തിരുവനന്തപുരം: കിഫ്ബിക്കെതിരെ ഒരു ആര്‍.എസ്.എസ് നേതാവിനോടും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി മാത്യൂ കുഴല്‍നാടന്‍. കേസില്‍ കക്ഷിയെകണ്ടിരുന്നില്ലെന്നും ഇനി കണ്ടിരുന്നെങ്കിലും ഈ കേസ് താന്‍ ഏറ്റെടുക്കുന്നതില്‍ നിന്നും പിന്മാറില്ലായിരുന്നുവെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.
‘കേരളത്തിന്റെ സമൂഹത്തിന്റെ പൊതു നന്മയ്ക്കായാണ് അത് ചെയ്യുന്നത്. അതു കൊണ്ട് അതില്‍ നിയമപരമായോ സാങ്കേതികമായോ, പ്രൊഫഷണല്‍ എത്തിക്‌സിന്റെ ഭാഗമായോ ഒരു തെറ്റുമില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
കക്ഷിയെ കണ്ടിട്ടില്ല, കക്ഷിയെ കണ്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ ബാക്ക്ഗ്രൗണ്ട് ഇതാണെന്ന് അറിഞ്ഞിരുന്നെങ്കിലും ഈ കേസിന്റെ വക്കാലത്ത് ഞാന്‍ ഏറ്റെടുക്കുമായിരുന്നു,’ മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
ഏതെങ്കിലും ബി.ജെ.പി സംഘപരിവാര്‍ ആര്‍.എസ്.എസ് നേതാക്കളുമായോ പ്രവര്‍ത്തകരുമായോ ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ട് എന്നതിന് ഒരു തെളിവ് കയ്യിലുണ്ടെങ്കില്‍ അത് പുറത്ത് വിടണം. തെളിവ് പുറത്ത് വിട്ടാല്‍ താന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വെക്കുമെന്നും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും തോമസ് ഐസക്കിനെ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി പ്രവര്‍ത്തിക്കുന്നത് ഭരണഘടനാ വിരുദ്ധമായിട്ടല്ല, പകരം കിഫ്ബി മസാല ബോണ്ട് ഇഷ്യൂ ചെയ്തത് ഭരണഘടനാ വിരുദ്ധമായിട്ടാണെന്നാണ് താന്‍ പറഞ്ഞതെന്നും മാത്യു കുഴല്‍നാടന്‍ ധനമന്ത്രിക്ക് മറുപടിയായി പറഞ്ഞു.
റിസര്‍വ് ബാങ്കിന്റെ അനുമതിയോടുകൂടിയാണ് കിഫ്ബിയുടെ വായ്പയെന്ന് അദ്ദേഹം പലതവണ പറഞ്ഞിട്ടുണ്ട്. ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരം വരും ദിവസം പുറത്തുവിടുമെന്നും മാത്യൂ കുഴല്‍ നാടന്‍ പറഞ്ഞു. ജൂണ്‍ ഒന്നിന് റിസര്‍വ് ബാങ്ക് നല്‍കിയത് എന്‍.ഒ.സി മാത്രമാണെന്നും അനുമതി ലഭിച്ചു എന്ന് കാണിക്കുന്ന രേഖ ധനമന്ത്രി പുറത്ത് വിടുമെന്നും കുഴല്‍നാടന്‍ പറഞ്ഞു.
രാമനിലയത്തില്‍ വെച്ച് ആര്‍.എസ്.എസ് നേതാവ് റാം മാധവുമായി കിഫ്ബിയെക്കുറിച്ച് ചര്‍ച്ച നടത്തിയെന്നായിരുന്നു ധനമന്ത്രിയുടെ ആരോപണം. കിഫ്ബിക്കെതിരായി ഇപ്പോഴുയരുന്ന വിവാദങ്ങള്‍ക്ക് കാരണം റാം മാധവാണെന്നും മാത്യു കുഴല്‍ നാടന്‍ ആര്‍.എസ്.എസുകാരുടെ വക്കാലത്ത് പിടിച്ചെന്നും തോമസ് ഐസക്ക് പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Mathew Kuzhalnadan Against Thomas Issac in KIIFB