Entertainment
മറ്റ് സിനിമകളെ പോലെ ആഘോഷിക്കപ്പെടേണ്ടേ ഒരു മമ്മൂട്ടി ചിത്രം, എന്തൊരു പെർഫോമൻസാണ് അദ്ദേഹം: മാത്യു തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 02, 03:21 am
Sunday, 2nd February 2025, 8:51 am

അഞ്ച് പതിറ്റാണ്ടിലധികമായി മലയാളസിനിമയുടെ അഭിമാനമായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് മമ്മൂട്ടി. കഥാപാത്രത്തെ തന്നിലേക്ക് ആവാഹിച്ച് നിറഞ്ഞാടുന്ന മമ്മൂട്ടി തന്റെ അഭിനയശൈലി കൊണ്ട് പ്രേക്ഷകരെ ഇന്നും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. ഇന്നും പല സിനിമാചര്‍ച്ചകളിലും മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ സംസാരവിഷയമായി കടന്നുവരുന്നുണ്ട്.

മമ്മൂട്ടിയുടെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് മലയാളത്തിന്റെ യുവതാരം മാത്യു തോമസ്. 2021ല്‍ പുറത്തിറങ്ങിയ വണ്‍ എന്ന സിനിമയിൽ മാത്യു തോമസ് മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിരുന്നു.

മമ്മൂട്ടി ഓരോ സിനിമയിലും വ്യത്യസ്തമായ രീതിയിലാണ് ഡയലോഗ് ഡെലിവറി ചെയ്യാറെന്നും ഒരു സീൻ വേറിട്ട രീതിയിലാണ് അദ്ദേഹം പെർഫോം ചെയ്യുകയെന്നും മാത്യു പറയുന്നു. റോഷാക്ക് തനിക്ക് വളരെ ഇഷ്ട്ടപെട്ട ഒരു മമ്മൂട്ടി സിനിമയാണെന്നും എന്നാൽ മറ്റ് സിനിമകൾ പോലെ അത് സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടില്ലെന്നും മാത്യു കൂട്ടിച്ചേർത്തു.

ഇനിയും സെലിബ്രേറ്റ് ചെയ്യപ്പെടണമെന്ന് തോന്നിയ ഒരു മമ്മൂട്ടി ചിത്രമാണ് റോഷാക്ക്
– മാത്യു തോമസ്

‘മമ്മൂക്ക ഇപ്പോള്‍ അടിപൊളി പടങ്ങളല്ലേ ചെയ്യുന്നത്. അദ്ദേഹം ഓരോ സിനിമയിലും ഡയലോഗുകള്‍ ഡെലിവര്‍ ചെയ്യുന്ന ഒരു രീതിയുണ്ട്. ഒരു സീന്‍ കൊടുത്താല്‍ അത് അദ്ദേഹം പ്രസന്റ് ചെയ്യുക വളരെ വ്യത്യസ്തമായിട്ടാകും. നമ്മള്‍ക്ക് ഒരു സീന്‍ ലഭിച്ചാല്‍ അത് വായിക്കുമ്പോള്‍ നമ്മളുടെ മനസില്‍ ഒരു സാധനം വരും.

പക്ഷെ മമ്മൂക്ക അതിനെ ലെയറ് ചെയ്യും. വേറൊരു പേര്‍സ്‌പെക്ടീവില്‍ കൊണ്ടുവരികയും വളരെ സട്ടിലായ രീതിയില്‍ ചെയ്ത് പോകുകയും ചെയ്യും. അദ്ദേഹത്തിന്റെ എക്‌സ്പ്രഷനുകള്‍ക്ക് എപ്പോഴും നല്ല ഡെപ്ത്തുണ്ടാകും. ചിലപ്പോള്‍ വളരെ ചെറിയ റിയാക്ഷന്‍സാകാം. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയാകട്ടെ ഭ്രമയുഗമാകട്ടെ, അതൊക്കെ അത്തരത്തിലുള്ള സിനിമയാണ്.

എനിക്ക് റോഷാക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ്. ഇനിയും സെലിബ്രേറ്റ് ചെയ്യപ്പെടണമെന്ന് തോന്നിയ ഒരു സിനിമയായിരുന്നു അത്. വളരെ ഇഷ്ടമുള്ള ഒരു സിനിമയാണ് റോഷാക്ക്. എന്ത് രസമാണ് ആ സിനിമയിലെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ്. പിന്നെ കാതലില്‍ ജ്യോതിക മാമുമായുള്ള ഒരു സീനില്‍ അമ്മേയെന്ന് വിളിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ ശബ്ദമൊക്കെ വളരെ രസമാണ്. അത് കണ്ടപ്പോള്‍ ഒരു മോട്ടിവേഷന്‍ കിട്ടി. ഇതല്ല, ഓരോ സീനുകള്‍ക്ക് ഇനിയും ലെയേര്‍സുണ്ടെന്ന് മനസിലാക്കി അത്രയും റിസേര്‍ച്ച് ചെയ്ത് ചെയ്യണമെന്ന മോട്ടിവേഷനാണ് കിട്ടുന്നത്,’ മാത്യു തോമസ് പറയുന്നു.

ബ്രോമാൻസ് ആണ് റിലീസാവാനുള്ള മാത്യു തോമസ് ചിത്രം. അർജുൻ അശോകൻ, സംഗീത പ്രതാപ്, മഹിമ നമ്പ്യാർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന സിനിമ അരുൺ.ഡിയാണ് സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 14 ന് റിലീസാവുന്ന ബ്രോമാൻസ് ഒരു റോം കോം ചിത്രമാണ്.

 

Content Highlight: Mathew Thomas About Mammoty’s Performance In Rorsharch Movie