വിജയ് സാര്‍ മമ്മൂക്കയെപ്പോലെയാണെന്ന് അന്ന് എനിക്ക് മനസിലായി: മാത്യു തോമസ്
Entertainment
വിജയ് സാര്‍ മമ്മൂക്കയെപ്പോലെയാണെന്ന് അന്ന് എനിക്ക് മനസിലായി: മാത്യു തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th September 2024, 3:34 pm

മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് മാത്യു തോമസ്. പിന്നീട് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചു. ചുരുങ്ങിയ കാലം കൊണ്ട് സിനിമാലോകത്ത് തന്റേതായ ഇടം നേടാന്‍ മാത്യുവിന് സാധിച്ചു. ലോകേഷ് കനകരാജ് – വിജയ് എന്നിവര്‍ ഒന്നിച്ച ലിയോയിലൂടെ തമിഴിലും തന്റെ സാന്നിധ്യമറിയിച്ചു. ധനുഷ് സംവിധാനം ചെയ്യുന്ന നിലവുക്ക് എന്നടീ എന്മേല്‍ കോപമാണ് മാത്യുവിന്റെ പുതിയ ചിത്രം.

ലിയോയില്‍ വിജയ്‌യോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് മാത്യു. ചിത്രത്തില്‍ വിജയ്‌യുടെ മകനായിട്ടാണ് മാത്യു അഭിനയിച്ചത്. അധികമൊന്നും സംസാരിക്കാത്തയാളാണ് വിജയ്‌യെന്നും സ്‌ക്രിപ്റ്റ് എപ്പോഴും പോക്കറ്റില്‍ വെച്ച് നടക്കുന്നയാളാണെന്നും മാത്യു പറഞ്ഞു. മമ്മൂട്ടിയെപ്പോലെ എല്ലാ സിനിമകളും കാണാറുണ്ടെന്നും ആ സമയത്താണ് നെയ്മര്‍ ഇറങ്ങിയതെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. മുന്നേ ഷൂട്ട് തീര്‍ത്ത നെയ്മര്‍ ആ സമയത്താണ് റിലീസായതെന്ന് മാത്യു പറഞ്ഞു.

ഇവിടത്തെ ഷൂട്ടിനിടക്ക് എങ്ങനെ ആ സിനിമ ചെയ്‌തെന്ന് വിജയ് തന്നോട് ചോദിച്ചെന്നും മാത്യു പറഞ്ഞു. താനും മാളവികയും അഭിനയിച്ച ക്രിസ്റ്റിയെക്കുറിച്ചും വിജയ് തന്നോട് ചോദിച്ചെന്നും രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്ക് തങ്ങള്‍ നല്ല സുഹൃത്തുക്കളെപ്പോലെയായെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. ക്രിസ്റ്റി താന്‍ കണ്ടിട്ട് അഭിപ്രായം പറയാമെന്ന് പറഞ്ഞപ്പോള്‍ താനും വളരെ ഹാപ്പിയായെന്നും മാത്യു പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു മാത്യു.

‘വിജയ് സാര്‍ പൊതുവേ സൈലന്റാണ്. അധികം ആരോടും സംസാരിക്കില്ല, എപ്പോഴും സ്‌ക്രിപ്റ്റ് പോക്കറ്റിലിട്ട് നടക്കും, അതെടുത്ത് വായിക്കും അങ്ങനെയൊക്കെയാണ്. പക്ഷേ പുള്ളി എല്ലാം അറിയും, ഞങ്ങള്‍ കാശ്മീരിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് നെയ്മര്‍ ഇറങ്ങുന്നത്. ആ സിനിമയുടെ ഷൂട്ട് മുന്നേ കഴിഞ്ഞതായിരുന്നു. സി.ജി. വര്‍ക്ക് കഴിയാന്‍ സമയമെടുത്തു. ‘നീ ഇവിടല്ലായിരുന്നോ, ഈ സിനിമ എപ്പോഴാ പോയി ചെയ്തത്’ എന്ന് വിജയ് സാര്‍ ചോദിച്ചു.

പുള്ളിയും മമ്മൂക്കയെപ്പോലെയാണെന്ന് അപ്പോള്‍ മനസിലായി. എല്ലാ സിനിമയും കാണും, എല്ലാം അറിയും. കാശ്മീരിലെ ഷൂട്ട് തീരാറായപ്പോഴാണ് ക്രിസ്റ്റി റിലീസായത്. അതിനെപ്പറ്റിയും വിജയ് സാര്‍ ചോദിച്ചു. ആ പടത്തില്‍ ഞാനും മാളവികയും ഉണ്ടായിരുന്നു. ആ പടത്തിന്റെ റെസ്‌പോണ്‍സ് എങ്ങനെയുണ്ട്, കളക്ഷന്‍ നല്ല രീതിക്ക് ഉണ്ടോ എന്നൊക്കെ ചോദിച്ചു. ആ പടവും കാണാമെന്ന് പുള്ളി പറഞ്ഞു. ഷൂട്ട് തുടങ്ങി രണ്ടുമൂന്ന് ദിവസമായപ്പോഴേക്ക് പുള്ളിയും ഞാനും നല്ല ഫ്രണ്ട്‌സായി,’ മാത്യു പറഞ്ഞു.

Content Highlight: Mathew Thomas about the shooting experience with Vijay