കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് മാത്യു തോമസ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ മാത്യു ജനപ്രിയനായി. പിന്നീട് വളരെപ്പെട്ടെന്ന് സിനിമയിലെ സജീവസാന്നിധ്യമായി മാറാന്‍ മാത്യുവിന് സാധിച്ചു. വിജയ് നായകനായ ലിയോയിലൂടെ തമിഴില്‍ തന്റെ സാന്നിധ്യമറിയിക്കാനും മാത്യുവിന് സാധിച്ചു. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായ പ്രേമലുവിലും മാത്യുവിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഇപ്പോഴിതാ മലയാളത്തിലെ വിഷു റിലീസുകളെക്കുറിച്ച് സംസാരിക്കുകയാണ് മാത്യു തോമസ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലെ വമ്പന്‍ സിനിമകള്‍ ഒരുമിച്ച് മത്സരിക്കുന്ന വിഷു സീസണാണ് ഇത്. ഏപ്രില്‍ 10ന് താന്‍ ആദ്യം കാണുന്ന സിനിമ ആലപ്പുഴ ജിംഖാനയായിരിക്കുമെന്ന് മാത്യു തോമസ് പറഞ്ഞു.
ബസൂക്കയും അതേദിവസമാണ് റിലീസെന്ന് ഓര്‍മിപ്പിച്ച മാധ്യമപ്രവര്‍ത്തകനോട് താന്‍ ആദ്യം കാണുന്നത് ആലപ്പുഴ ജിംഖാന തന്നെയായിരിക്കുമെന്നും മാത്യു മറുപടി നല്‍കി. മരണമാസും ആദ്യദിവസം തന്നെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മാത്യു തോമസ് പറഞ്ഞു. മൂന്ന് സിനിമകള്‍ ഒരുദിവസം കാണാന്‍ പറ്റുമോ എന്ന് അറിയില്ലെന്നും എന്നാല്‍ ജിംഖാനയും മരണമാസും കാണണമെന്നാണ് ആഗ്രഹമെന്നും മാത്യു തോമസ് കൂട്ടിച്ചേര്‍ത്തു.
‘ബസൂക്ക ഏപ്രില്‍ 10ന് വരുന്നുണ്ടെന്നറിയാം. എന്നാല്‍ അന്നത്തെ ദിവസം ആദ്യം കാണുന്ന പടം ആലപ്പുഴ ജിംഖാന തന്നെയായിരിക്കും. അന്ന് തന്നെ മരണമാസും കാണണമെന്നുണ്ട്. മൂന്ന് സിനിമയും ഒരുദിവസം തന്നെ കാണാന്‍ പറ്റുമോ എന്നറിയില്ല. എന്നാല്‍ ആലപ്പുഴ ജിംഖാന ഉറപ്പായിട്ടും കാണണമെന്നുണ്ട്. മരണമാസും പറ്റിയാല്‍ കാണണം,’ മാത്യു തോമസ് പറയുന്നു.
മാത്യു തോമസ് പ്രധാനവേഷത്തിലെത്തിയ ലൗലി സമ്മര്‍ റിലീസായി എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ചിത്രം റിലീസ് മാറ്റിവെക്കുകയായിരുന്നു. ഒരു യുവാവും ഈച്ചയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറയുന്ന ഫാന്റസി ചിത്രമാണ് ലൗലി. ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ത്രീ.ഡി ഫോര്‍മാറ്റിലാണ് പ്രേക്ഷകരിലേക്കെത്തുക.
അതേസമയം വിഷു റിലീസുകള്‍ക്കായി കേരള ബോക്‌സ് ഓഫീസ് ഒരുങ്ങിക്കഴിഞ്ഞിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്ക, ബേസില്‍ ജോസഫ് നായകനായെത്തുന്ന മരണമാസ്, ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാന എന്നീ സിനിമകള്‍ക്കൊപ്പം അജിത്തിന്റെ തമിഴ് ചിത്രം ഗുഡ് ബാഡ് അഗ്ലിയും വിഷു റിലീസായി പ്രേക്ഷകരിലേക്കെത്തും.
Content Highlight: Mathew Thomas saying Alappuzha Gymkhana is his first choice in Vishu release