വിജയ്‌യുമായി സിമിലാരിറ്റി ഉണ്ടെന്ന് ആദ്യം പറഞ്ഞത് അയാളായിരുന്നു: മാത്യു തോമസ്
Entertainment
വിജയ്‌യുമായി സിമിലാരിറ്റി ഉണ്ടെന്ന് ആദ്യം പറഞ്ഞത് അയാളായിരുന്നു: മാത്യു തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th September 2024, 12:10 pm

2019ല്‍ റിലീസായ കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് മാത്യു തോമസ്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ മാത്യു ജനശ്രദ്ധയാകര്‍ഷിച്ചു. ചുരുങ്ങിയ കാലം കൊണ്ട് സിനിമാലോകത്ത് തന്റേതായ ഇടം നേടാന്‍ മാത്യുവിന് സാധിച്ചു. ലോകേഷ് കനകരാജ് – വിജയ് എന്നിവര്‍ ഒന്നിച്ച ലിയോയിലൂടെ തമിഴിലും തന്റെ സാന്നിധ്യമറിയിച്ചു. ചിത്രത്തില്‍ വിജയ്‌യുടെ മകനായിട്ടാണ് മാത്യു അഭിനയിച്ചത്.

വിജയ്‌യുമായി മാത്യുവിന് സാമ്യമുണ്ടെന്ന് തണ്ണീര്‍മത്തന്‍ ദിനങ്ങളിലാണ് ആദ്യമായി പറയുന്നത്. ചിത്രത്തിലെ ഒരു രംഗത്തില്‍ മാത്യുവിന്റെ ജെയ്‌സണ്‍ എന്ന കഥാപാത്രം കണ്ണാടിയില്‍ നോക്കുന്ന രംഗത്തിലാണ് ആ ഡയലോഗ്. പിന്നീടാണ് വിജയ്‌യുടെ ചിത്രത്തില്‍ മകനായി അഭിനയിക്കാന്‍ മാത്യുവിന് അവസരം ലഭിക്കുന്നത്. ആ ഡയലോഗ് ആദ്യം തന്നോട് പറഞ്ഞത് സംവിധായകന്‍ ഗിരീഷ് എ.ഡിയാണെന്ന് പറയുകയാണ് മാത്യു തോമസ്. പിന്നീട് ആ ഡയലോഗ് സിനിമയില്‍ ഉള്‍പ്പെടുത്തിയെന്നും മാത്യു പറഞ്ഞു.

ആ സിനിമക്ക് ശേഷം സോഷ്യല്‍ മീഡിയയിലും അല്ലാതെയും പലരും ഇക്കാര്യം പറഞ്ഞിട്ടുണ്ടായിരുന്നെന്നും അതൊക്കെ കേട്ട് അന്ന് ചിരി വരുമായിരുന്നെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. ഏറ്റവുമൊടുവില്‍ വിജയ്‌യുടെ സിനിമയില്‍ അദ്ദേഹത്തിന്റെ മകനായി അഭിനയിക്കാന്‍ പറ്റുമെന്ന് വിചാരിച്ചിരുന്നില്ലെന്നും മാത്യു പറഞ്ഞു. വിജയ്‌യുടെ കൂടെയുള്ള ഷൂട്ട് നല്ലൊരു അനുഭവമായിരുന്നെന്നും മാത്യു പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു മാത്യു.

‘തണ്ണീര്‍ മത്തന്‍ ദിനങ്ങളിലാണ് എന്നെക്കാണാന്‍ വിജയ്‌യെപ്പോലെയുണ്ടെന്ന് ആദ്യമായി കേള്‍ക്കുന്നത്. സീനിന്റെ ബ്രേക്കിന്റെ ഇടക്ക് ഗിരീഷേട്ടനാണ് ആദ്യമായിട്ട് ഇക്കാര്യം പറഞ്ഞത്. ‘എടാ നിനക്ക് ചെറുതായിട്ട് വിജയ്‌യുടെ കട്ട് ഉണ്ട്’ എന്നാണ് പുള്ളി പറഞ്ഞത്. പിന്നീട് ആ ഡയലോഗ് പുള്ളി സിനിമയിലും യൂസ് ചെയ്തു. പടം ഇറങ്ങിക്കഴിഞ്ഞപ്പോഴും ആ ഡയലോഗിനെപ്പറ്റി അവിടെയും ഇവിടെയും ആളുകള്‍ സംസാരിക്കുന്നുണ്ടായിരുന്നു.

ഒ.ടി.ടി റിലീസായപ്പോള്‍ സോഷ്യല്‍ മീഡിയയിലും കുറച്ച് പേര്‍ ആ ഡയലോഗിനെപ്പറ്റി സംസാരിച്ചിട്ടുണ്ടായിരുന്നു. ചിലരൊക്കെ എന്നോട് നേരിട്ടും ഇത് പറഞ്ഞിട്ടുണ്ട്. അതിങ്ങനെ പറഞ്ഞ് പറഞ്ഞ് ഒടുക്കം വിജയ് സാറിന്റെ സിനിയില്‍ അഭിനയിക്കുന്നതിലേക്കെത്തി. അതും പുള്ളിയുടെ മകനായിട്ട്. ആ ഷൂട്ടൊക്കെ നല്ല അനുഭവമായിരുന്നു. പുള്ളി നമ്മളുടെ അടുത്തൊക്കെ നല്ല കമ്പനിയായി,’ മാത്യു തോമസ് പറഞ്ഞു.

Content Highlight: Mathew thomas about Gireesh AD and Vijay