'അല്‍ ശിഫ ഹമാസിന്റെ ഒളിത്താവളമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല'; മാധ്യമപ്രവര്‍ത്തകനോട് തര്‍ക്കിച്ച് യു.എസ് വക്താവ്
World News
'അല്‍ ശിഫ ഹമാസിന്റെ ഒളിത്താവളമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല'; മാധ്യമപ്രവര്‍ത്തകനോട് തര്‍ക്കിച്ച് യു.എസ് വക്താവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th November 2023, 5:20 pm

വാഷിങ്ടണ്‍: അല്‍ ശിഫ ആശുപത്രി ഹമാസ് ഒളിത്താവളമാക്കിയെന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മാത്യു മില്ലറിന്റെ ആരോപണത്തെ ചോദ്യം ചെയ്ത് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍.

അല്‍ ശിഫ ആശുപത്രി ഹമാസ് ഒളിത്താവളം ആക്കി എന്ന നിങ്ങളുടെ ആരോപണത്തിന് തെളിവുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് താന്‍ അല്‍ ശിഫ എന്നല്ല പറഞ്ഞത് ആശുപത്രികള്‍ എന്നാണ് പറഞ്ഞതെന്ന് മാത്യു മില്ലര്‍ തിരുത്തി.

‘ഏതെങ്കിലും ആശുപത്രിയെ ഞാന്‍ പേരെടുത്തു പരാമര്‍ശിച്ചിട്ടില്ല. ഇന്റലിജന്‍സ് വിവരങ്ങള്‍ ഇവിടെ പറയാനും ആവില്ല. ഞാന്‍ പറഞ്ഞത് ഹമാസ് ആശുപത്രികളെ ഉപയോഗിക്കുന്നുണ്ട് എന്നാണ്. മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഇത് കണ്ടതാണ്,’ മാത്യു മില്ലര്‍ പറഞ്ഞു.

എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍ അല്‍ ശിഫ ആശുപത്രി ഹമാസ് കമാന്‍ഡിങ് ഓഫീസായി ഉപയോഗിക്കുന്നതിന് യു.എസിന്റെ കൈയില്‍ തെളിവുണ്ടോ എന്ന് വീണ്ടും ചോദ്യം ഉന്നയിച്ചു.

പൊതുവായി പറയുമ്പോള്‍ തെളിവുകളുണ്ട്. എന്നാല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ ആയതിനാല്‍ ആശുപത്രിയെ പേരെടുത്ത് പറയാന്‍ സാധിക്കില്ലായെന്ന് മാത്യു മില്ലര്‍ പറഞ്ഞു.

ഗസയിലെ എല്ലാ ആശുപത്രികളും ഇപ്പോള്‍ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഒരു കമ്മീഷനെയോ റെഡ് ക്രോസ് ടീമിനെയോ ഗസയിലെ ആശുപത്രിയിലേക്ക് അയച്ച് ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ചു കൂടെ? എന്ന ചോദ്യത്തിന് ഇത് വളരെ രഹസ്യ സ്വഭാവമുള്ളവിഷയമാണെന്നും യുദ്ധം നടക്കുന്നതിനിടക്ക് ഒരു ടീമിനെ അയക്കുന്നത് പ്രായോഗികമാണെന്ന് താന്‍ കരുതുന്നില്ലെന്നും മാത്യു വാദിച്ചു. എന്നാല്‍ അന്വേഷണത്തിന് റെഡ് ക്രോസ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ തര്‍ക്കിച്ചു.

Content Highlight: mathew miller statement on al shifa hospital