Advertisement
Kerala News
മന്ത്രി മാത്യു.ടി.തോമസ് രാജി വെച്ചു; കെ.കൃഷ്ണന്‍കുട്ടിയുടെ കാര്യത്തില്‍ തീരുമാനം ഉടന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 26, 03:30 am
Monday, 26th November 2018, 9:00 am

തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു.ടി.തോമസ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. രാവിലെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് രാജിക്കത്ത് കൈമാറിയത്.

വെള്ളിയാഴ്ച ബംഗ്‌ളൂരുവില്‍ ദേവഗൗഡയുടെ നേതൃത്വത്തില്‍ നടന്ന് ഉന്നതതല ചര്‍ച്ചയിലാണ് മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ കത്ത് മുഖ്യമന്ത്രിയെ ഏല്പിച്ചു കഴിഞ്ഞു. ഉടന്‍ എല്‍.ഡി.എഫ് ചേര്‍ന്ന് കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞയും തീരുമാനിക്കും. നാളെയോ മറ്റന്നാളോ സത്യപ്രതിജ്ഞ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ALSO READ: “ആര്‍പ്പോ ആര്‍ത്തവം”: ഗജ കൊടുങ്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ട വിജയലക്ഷ്മിയുടെ പേരില്‍ വേദി

ചിറ്റൂരില്‍ നിന്നുള്ള എം.എല്‍.എയും ജെ.ഡി.എസ് സംസ്ഥാനപ്രസിഡന്റുമാണ് കെ.കൃഷ്ണന്‍കുട്ടി. രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിസ്ഥാനം വച്ചുമാറാമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാറ്റം.

മന്ത്രിസ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച് ധാരണ ഉണ്ടായിരുന്നില്ലെന്നാണ് മാത്യു ടി തോമസ് വിഭാഗം പറയുന്നത്. കെ കൃഷ്ണന്‍കുട്ടി മന്ത്രിയാകുമ്പോള്‍, അദ്ദേഹം വഹിച്ചിരുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം മാത്യു ടി തോമസിന് നല്‍കണമെന്നും ഈ വിഭാഗം ആവശ്യമുന്നയിക്കുന്നുണ്ട്.

ധാരണപ്രകാരം മാത്യു.ടി.തോമസ് മന്ത്രിസ്ഥാനം ഒഴിഞ്ഞില്ലെന്ന് കാട്ടി ജെ.ഡി.എസ്സില്‍ ചേരിപ്പോര് ശക്തമായിരുന്നു. മാത്യു ടി. തോമസ്സിനെതിരെ പല തവണ എം.എല്‍.എമാരായ കെ.കൃഷ്ണന്‍കുട്ടിയും സി.കെ.നാണുവും ദേശീയനേതൃത്വത്തിന് മുന്നില്‍ പരാതിയുമായെത്തിയിട്ടുണ്ട്.

ഒടുവില്‍ ചേരിപ്പോര് രൂക്ഷമായതോടെയാണ് ജെ.ഡി.എസ് ദേശീയാധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡ പ്രശ്നത്തിലിടപെട്ടത്. മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ ജനതാദള്‍ സംസ്ഥാനനേതാക്കള്‍ ദേവഗൗഡയുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലിയും ചര്‍ച്ചയിലുണ്ടായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ദേവഗൗഡ നിര്‍ദേശിച്ചെങ്കിലും മാത്യു ടി.തോമസ് എത്തിയിരുന്നില്ല. ഒടുവില്‍ മന്ത്രിയോട് സ്ഥാനമൊഴിയാന്‍ ദേവഗൗഡ തന്നെ നേരിട്ട് നിര്‍ദേശിച്ചിരുന്നു.