| Wednesday, 25th September 2024, 9:27 am

ആ സംവിധായകന്റെ സെറ്റില്‍ ഇരിക്കാനുള്ള സമയം കിട്ടാറില്ല, വളരെ വേഗത്തിലാണ് പുള്ളി ഷൂട്ട് ചെയ്യുന്നത്: മാത്യു തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കുമ്പളങ്ങി നൈറ്റ്‌സിലൂടെ അഭിനയലോകത്തേക്ക് കടന്നുവന്ന നടനാണ് മാത്യു തോമസ്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായി. പിന്നീട് ജോ ആന്‍ഡ് ജോ, വണ്‍, ക്രിസ്റ്റി എന്നീ സിനിമകളില്‍ മാത്യു നായകനായി തിളങ്ങി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയിലൂടെ തമിഴിലും മാത്യു തന്റെ സാന്നിധ്യമറിയിച്ചു. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ പ്രേമലുവിലും മാത്യു കൈയടി നേടി.

ധനുഷ് സംവിധാനം ചെയ്യുന്ന നിലവുക്ക് എന്മേല്‍ എന്നടി  കോപമാണ് മാത്യുവിന്റെ പുതിയ തമിഴ് ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് മാത്യു. ലിയോയുടെ സെറ്റില്‍ നിന്ന് ആ സെറ്റിലേക്കെത്തിയപ്പോള്‍ നല്ല മാറ്റം തോന്നിയെന്ന് മാത്യു പറഞ്ഞു. ലിയോയില്‍ ഒരു ദിവസം ഒന്നോ രണ്ടോ സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാല്‍ ഈ സിനിമയില്‍ ഇരിക്കാന്‍ പോലും പലപ്പോഴും സമയം കിട്ടിയില്ലെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. വളരെ വേഗത്തില്‍ ഷൂട്ട് ചെയ്ത് പോകുന്ന സംവിധായകനാണ് ധനുഷെന്ന് മാത്യു പറഞ്ഞു.

ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് തന്റേതെന്നും അതിനാല്‍ ഓരോ സീനിലും തന്റെ മാക്‌സിമം ധനുഷ് ഉപയോഗിക്കുമായിരുന്നെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. ഓരോ സീനും അദ്ദേഹം അഭിനയിച്ച് കാണിച്ച് തരുമായിരുന്നെന്നും അതൊരു പുതിയ അനുഭവമായിരുന്നെന്നും മാത്യു പറഞ്ഞു. പുതിയ ചിത്രമായ കപ്പിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് മാത്യു ഇക്കാര്യം പറഞ്ഞത്.

‘ലിയോയുടെ സെറ്റില്‍ നിന്ന് നിലവുക്ക് എന്മേല്‍ എന്നടി  കോപത്തിന്റെ സെറ്റിലെത്തിയപ്പോള്‍ വലിയ വ്യത്യാസം തോന്നി. മലയാളത്തില്‍ ഒരു ദിവസം 16 മണിക്കൂര്‍ വരെ വര്‍ക്ക് ചെയ്യേണ്ടി വരും. കാരണം, എന്റെ ക്യാരക്ടറിന് അത്രയും സ്‌പേസ് ഉണ്ട്. ലിയോയില്‍ അത്രക്ക് സ്‌പേസ് ഇല്ലാത്തതുകൊണ്ട് കുറച്ചുനേരം മാത്രമേ എല്ലാ ദിവസവും ഷൂട്ട് ഉണ്ടാവുകയുള്ളൂ. പക്ഷേ നിലവുക്ക് എന്നടി എന്മേല്‍ കോപത്തില്‍ അത്യാവശ്യം വലിയൊരു ക്യാരക്ടറാണ്. ലിയോയുടെ സെറ്റ് പോലെയാകും എന്ന് വിചാരിച്ചാണ് പോയത്.

പക്ഷേ, ധനുഷ് സാര്‍ വളരെ വേഗത്തില്‍ ഷൂട്ട് ചെയ്യുന്നയാളാണ്. പലപ്പോഴും ഇരിക്കാന്‍ പോലും സമയം കിട്ടിയില്ല. മലയാളത്തിലെ ഏതോ സിനിമയുടെ സെറ്റിലെത്തിയതുപോലെയായിരുന്നു അപ്പോള്‍. ഷൂട്ടിന് മുമ്പ് പുള്ളി ഓരോ സീനും നമ്മുടെ മുന്നില്‍ അഭിനയിച്ച് കാണിക്കും. എന്നെ സംബന്ധിച്ച് അതൊരു പുതിയ എക്‌സ്പീരിയന്‍സായിരുന്നു. ധനുഷ് സാറിന് നമ്മുടെയടുത്ത് നിന്ന് വേണ്ടത് നല്ല രീതിയില്‍ എടുക്കും,’ മാത്യു പറഞ്ഞു.

Content Highlight: Mathew Thomas about Dhanush’s direction

We use cookies to give you the best possible experience. Learn more