കോട്ടയം: ടി. വീണയുടെ എക്‌സാലോജിക് കമ്പനി നികുതിവെട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. രണ്ട് കമ്പനികള്‍ തമ്മിലുള്ള സേവനത്തിന്റെ ഭാഗമായിട്ടുള്ള പണമാണ് വീണയുടെ കമ്പനിക്ക് ലഭിച്ചത് എന്നായിരുന്നു സി.പി.ഐ.എം പറഞ്ഞിരുന്നത്. അത്തരം സേവനങ്ങളാണ് കിട്ടിയതെങ്കില്‍ ഐ.ജി.എസ്.ടിയായി കമ്പനി തുക നല്‍കേണ്ടതുണ്ട്. എന്നാല്‍ ഈ ഐ.ജി.എസ്.ടി വീണ അടച്ചിട്ടില്ലെന്നാണ് മാത്യു കുഴല്‍നാടന്‍ ആരോപിക്കുന്നത്.
1.72 കോടി രൂപ സേവനത്തിന് നല്‍കിയതാണെങ്കില്‍ എന്തുകൊണ്ടാണ് ഐ.ജി.എസ്.ടി അടച്ചില്ലെന്ന് കുഴല്‍നാടന്‍ ചോദിച്ചു. 30 ലക്ഷം രൂപ വീണ ഐ.ജി.എസ്.ടി അടക്കേണ്ടതുണ്ട്. എന്നാല്‍ ആറ് ലക്ഷം രൂപ മാത്രം നികുതി അടച്ചിട്ടുള്ളൂവെന്നാണ് വീണയുടെ കമ്പനിയുടെ രേഖകളില്‍ നിന്ന് തന്നെ വ്യക്തമാകുന്നത്. ഇത്തരത്തില്‍ 30 ലക്ഷം രൂപ വീണ നികുതി വെട്ടിപ്പ് നടത്തിയെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. നികുതി വെട്ടിപ്പിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് പരാതിയും നല്‍കിയിട്ടുണ്ട്.
വീണ നടത്തുന്ന കമ്പനിയിലേക്ക് സി.എം.ആര്‍.എല്ലിന്റെ ഉടമയായ കര്‍ത്തയുടെ ഭാര്യയുടെ നേതൃത്വത്തിലുള്ള കമ്പനിയില്‍ നിന്നും പല ഘട്ടങ്ങളിലായി പണം വന്നിട്ടുണ്ടെന്നും മാത്യു പറഞ്ഞു. പല സാമ്പത്തിക വര്‍ഷങ്ങളിലായി 36 ലക്ഷം രൂപയാണ് വീണയുടെ കമ്പനിയിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കൊക്കെ ഞാന്‍ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ സമയം വരെ ഞാന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇതുവരെ ആരും മറുപടി പറഞ്ഞിട്ടില്ല. 2014-15 ലാണ് വീണയുടെ കമ്പനി തുടങ്ങിയത്, ഇക്കാലയളവില്‍ അവര്‍ക്ക് വരുമാനമൊന്നും ഉണ്ടായിരുന്നില്ല. ഏകദേശം 1,39,350 രൂപ ചെലവുണ്ടായിരുന്നു. 2015-16 കാലയളവില്‍ 25 ലക്ഷം രൂപ വരവുണ്ടായി. 70 ലക്ഷം രൂപ ചെലവുണ്ടായി. അങ്ങനെ നഷ്ടം 44,8143 രൂപയാണ്. 2019-20ല്‍ 17 ലക്ഷം രൂപയാണ് നഷ്ടം ഉണ്ടായത്.
എം.എം.ആര്‍.എല്‍ കമ്പനിയില്‍ നിന്നും 1.72 കോടി രൂപ വാങ്ങി. ഇതിന് പുറമേ 42 ലക്ഷം രൂപ കൂടി വാങ്ങിയതായി രേഖയുണ്ട്. വീണയുടെ കമ്പനി വിദേശനാണ്യം സ്വീകരിച്ചതായി ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. ഇന്‍കം ടാക്‌സ് റിട്ടേണില്‍ നിന്നും ഇക്കാര്യം മറച്ചുവെച്ചുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ആറ് ലക്ഷം രൂപ മാത്രമാണ് നികുതി അടച്ചിട്ടുള്ളത്. 1.72 കോടി രൂപ വാങ്ങിയത് കരാര്‍ അനുസരിച്ചാണെങ്കില്‍ അതിന് നികുതി അടച്ചിട്ടുണ്ടോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.
Content Highlights: Mathew Kuzhalnadan against veena vijayan