| Friday, 1st November 2019, 12:46 pm

'യുവതയെ കൊല്ലരുതേ, യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടിപ്പിക്കൂ നേതൃത്വമേ'; കാമ്പയിന്‍ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് മാത്യു കുഴല്‍നാടന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടന ആവശ്യപ്പെട്ട് കാമ്പയിന്‍ തുടങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ പിന്‍വലിച്ച് പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടന്‍. ‘യുവതയെ കൊല്ലരുതേ, യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടിപ്പിക്കൂ നേതൃത്വമേ’ എന്നെഴുതിയ പ്രൊഫൈല്‍ പിക്ചര്‍ കുഴല്‍നാടന്‍ ഇടുകയും പിന്നീടിതു പിന്‍വലിക്കുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ പിന്നീട് കാമ്പയിന്‍ ഒഴിവാക്കി പ്രൊഫൈല്‍ പിക്ചര്‍ അപ്‌ഡേറ്റ് ചെയ്യുകയുമുണ്ടായി. ഇതിനോടകം തന്നെ ഇതേ കാമ്പയിനുമായി ഒട്ടേറെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

യൂത്ത് കോണ്‍ഗ്രസ് നേതൃത്വം രണ്ടാഴ്ചയ്ക്കുള്ളില്‍ പുനഃസംഘടിപ്പിക്കുമെന്നു സംസ്ഥാനാധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് എം.പി വ്യക്തമാക്കിയിരുന്നു. സംഘടനയ്ക്കുള്ളില്‍ത്തന്നെ പ്രതിഷേധം രൂക്ഷമായപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി ഇന്നു രംഗത്തെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തേതന്നെ കുഴല്‍നാടന്‍ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതാണ്. ഏഴുവര്‍ഷമായി സംഘടനയില്‍ പുനഃസംഘടന നടത്താത്തത് ഒരു തലമുറയോടു കാണിക്കുന്ന വലിയ അനീതിയാണെന്ന് കുഴല്‍നാടന്‍ പറഞ്ഞിരുന്നു. ഡീനിനും സി.ആര്‍ മഹേഷിനുമായി എഴുതിയ തുറന്ന കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങള്‍ രാജിവെയ്ക്കാന്‍ തയ്യാറാണെന്ന പതിവു പ്രതികരണം വേണ്ട. കോണ്‍ഗ്രസ് നേതാക്കള്‍ ചെയ്യാത്തതു കൊണ്ടാണെന്ന ന്യായീകരണവും സ്വീകാര്യമല്ല. കാരണം, അവര്‍ക്ക് ഇക്കാര്യത്തോടുള്ള സമീപനം നമുക്കുതന്നെ നന്നായി അറിവുള്ളതാണല്ലോ.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജിവെച്ചാല്‍ സംഘടനയ്ക്കും പാര്‍ട്ടിക്കും വലിയ കുഴപ്പമുണ്ടാകുമെന്നു പറയുന്നവരോട്, രാഹുല്‍ ഗാന്ധി രാജിവെച്ച് ഉണ്ടാവാത്ത ക്ഷീണമൊന്നും ഇനിയുണ്ടാവാന്‍ പോകുന്നില്ലെന്നു പറയണം.’- കുഴല്‍നാടന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more