| Sunday, 22nd October 2023, 4:07 pm

പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒളിച്ചോടില്ല: മാത്യു കുഴല്‍നാടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എം.എല്‍.എയുമായ മാത്യു കുഴല്‍നാടന്‍.
താന്‍ ഉന്നയിച്ച കാര്യങ്ങളില്‍ നല്ല ബോധ്യമുണ്ടെന്നും ഒന്നും വിസ്മരിക്കുന്നില്ലെന്നും മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ മാസപ്പടി, ജി.എസ്.ടി എന്നീ കാര്യങ്ങളില്‍ ഉയര്‍ത്തിയ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ തയ്യാറല്ലെന്നും മാത്യു പറഞ്ഞു. ഔദ്യോഗികമായി തനിക്ക് അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും തന്റെ ഭാഗം കൂടി കേട്ടതിനു ശേഷം ധനവകുപ്പ് നടപടികളുമായി മുന്നോട്ട് പോവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവാദങ്ങളുമായി ബന്ധപ്പെട്ട അന്വേക്ഷണങ്ങള്‍ക്ക് ശേഷം മാപ്പ് പറയുന്നതില്‍ ജനങ്ങള്‍ തീരുമാനമെടുക്കട്ടെയെന്നും മാത്യു പറഞ്ഞു.

കേരളം വലിയ രീതിയില്‍ ചര്‍ച്ച ചെയ്ത വിഷയത്തിന്റെ സത്യം എന്താണെന്ന് അറിയാന്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അതുമായി ബന്ധമുള്ള രേഖകള്‍ കൃത്യമായി പഠിച്ചതിന് ശേഷം കൂടുതല്‍ വിശകലനങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വീണ വിജയന്റെ കമ്പനി നികുതി അടച്ചിട്ടുണ്ടെന്ന് തെളിയിക്കുന്ന ഐ.ജി.എസ്.ടി റിപ്പോര്‍ട്ട് വന്നതിന് ശേഷം വീണക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ വീണയോടും കുടുംബത്തോടും മാപ്പ് പറയണമെന്ന് സി.പി.ഐ.എം കേന്ദ്ര സമിതി അംഗമായ എ.കെ. ബാലന്‍ ആവശ്യപ്പെട്ടിരുന്നു. വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയില്‍ ജി.എസ്.ടി വിവരങ്ങള്‍ നല്‍കാനാവില്ലെന്നും എ.കെ. ബാലന്‍ പറഞ്ഞു.

‘ഔപചാരികമായി കത്ത് കൊടുത്താല്‍ അതിന്റെ മറുപടി കേള്‍ക്കുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ വേണം. നുണ പറഞ്ഞു പ്രചരിപ്പിക്കുന്നതിന് ഹോള്‍ സെയില്‍ ഏജന്റുമാരായി യു.ഡി.എഫും കോണ്‍ഗ്രസും മാറിയിട്ടുണ്ട്,’ എ.കെ. ബാലന്‍ പറഞ്ഞു.

വീണയുടെ കമ്പനിയായ എക്‌സാലോജിക്ക് ജി.എസ്.ടി അടച്ചിട്ടുണ്ടോ എന്നറിയാന്‍ മാത്യു ഓഗസ്റ്റ് 19ന് ധനമന്ത്രിക്ക് ഈമെയിലായി കത്തയച്ചിരുന്നു. രണ്ട് മാസത്തിന് ശേഷമാണ് ധനവകുപ്പ് റിപ്പോര്‍ട്ട് നല്‍കുന്നത്.

Content Highlight: Mathew Kuzhalnadan’s reply on the G.S.T controversy

We use cookies to give you the best possible experience. Learn more