| Sunday, 7th May 2023, 6:54 pm

ആരെയും വെറുപ്പിക്കാതിരിക്കാന്‍ ശ്രമിക്കും, ദേഷ്യം വന്നാല്‍ പോലും പ്രകടിപ്പിക്കില്ല: മാത്യു തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് മാത്യു തോമസ്. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെയും കുമ്പളങ്ങി നൈറ്റ്‌സിലൂടെയും മലയാളികളുടെ മനസില്‍ ഇടം പിടിച്ച മാത്യു തോമസ് ഒരുപിടി മികച്ച സിനിമകളിലൂടെ വെള്ളിത്തിരയില്‍ സജീവമാവുകയാണ്.

പ്രേക്ഷകരെ ഇംപ്രെസ് ചെയ്യിക്കാന്‍ താന്‍ എന്തൊക്കെയാണ് ചെയ്യാറുള്ളതെന്ന് പറയുകയാണ് മാത്യു തോമസ്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

ഒരു വേദിയിലോ അഭിമുഖത്തിലോ വെച്ച് ആളുകളെ ഇംപ്രെസ് ചെയ്യിക്കാന്‍ താന്‍ ഒന്നും തന്നെ ചെയ്യാറില്ലെന്നും എന്നാല്‍ ആരെയും വെറുപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും ദേഷ്യം വന്നാല്‍ പോലും ഒന്നും പറയില്ല എന്നും താരം പറഞ്ഞു.

‘ആളുകളെ ഇംപ്രെസ് ചെയ്യാന്‍ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. ഞാന്‍ എങ്ങനെയാണോ അതുപോലെ നില്‍ക്കാറാണ് പതിവ്. അതിന് വേണ്ടി നല്ല സിനിമകള്‍ ചെയ്യുന്നു. പിന്നെ ആരെയും വെറുപ്പിക്കാതിരിക്കാന്‍ നോക്കാറുണ്ട്. ആരോടെങ്കിലും ദേഷ്യം വന്നാല്‍ അത് പ്രകടിപ്പിക്കില്ല, എനിക്കൊരാളെ എന്തെങ്കിലും പറയണമെന്ന് തോന്നിയാല്‍ ഞാന്‍ പറയാറില്ല. വെറുതെ അങ്ങനെയുള്ള പരിപാടികളൊന്നും ഞാന്‍ ചെയ്യാറില്ല,’ മാത്യു പറഞ്ഞു.

നെയ്മറാണ് മാത്യുവിന്റേതായി പുറത്തുവരാനുള്ള ഏറ്റവും പുതിയ ചിത്രം. ഒരു നായക്കുട്ടി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്.

ആ ചിത്രത്തെ കുറിച്ചും മാത്യു അഭിമുഖത്തില്‍ സംസാരിച്ചു.

‘ഒരു നാടന്‍ നായ്ക്കുട്ടിയാണ് ചിത്രത്തിലെ ഹീറോ, ഞങ്ങളെല്ലാം സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റാണ്. അവനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഈ നായക്കുട്ടിയാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്,’ താരം പറഞ്ഞു.

മെയ് 12നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തെന്നിന്ത്യന്‍ താരം യോഗ് ജാപ്പിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഗോപി സുന്ദര്‍ പശ്ചാതല സംഗീതമൊരുക്കിയ സിനിമയിലെ പാട്ടുകള്‍ ചിട്ടപ്പെടുത്തിയത് ഷാന്‍ റഹ്‌മാനാണ്. രണ്ട് പാട്ടുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. അതില്‍ ഇളമൈ കാതല്‍ എന്ന് തുടങ്ങുന്ന ഗാനവും ശുനകയുവരാജനും ഇതുവരെ യൂട്യൂബില്‍ വണ്‍ മില്യണ്‍ വ്യൂസ് നേടി ട്രെന്‍ഡിങ് ലിസിറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

മാത്യുവും നസ്‌ലിനും സിനിമയിലെ നായകകഥാപാത്രങ്ങളായി എത്തുമ്പോള്‍ നായികമാരായി എത്തുന്നത് പുതുമുഖങ്ങളായ ഗൗരി കൃഷ്ണയും കീര്‍ത്തനയുമാണ്. ഇവര്‍ക്ക് പുറമെ ജോണി ആന്റണി മണിയന്‍ പിള്ള രാജു, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Content highlight: Mathew Thomas about impressing audience

We use cookies to give you the best possible experience. Learn more