തിരുവനന്തപുരം: വിവാദ പ്രസ്താവനയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. സുധാകരനെ വേട്ടയാടുന്നതിന് പിന്നില്‍ സി.പി.ഐ.എമ്മാണ്. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞു.
സുധാകരനെ വേട്ടയാടുക എന്നത് സി.പി.ഐ.എം അജണ്ടയാണെന്നും കെ.പി.സി.സി പ്രസിഡന്റിനെ പൂര്‍ണമായും പിന്തുണക്കുന്നുവെന്നും കുഴല്‍നാടന്‍ പറഞ്ഞു.
സുധാകരന്റെ പ്രസ്താവനയില്‍ മാധ്യമങ്ങള്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണ്. പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുണ്ടാക്കിയ പ്രതിച്ഛായ ഇല്ലാതാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നു. ഇത് ശരിയായ മാധ്യമ ധര്‍മമാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വിവാദ പ്രസ്താവനകള്‍ കോണ്‍ഗ്രസ് ഗൗരവമായാണ് കാണുന്നതെന്നും നേതാക്കളുടെ ഇടപെടലില്‍ തൃപ്തിയുണ്ടെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു. സാദിഖലി ശിഹാബ് തങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.
കെ. സുധാകരന്‍ തന്നെ ലീഗ് നേതാക്കളുമായി സംസാരിച്ചു. ഘടകകക്ഷികളുടെ വികാരം ഉള്‍ക്കൊള്ളുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള നടപടി കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാവും. യു.ഡി.എഫിന്റെ ഭാഗമായതുകൊണ്ട് ലീഗിന് ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കെ. സുധാകരന്‍ ഹൈക്കമാന്‍ഡിനോട് രാജി സന്നദ്ധത അറിയിച്ചുവെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍
കെ.പി.സി.സി അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചെന്ന വിധത്തില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെ. സുധാകരന്‍ തന്നെ വ്യക്തമാക്കി. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തി.
ജവഹര്‍ലാല്‍ നെഹ്റുവിനെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തിന് പിന്നാലെ, കെ.പി.സി.സിയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്‍ സ്ഥാനമൊഴിയാന്‍ പോകുന്നു എന്നായിരുന്നു ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കെ.പി.സി.സി പ്രസിഡന്റിന്റെ വിവാദ പ്രസ്താവനകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിനുള്ളിലും ലീഗിനുള്ളിലും അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയുമടക്കം സുധാകരന് പിന്തുണയുമായി എത്തിയപ്പോള്‍ കോണ്‍ഗ്രസ് നേതാവ് കെ. മുളീധരന്‍ എം.പി കെ.പി.സി.സി പ്രസിഡന്റിനെ വിമര്‍ശിച്ചുകൊണ്ടാണ് രംഗത്തെത്തിയത്. മുസ്‌ലിം ലീഗ് നേതാവായ എം.കെ. മുനീര്‍ അടക്കമുള്ളവരും കെ. സുധാകരനെതിരെ പരസ്യ വിമര്‍ശനവുമായി എത്തിയിരുന്നു.
ആര്‍.എസ്.എസിന് പോലും അവസരം കൊടുത്ത വിശാല ജനാധിപത്യ ബോധമാണ് ജവഹര്‍ലാല്‍ നെഹ്റുവിന്റേതെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വിവാദ പ്രസ്താവന. പാര്‍ലമെന്റില്‍ ആര്‍.എസ്.എസ്- സി.പി.ഐ.എം നേതാക്കള്‍ക്ക് അവസരം നല്‍കിയ ജനാധിപത്യവാദിയാണ് നെഹ്റുവെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. കണ്ണൂര്‍ ഡി.സി.സി സംഘടിപ്പിച്ച നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ പോലും നെഹ്റു തയ്യാറായി, അംബേദ്കറെയും ശ്യാമപ്രസാദ് മുഖര്‍ജിയെയും ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി, അംഗബലം ഇല്ലാതിരുന്നിട്ട് പോലും എ.കെ.ജിക്ക് പ്രതിപക്ഷ നേതാവിന്റെ പദവി നല്‍കിയതും ഈ ജനാധിപത്യ നിലപാടിന്റെ ഭാഗമായിരുന്നെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.