| Wednesday, 14th October 2020, 4:19 pm

പിതാവിനെ 'കോഴമാണി' യെന്ന് വിളിച്ചവര്‍ക്ക് മുന്നിലാണ് അടിയറവ് വെച്ചിരിക്കുന്നത്; നെറികേടാണ് ജോസ് കെ.മാണി കാണിച്ചതെന്ന് മാത്യു കുഴല്‍നാടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി നിര്‍വാഹക സമിതി അംഗം മാത്യു കുഴല്‍നാടന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.

രാഷ്ട്രീയത്തില്‍ നന്ദികേട് ആകാമെന്നും എന്നാല്‍ ജോസ് കെ.മാണി കാണിച്ചത് നെറികേടാണെന്നും അദ്ദേഹം പറഞ്ഞു.

കെ.എം മാണി എന്ന നേതാവിന്റെ പിന്‍ഗാമിയാവാനുള്ള യോഗ്യത ജോസിനില്ലെന്ന് സ്വയം തെളിയിച്ചിരിക്കുകയാണ്. പിതാവിനെ കോഴ മാണി എന്ന് വിളിച്ചാക്ഷേപിച്ച് വേട്ടയാടിയവര്‍ക്ക് മുന്നിലാണ് അടിയറവ് വച്ചിരിക്കുന്നതെന്നും കുഴല്‍നാടന്‍ പറഞ്ഞു.

രാഷ്ട്രീയ നിലനില്‍പ്പിനു വേണ്ടി ജോസ് ചെയ്യുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ സഹതാപം തോന്നുവെന്നും ഇതില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പലതും പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴ വിഷയത്തില്‍ കോണ്‍ഗ്രസ് കെ. എം. മാണിയെ സംരക്ഷിച്ചില്ല എന്നതാണ് മുന്നണി വിടുന്നതിന് ഒരു കാരണമായി ജോസ് കെ. മാണി പറഞ്ഞത്. വന്ദ്യവയോധികനായിരുന്ന അങ്ങയുടെ പിതാവിനു നേരെ നിയമസഭയില്‍ ഇന്നു താങ്കള്‍ കൈകോര്‍ക്കുന്നവര്‍ ആക്രോശവുമായി വേട്ടപ്പട്ടികളെപ്പോലെ പാഞ്ഞടുത്തപ്പോള്‍ രക്ഷാകവചം തീര്‍ത്തത് കോണ്‍ഗ്രസ്സിന്റെയും യു.ഡി.എഫിന്റെയും എം.എല്‍. എമാരായിരുന്നു എന്നത് താങ്കള്‍ വിസ്മരിച്ചാലും കേരള സമൂഹം വിസ്മരിക്കില്ല- അദ്ദേഹം ഫേസ്ബുക്കിലെഴുതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാഷ്ട്രീയത്തില്‍ നന്ദികേട് ആവാം, പക്ഷേ നെറികേട് ആര്‍ക്കും ഭൂഷണമല്ല..

ബാര്‍ കോഴ വിഷയത്തില്‍ കോണ്‍ഗ്രസ് കെ. എം. മാണിയെ സംരക്ഷിച്ചില്ല എന്നതാണ് മുന്നണി വിടുന്നതിന് ഒരു കാരണമായി ജോസ് കെ. മാണി പറഞ്ഞത്. വന്ദ്യവയോധികനായിരുന്ന അങ്ങയുടെ പിതാവിനു നേരെ നിയമസഭയില്‍ ഇന്നു താങ്കള്‍ കൈകോര്‍ക്കുന്നവര്‍ ആക്രോശവുമായി വേട്ടപ്പട്ടികളെപ്പോലെ പാഞ്ഞടുത്തപ്പോള്‍ രക്ഷാകവചം തീര്‍ത്തത് കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും എം.എല്‍. എമാരായിരുന്നു എന്നത് താങ്കള്‍ വിസ്മരിച്ചാലും കേരള സമൂഹം വിസ്മരിക്കില്ല. അന്നത് രാഷ്ട്രീയ ധാര്‍മികതയുടെയും മുന്നണി മര്യാദയുടെയും പ്രശ്‌നമായിരുന്നു, കോണ്‍ഗ്രസ്സിനെ സംബന്ധിച്ച്. രാഷ്ട്രീയ അഭയത്തിന് വേണ്ടി അവരാണ് ശരിയായ പക്ഷമെന്ന് താങ്കള്‍ പറയുന്നത് കെ. എം. മാണിയുടെ ആത്മാവ് പോലും പൊറുക്കില്ല.

കേരള രാഷ്ട്രീയത്തിലെ വലിയ ഒരു പാരമ്പര്യത്തിന്റെ അന്ത്യകൂദാശയാണ് നടന്നിരിക്കുന്നത്.. കെ.എം മാണി എന്ന നേതാവിന്റെ പിന്‍ഗാമിയാവാനുള്ള യോഗ്യത നിങ്ങള്‍ക്കില്ലെന്നു നിങ്ങള്‍ സ്വയം തെളിയിച്ചിരിക്കുന്നു.

കെ. എം. മാണി എന്ന നേതാവിനെ കോഴ മാണി എന്ന് വിളിച്ചാക്ഷേപിച്ച് അദ്ദേഹത്തെ വേട്ടയാടിയവര്‍ക്ക് മുന്നില്‍ സകലതും അടിയറ വയ്ക്കുമ്പോള്‍ ഒന്നോര്‍ക്കുന്നതു നല്ലത്.. കെ.എം മാണി എന്ന താങ്കളുടെ പിതാവിനെ രാഷ്ട്രീയമായും വ്യക്തിപരമായും ഇത്രയേറെ തളര്‍ത്തിയ ഒരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അതു തെറ്റായി പോയി എന്ന് ഇടതുപക്ഷം തന്നെ പറഞ്ഞിട്ടും, കെ എം മാണിയോട് മാപ്പ് പറയണം എന്ന് പറയാനുള്ള കരുത്തും തന്റേടവും ഒന്നും ജോസ് കെ. മാണി എന്ന നേതാവിനില്ല എന്ന് ഞങ്ങള്‍ക്കറിയാം എന്നാലും കെ എം മാണിയുടെ മകന്‍ എന്ന നിലയ്‌ക്കെങ്കിലും ഒരു വാക്ക് പറയാതിരുന്നത് ആ പിതാവിനോട് ചെയ്ത നെറികേടാണ്. രാഷ്ട്രീയ നിലനില്‍പ്പിനു വേണ്ടി താങ്കള്‍ ചെയ്തു കൂട്ടുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ സഹതാപം മാത്രമേ ഉള്ളു..

കോണ്‍ഗ്രസ്സ് നേതാക്കളും പഠിക്കാനുണ്ട്..

പൂര്‍വികര്‍ പറഞ്ഞ ഒരു കാര്യം ഓര്‍ത്ത് പോകുന്നു.. ‘അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തരുത്..’

ഇനിയും അട്ടകള്‍ അതിലെയും ഇതിലെയും നടക്കുന്നുണ്ട്..

കൂടുതല്‍ പറയുന്നില്ല.. അന്നേ പറഞ്ഞിരുന്നു..

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights:  Mathew  Kuzhalnadan Slams Jose K Mani Decision To Join Ldf

Latest Stories

We use cookies to give you the best possible experience. Learn more