കൊല്ലം: മന്ത്രി മാത്യു ടി. തോമസിന്റെ ഗണ്‍മാന്റെ മരണം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ ഏഴരയോടെയാണ് കൊല്ലത്ത് കടക്കലിലാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലുള്ള മുറിയില്‍ വെച്ച് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച ശേഷം തന്റെ സര്‍വീസ് റിവോള്‍വര്‍ വെച്ച തലയ്ക്ക് നിറയൊഴിക്കുകയായിരുന്നു സുജിത്.
പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് സുജിത് തന്റെ ജീവനെടുത്തതെന്നു തെളിയിക്കുന്ന ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെത്തി. കടക്കലിന് അടുത്ത് തന്നെയുള്ള കോട്ടക്കലിലെ ഒരു പെണ്‍കുട്ടിയുമായി സുജിത് ഏറെ നാളായി പ്രണയത്തിലായിരുന്നു.
ഈ പെണ്‍കുട്ടിയും സുജിത്തും വിവാഹം കഴിക്കാനും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സുജിത്തുമായുള്ള ബന്ധം പെണ്‍കുട്ടി അവസാനിപ്പിക്കുകയായിരുന്നു. ഇത് കാരണം കടുത്ത മനോവിഷമത്തിലായ സുജിത്ത് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പൊലീസ് പറയുന്നു.
ALSO READ: കടലില്‍ തകര്‍ന്നുവീണ ഇന്തോനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി
കഴിഞ്ഞ ആഴ്ച്ചയായിരുന്നു സുജിത് പ്രണയത്തിലായിരുന്ന യുവതിയുടെ വിവാഹനിശ്ചയം. ഇത് അറിഞ്ഞത് മുതല്‍ സുജിത് അങ്ങേയറ്റത്തെ മാനസിക സംഘര്‍ഷത്തിലായിരുന്നു. സുജിത്തിന്റെ സുഹൃത്തുക്കള്‍ ഓര്‍ക്കുന്നു.
“അവളില്ലാതെ ഒരു ജീവിതം എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. എല്ലാ എതിര്‍പ്പുകളും തകര്‍ത്തെറിഞ്ഞു എന്റെയൊപ്പം വരുമെന്ന് അവള്‍ വാക്ക് തന്നിരുന്നു. പക്ഷെ, അവസാനം അവളെന്നെ അവഗണിച്ചുകളഞ്ഞു. അവളില്ലാതെയൊരു ജീവിതം ഇനിയെനിക്ക് വേണ്ട.” സുജിത് തന്റെ ആത്മഹത്യ കുറിപ്പില്‍ പറഞ്ഞു.
രാവിലെ വെടിയൊച്ച കേട്ട് മുകളിലത്തെ മുറിയിലേക്ക് ഓടിയെത്തിയ സുജിത്തിന്റെ വീട്ടുകാര്‍ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് പൊലീസെത്തി പൂട്ട് പൊളിച്ച് സുജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെവിയുടെ ഭാഗത്താണ് വെടിയേറ്റത്. തിരുവനന്തപുരം സിറ്റി എ.ആര്‍. ക്യാമ്പിലായിരുന്ന സുജിത്തിനെ 6 മാസം മുന്‍പാണ് മന്ത്രിയുടെ ഗണ്‍മാനായി നിയമിക്കുന്നത്.
ഡ്യൂട്ടി കഴിഞ്ഞു തിങ്കളാഴ്ച അസ്വസ്ഥനായാണ് സുജിത് വീട്ടിലെത്തിയത്. ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ മാത്രം ഉപയോഗിക്കേണ്ട റിവോള്‍വറും തന്റെയൊപ്പം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഈ റിവോള്‍വര്‍ സുജിത്തിന്റെ മുറിയില്‍ നിന്നും പിന്നീട് പൊലീസ് കണ്ടെടുത്തു. ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ ഉപയോഗിക്കേണ്ട റിവോള്‍വര്‍ വീട്ടിലേക്ക് കൊണ്ടുവന്നത് സുരക്ഷാ വീഴ്ചയാണെന്ന് പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു.
WATCH THIS VIDEO: