തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണക്കെതിരായ മാസപ്പടി ആരോപണത്തില്‍ കോടതിയില്‍ നിലാപാട് മാറ്റി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. വിഷയത്തില്‍ വിജിലന്‍സ് കേസെടുക്കണമെന്ന ആവശ്യം കോടതിയില്‍ എത്തിയപ്പോള്‍ കുഴല്‍നാടന്‍ തിരുത്തി. പകരം കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് അന്വേഷിച്ചാല്‍ മതിയെന്നാണ് മാത്യു കുഴല്‍നാടന്‍ പറഞ്ഞത്.
കേസില്‍ ഇന്ന് കോടതി വിധി പറയാനിരിക്കെയാണ് മാത്യു കുഴല്‍നാടന്റെ നിലപാട് മാറ്റം. ഏതെങ്കിലും ഒരു കാര്യത്തില്‍ ഉറച്ച് നില്‍ക്കണമെന്നാണ് കോടതി ഇതിന് മറുപടി നല്‍കിയത്. കേസ് വിധി പറയുന്നതിനായി മെയ് 12ലേക്ക് മാറ്റി. മാസപ്പടിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ വിജിലന്‍സ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാത്യു കുഴല്‍നാടന്‍ കോടതിയെ സമീപിച്ചത്.
വിജിലന്‍സിന്റെ വിശ്വാസ്യത സംബന്ധിച്ച പ്രശ്‌നങ്ങളാണ് കോടതി അന്വേഷണം മതിയെന്ന ആവശ്യത്തിന് കാരണമായി അദ്ദേഹം നല്‍കിയ വിശദീകരണം. കോടതി കേസെടുക്കണമെന്ന മാത്യു കുഴൽനാടന്റെ ആവശ്യം കൂടെ പരിഗണിച്ചായിരിക്കും 12ന് ഹരജിയില്‍ വിധി പറയുക.
മാസപ്പടിയില്‍ കേസെടുക്കാന്‍ തെളിവുകളുടെ അഭാവം ഉണ്ടെന്ന് വിജിലന്‍സ് ഇതിന് മുമ്പ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രാഥമിക അന്വേഷണം നടത്താന്‍ പോലും തെളിവ് വേണമെന്ന് വിജിലന്‍സ് വ്യക്തമാക്കിയിരുന്നു.
കരിമണല്‍ ഖനനത്തിനായി സി.എം.ആര്‍.എല്ലിന് അനുമതി നല്‍കിയതിന് പിന്നാലെ വീണക്ക് മാസപ്പടി ലഭിച്ചുവെന്നായിരുന്നു ഹരജിയിലെ പ്രധാന ആരോപണം. ഇതിന് തെളിവായി മാത്യു നല്‍കിയത് ആദായനികുതി സെറ്റില്‍മെന്റിന്റെ ഉത്തരവാണ്. വിഷയം വിജിലന്‍സിന്റെ പരിതിയില്‍ വരില്ലെന്ന് സംസ്ഥാന സര്‍ക്കാരും നിലപാട് എടുത്തിരുന്നു.
Content Highlight: mathew kuzhalnadan against veena vijayan in court