'കേരളത്തില്‍ നടക്കുന്നത് ആസൂത്രിത കൊള്ള; വീണ കെ.എം.ആര്‍.എല്ലില്‍ നിന്നും 1.72 കോടിയിലധികം രൂപ കൈപ്പറ്റി'
കോട്ടയം: മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണക്കെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. കരിമണല്‍ കമ്പനിയായ കെ.എം.ആര്‍.എല്ലില്‍ നിന്നും ടി.വീണ 1.72 കോടിയിലധികം രൂപ കൈപറ്റിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപന വത്കരിക്കപ്പെട്ട അഴിമതിയുമാണെന്നും കുഴല്‍നാടന്‍ വിമര്‍ശിച്ചു.
‘കേരളത്തില്‍ നടക്കുന്നത് ആസൂത്രിതമായ കൊള്ളയും സ്ഥാപനവത്കരിക്കപ്പെട്ട അഴിമതിയുമാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഏത് കുറ്റകൃത്യം ചെയ്താലും തെളിവിനുള്ള ഒരു നൂല് ബാക്കിയുണ്ടാകുമെന്ന് പറയും. ആ നിലയ്ക്കാണ് യഥാര്‍ത്ഥത്തില്‍ കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്ലില്‍ ഉണ്ടായിരുന്ന തെറ്റായ കാര്യങ്ങളെ കുറിച്ചുള്ള കള്ളക്കണക്കുകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുകയും അതിന്റെ ഭാഗമായി റെയ്ഡ് നടക്കുകയും ചെയ്തത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ കാര്യങ്ങളാണ് നമുക്ക് മുന്നിലുള്ളത്. നിങ്ങളാരും വിചാരിക്കുന്ന തരത്തിലുള്ള ട്രാന്‍സാക്ഷനല്ല ഇവിടെ നടന്നിട്ടുള്ളത്. ഇപ്പോള്‍ നമ്മള്‍ ഒരു കമ്പനിയെ കുറിച്ചാണ് പറഞ്ഞത്. 1.72 കോടി വാങ്ങിച്ചു എന്നുള്ളതാകും നിങ്ങള്‍ക്ക് മുന്‍പിലുണ്ടാകുക. എന്നാല്‍ ഇതിലും എത്രയോ കൂടുതല്‍ പണമാണ് വീണ കൈപ്പറ്റിയിട്ടുള്ളത്,’ അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയുന്നില്ലെന്നും 1.72 കോടി രൂപ മാത്രമേ വീണ കൈപറ്റിയിട്ടുവെന്നത് അവര്‍ക്ക് പറയാനാകുമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.
‘കഴിഞ്ഞ രണ്ട് ദിവസമായി സി.പി.ഐ.എം നേതാക്കന്മാര്‍ വെല്ലുവിളിച്ചെങ്കിലും എന്താണ് അക്കൗണ്ടും രേഖകളും പുറത്ത് വിടാത്തത്. ഞാന്‍ ആദ്യം മുതല്‍ ചോദിച്ചു വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കുമോയെന്ന്. വീണക്ക് ഒരു ജി.എസ്.ടി അക്കൗണ്ടുണ്ട്, എക്‌സാലോജിക്കിന് മറ്റൊരു ജി.എസ്.ടി അക്കൗണ്ടുണ്ട്. വീണയുടെ ജി.എസ്.ടി അക്കൗണ്ടിലേക്ക് കരിമണല്‍ കമ്പനിയുടെ ഭാഗമായി മാത്രം പറയപ്പെടുന്ന തുകയുടെ രണ്ടിരട്ടി തുക വന്നിട്ടുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഇതില്ലെങ്കില്‍ ഇല്ലെന്ന് പറയാന്‍ തയ്യാറാകണം. സി.പി.ഐ.എം ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയുന്നില്ല. ഐ.ടി കണ്‍സള്‍ട്ടന്‍സി എന്ന നിലയില്‍ കമ്പനി കൊടുത്തതാണെന്നാണ് സി.പി.ഐ.എം പറയുന്നത്. നിങ്ങള്‍ക്ക് അടിവരയിട്ട് പറയാന്‍ പറ്റുമോ ഈ തുക മാത്രമേ വീണക്ക് കരിമണല്‍ കമ്പനിയില്‍ നിന്നും ലഭിച്ചിട്ടുള്ളൂവെന്ന്. ഇത് ഒരു കമ്പനിയാണെങ്കില്‍ ഇത് പോലെ എത്ര കമ്പനികളില്‍ നിന്ന് എത്ര സ്ഥാപനങ്ങളില്‍ നിന്നാണ് പണം കൈപറ്റിയിട്ടുള്ളത്,’ മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
Content Highlights: Mathew kuzhalnadan against Veena