറഞ്ഞു.


Content Highlight: Mathew Thomas Says He Dropped College